‘വെറുപ്പിന്റെ പ്രത്യയശാസ്ത്രം തള്ളിപ്പറയുന്നവർ അനാഥമാകില്ല’; ബി.ജെ.പിയിലെ അസംതൃപ്തരെ കോൺഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യർ
text_fieldsകോഴിക്കോട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിലേറ്റ തോൽവിയിൽ ബി.ജെ.പിയിൽ അസ്വാരസ്യങ്ങൾ ഉയർന്നെന്ന അഭ്യൂഹത്തിനു പിന്നാലെ അസംതൃപ്തരെ കോൺഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യർ. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തെ തള്ളിപ്പറഞ്ഞ് മതനിരപേക്ഷതയുടെ ഭാഗമാവാൻ സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാകില്ലെന്ന് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു. പാലക്കാട്ടെ സ്ഥാനാർഥി നിർണയത്തിലും തോൽവിക്കു ശേഷം നേതൃത്വത്തിനെതിരെയും വിമത സ്വരം ഉയർന്ന പശ്ചാത്തലത്തിലാണ് സന്ദീപിന്റെ ഫേസ്ബുക് പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്.
“വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തെ പൂർണമായും തള്ളിപ്പറഞ്ഞ് മതനിരപേക്ഷതയുടെ ഭാഗമാവാൻ, കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടാൻ സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല. ഇതുറപ്പാണ്” -ഫേസ്ബുക് പോസ്റ്റിൽ സന്ദീപ് പറഞ്ഞു. ബി.ജെ.പിയിൽ നിന്ന് രാജിവെച്ച വയനാട് ജില്ല മുൻ അധ്യക്ഷൻ കെ.പി. മധുവിനെ സന്ദീപ് കോൺഗ്രസിലേക്ക് ക്ഷണിച്ചിരുന്നു. നേരത്തെ ബി.ജെ.പിയിൽ സന്ദീപ് വാര്യർക്ക് വയനാടിന്റെ ചുമതലയുണ്ടായിരുന്നു. ഈ ആത്മബന്ധം കൂടി കണക്കിലെടുത്താണ് മധുവുമായി സന്ദീപ് ചർച്ച നടത്തുന്നത്.
ഇടത്, വലത് മുന്നണികളിൽ നിന്നുള്ളവർ മധുവുമായി ഇതിനകം ചർച്ച നടത്തി കഴിഞ്ഞു. പൊതുപ്രവർത്തന രംഗത്ത് സജീവമാകാൻ തന്നെയാണ് മധുവിന്റെ തീരുമാനം. സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് കോൺഗ്രസിലേക്ക് മാറുന്ന സാഹചര്യത്തിൽ താനുമായി ചർച്ച നടത്തിയെന്നും അന്ന് നിരുത്സാഹപ്പെടുത്താനാണ് ശ്രമിച്ചതെന്ന് മധു മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിയിൽ ഗ്രൂപ് കളികൾ മാത്രമാണ് നടക്കുന്നത്. അഭിപ്രായവ്യത്യാസമുള്ളവരെ കേൾക്കാൻപോലും നേതൃത്വം തയാറാകുന്നില്ല. ഒമ്പതു മാസംമുമ്പാണ് മധുവിനെ സ്ഥാനത്തുനിന്ന് നീക്കിയത്. വന്യജീവി ആക്രമണത്തിനെതിരായ പ്രതിഷേധത്തിനിടെ പുൽപള്ളിയിലുണ്ടായ സംഘര്ഷവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയെ തുടർന്നാണിത്.
അതേസമയം ബി.ജെ.പി സംസ്ഥാന അധ്യക്ഷ്യ പദവിയിൽനിന്ന് കെ.സുരേന്ദ്രനെ മാറ്റേണ്ടതില്ല എന്ന നിലപാടാണ് കേന്ദ്രനേതൃത്വത്തിന്റെ താരുമാനം. നിയമസഭാ തെരഞ്ഞെടുപ്പു വരെ സുരേന്ദ്രൻ ചുമതലയിൽ തുടരട്ടെയെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചതായാണ് വിവരം. ആർ.എസ്.എസിൽനിന്ന് സുരേന്ദ്രനെതിരെ അഭിപ്രായമില്ല എന്നതും അധ്യക്ഷ സ്ഥാനത്ത് തുടരാമെന്ന തീരുമാനത്തിനു പിന്നിലുണ്ട്. പാലക്കാട്ടെ തോൽവി അംഗീകരിച്ച് സുരേന്ദ്രൻ നൽകിയ റിപ്പോർട്ട് നേതൃത്വം അംഗീകരിച്ചു. രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും അത്തരം നടപടികളിലേക്ക് ഇപ്പോൾ നീങ്ങേണ്ടതില്ല എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.