'രണ്ടുവർഷം മുൻപ് മലയാളിയുടെ ദുരൂഹമരണം, ബ്യൂട്ടി പാർലറിനകത്തെ അനാശാസ്യവും റെയിഡും'; താനൂർ സംഭവത്തിൽ മുംബൈയിലെ പാർലറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സന്ദീപ് വാര്യർ
text_fieldsകോഴിക്കോട്: താനൂരിൽ പെൺകുട്ടികൾ നാടുവിട്ട സംഭവത്തിൽ മുംബൈയിലെ ബ്യൂട്ടിപാർലറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.
ഏതാനും വർഷം മുൻപ് ഈ സ്ഥാപനത്തിൽ മുംബൈ പൊലീസ് റെയ്ഡ് നടത്തിയതായും നിരവധി മലയാളി പെൺകുട്ടികളെ അടക്കം അനാശാസ്യത്തിന് പിടികൂടിയതായും വാർത്തയുണ്ടായിരുന്നുവെന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പാലാരിവട്ടംകാരനായ ഒരു പ്രിൻസ് എന്നയാളുടെ പേരിലുള്ളതാണ് ഈ സ്ഥാപനം. കേരള പൊലീസ് മുംബൈ പൊലീസുമായി ബന്ധപ്പെട്ട് ഈ വിവരങ്ങൾ അന്വേഷിക്കണമെന്നും ഭാഗ്യം കൊണ്ടുമാത്രമാണ് കുട്ടികൾ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറയുന്നു.
രണ്ട് വർഷം മുംബൈയിൽ മലയാളി ദുരൂഹ സാഹചര്യത്തിൽ മരിച്ചുവെന്നും മൃതദേഹം നാട്ടിൽ കൊണ്ടുവരാതെ അവിടെത്തന്നെ അടക്കിയതായും മുംബൈ മലയാളികളിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇതെല്ലാം ചേർത്ത് അന്വേഷണം നടത്തണമെന്നാണ് സന്ദീപ് വാര്യർ ആവശ്യപ്പെടുന്നത്.
അതേസമയം, നാടുവിട്ട് മഹാരാഷ്ട്രയിലെ പുണെയിൽ കണ്ടെത്തിയ പെൺകുട്ടികളെ തിരിച്ചെത്തിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് പൊലീസ് സംഘത്തിനൊപ്പം തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയ പെൺകുട്ടികളെ സ്വീകരിക്കാൻ മാതാപിതാക്കളും സഹോദരങ്ങളും എത്തിയിരുന്നു. കണ്ണീരോടെയാണ് മാതാപിതാക്കൾ മക്കളെ സ്വീകരിച്ചത്. നേരത്തെ കുട്ടികളുമായി മാതാപിതാക്കൾ വീഡിയോ കോളിൽ സംസാരിച്ചിരുന്നു. പെൺകുട്ടികളുടെ മൊഴിയെടുക്കുകയാണ്. തുടർന്ന് സി.ഡബ്ല്യു.സിയിൽ ഹാജരാക്കും.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മുംബൈയിലെ പാർലർ ഉടമ പാലാരിവട്ടംകാരനായ ഒരു പ്രിൻസ് ആണെന്ന് വിവരം ലഭിച്ചു. ഏതാനും വർഷം മുൻപ് ഈ സ്ഥാപനത്തിൽ ( അന്നതിന് വേറെ പേരായിരുന്നു) മുംബൈ പോലീസ് റെയ്ഡ് നടത്തിയതായും നിരവധി മലയാളി പെൺകുട്ടികളെ അടക്കം അനാശാസ്യത്തിന് പിടികൂടിയതായും അന്ന് മനോരമയുടെ മുംബൈ എഡിഷനിൽ ഇത് വാർത്തയായി വന്നിരുന്നതായും ആ പ്രദേശത്തുള്ള മലയാളികൾ അറിയിച്ചു.
ഇക്കാര്യം സംബന്ധിച്ച് ഇന്ന് മാതൃഭൂമിയിൽ മാതു ചെറുതായി ഒന്ന് സൂചിപ്പിച്ചപ്പോൾ തന്നെ ചർച്ചയിൽ പങ്കെടുത്തു കൊണ്ടിരുന്ന പാർലർ ഉടമയുടെ മുഖം വിറളി വെളുത്തുതായി കാണാൻ സാധിച്ചു. കേരള പോലീസ് മുംബൈ പോലീസുമായി ബന്ധപ്പെട്ട് ഈ വിവരങ്ങൾ അന്വേഷിക്കണം. ഒന്ന് രണ്ട് വർഷം മുൻപ് ഇവിടെ ഒരു മലയാളിയുടെ ദുരൂഹമരണം നടന്നതായും മൃതദേഹം നാട്ടിൽ കൊണ്ടുവരാതെ അവിടെത്തന്നെ അടക്കിയതായും മുംബൈ മലയാളികളിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇതെല്ലാം അന്വേഷണ വിധേയമാക്കണം.
നാളെ നമ്മുടെ ഒരു പെൺകുട്ടിക്കും ഈ അവസ്ഥ വന്നുകൂടാ. അതുകൊണ്ടുതന്നെ ശക്തമായ അന്വേഷണം ഇക്കാര്യത്തിൽ ആവശ്യമുണ്ട്. ഇവിടെ നിന്നും പെൺകുട്ടികളെ കൊണ്ടുപോയവന്റെ പങ്കും അന്വേഷിക്കപ്പെടണം.
രക്ഷിതാക്കളെ കുറ്റം പറഞ്ഞ് ഈ വിഷയം വഴി തിരിച്ചുവിടാൻ പലരും ശ്രമിക്കുന്നുണ്ട്. അവരുടെ ഭാഗ്യം കൊണ്ടാണ് പൊന്നുമക്കൾക്ക് ഒരു പോറൽ പോലുമേൽക്കാതെ തിരികെ ലഭിച്ചത്. ഈ വിഷയത്തിൽ പൂർണ്ണമായും രക്ഷിതാക്കൾക്കൊപ്പമാണ്. ആ പാവങ്ങളെ ഇതിൽ കുറ്റപ്പെടുത്തേണ്ടതില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.