‘എവിടെ നിന്നോ പണം വന്നു എവിടേക്കോ പോയി’; കൊടകര ഹവാല കേസിൽ സന്ദീപ് വാര്യർ
text_fieldsകോഴിക്കോട്: ബി.ജെ.പിക്ക് ക്ലീൻ ചിറ്റ് നൽകി കൊടകര ഹവാല പണമിടപാട് കേസിൽ ഇ.ഡി കുറ്റപത്രം സമർപ്പിച്ചതിനോട് പ്രതികരിച്ച് കെ.പി.സി.സി വക്താവ് സന്ദീപ് വാര്യർ. എവിടെ നിന്നോ പണം വന്നു എവിടേക്കോ പോയെന്ന് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
കരിവന്നൂരും ലൈഫ് മിഷനും സ്വർണക്കടത്തും മാസപ്പടിയും ഒക്കെ ഇതുപോലെ അപ്രത്യക്ഷമാകുമെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റ്
അങ്ങനെ കൊടകര കേസ് ഖുദാഗവ. എവിടെ നിന്നോ പണം വന്നു എവിടേക്കോ പോയി. ഇഡിക്ക് അറിയാൻ പാടില്ല. കേരള പോലീസിന് ഒട്ടുമേ അറിയില്ല. കരിവന്നൂരും ലൈഫ് മിഷനും സ്വർണ്ണക്കടത്തും മാസപ്പടിയും ഒക്കെ ഇതുപോലെ അപ്രത്യക്ഷമാകും. പുതിയ എ.കെ.ജി സെന്‍ററിന് കാവി നിറം അടിച്ചത് വെറുതെയാണോ? ചുവപ്പു നരച്ചാൽ കാവി.
ഇന്നലെയാണ് ബി.ജെ.പിക്ക് ക്ലീൻ ചിറ്റ് നൽകി കൊടകര ഹവാല പണമിടപാട് കേസിൽ ഇ.ഡി കുറ്റപത്രം സമർപ്പിച്ചത്. കൊച്ചിയിലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമുള്ള പ്രത്യേക (പി.എം.എൽ.എ) കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ 23 പ്രതികളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരിൽ ആർക്കും ബി.ജെ.പിയുമായി നേരിട്ട് ബന്ധമില്ല. പ്രധാന പ്രതികളിൽ മോഷ്ടിച്ച പണം അയച്ചതായി ആരോപിക്കപ്പെടുന്ന ധർമരാജ്, അദ്ദേഹത്തിന്‍റെ ഡ്രൈവർ ഷംജീർ, കൊള്ളയിൽ ബന്ധപ്പെട്ടവർ എന്നിവരും ഉൾപ്പെടുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പിയാണ് പണം കൊണ്ടുവന്നതെന്ന പൊലീസ് അന്വേഷണത്തിന് വിരുദ്ധമാണ് ഇ.ഡിയുടെ കണ്ടെത്തലുകൾ. ആലപ്പുഴയിൽ ഒരു വസ്തു വാങ്ങുന്നതിന് ധർമരാജ് തന്റെ ഡ്രൈവർ ഷംജീറിന് നൽകിയ 3.56 കോടി രൂപ കൊടകരയിൽ കൊള്ളയടിച്ചതായി ഇ.ഡി പറഞ്ഞു. പണത്തിന്റെ ഉറവിടം തെളിയിക്കുന്ന രേഖകൾ ധർമരാജ് സമർപ്പിച്ചിരുന്നു. പൊലീസ് തിരിച്ചറിഞ്ഞ മോഷ്ടിച്ച തുകക്ക് പുറമെ, ധർമരാജിന്റെ മൂന്നുലക്ഷം രൂപയും എട്ടുലക്ഷം രൂപയുടെ സ്വത്തുക്കളും ഇ.ഡി പിടിച്ചെടുത്തു.
കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്നു ദിവസം മുമ്പ്, 2021 ഏപ്രിൽ നാലിന് ദേശീയപാതയിൽ കൊടകരക്ക് അടുത്തുവെച്ച് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉദ്ദേശിച്ചിരുന്ന ഹവാല പണം കൊള്ളയടിക്കപ്പെട്ടുവെന്ന ആരോപണത്തെ ചുറ്റിപ്പറ്റിയാണ് കേസ്. അനധികൃത ഫണ്ട് പാർട്ടി ഓഫിസിൽ എത്തിച്ചതായി ബി.ജെ.പിയുടെ മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷും വെളിപ്പെടുത്തിയിരുന്നു. ഇതേതുടർന്ന് പൊലീസ് കൂടുതൽ അന്വേഷണം നടത്തിയിരുന്നു.
കൊടകരയിൽ കൊള്ളയടിച്ച പണം സംസ്ഥാനത്തെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്നതാണെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ. കവർച്ചയെക്കുറിച്ച അന്വേഷണത്തിനിടെ ശേഖരിച്ച ഒന്നിലധികം മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. പണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് ധർമരാജ് നേരത്തേ പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി) അറിയിച്ചിരുന്നു.
2021 ജൂലൈയിൽ, ഇരിങ്ങാലക്കുടയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഇതേ 23 പ്രതികൾക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന് പങ്കുണ്ടെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. എന്നാൽ, തെളിവ് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.