കരോൾ മുടക്കാൻ ശിവക്ഷേത്രമെന്ന് സംഘപരിവാർ അവകാശപ്പെടുന്ന പാലയൂർ പള്ളി തന്നെ പിണറായി സർക്കാർ തെരഞ്ഞെടുത്തത് ആരെ സന്തോഷിപ്പിക്കാൻ? -സന്ദീപ് വാര്യർ
text_fieldsപാലക്കാട്: പാലയൂർ സെൻറ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥ കേന്ദ്രത്തിൽ ക്രിസ്മസ് കരോൾ പാടുന്നത് പൊലീസ് വിലക്കിയതിനെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ആരെ സന്തോഷിപ്പിക്കാനാണ് പാലയൂർ പള്ളി തന്നെ പിണറായി സർക്കാർ തെരഞ്ഞെടുത്തത്? പാലയൂർ ക്രൈസ്തവ ദേവാലയം ശിവക്ഷേത്രമായിരുന്നു എന്നാണ് സംഘപരിവാർ അവകാശവാദം. കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള ബി.ജെ.പി സംഘപരിവാർ തന്ത്രത്തിന് പിണറായി സർക്കാർ തന്നെ കൂട്ട് നിൽക്കുകയാണ് -അദ്ദേഹം പറഞ്ഞു.
തൃശൂർ പാലയൂർ സെൻറ് തോമസ് തീർഥാടന കേന്ദ്രത്തിൽ ഇന്നലെയാണ് ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്ന് പറഞ്ഞ് ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയത്. പള്ളി അങ്കണത്തിൽ രാത്രി ഒൻപതോടെ തുടങ്ങാനിരുന്ന കരോൾ ഗാനം പാടാൻ പൊലീസ് അനുവദിച്ചില്ല. പള്ളി മുറ്റത്തെ വേദിയിലൊരുക്കിയ നക്ഷത്രങ്ങൾ ഉൾപ്പെടെ തൂക്കിയെറിയുമെന്ന് ചാവക്കാട് എസ്ഐ വിജിത്ത് ഭീഷണിപ്പെടുത്തിയതായി ട്രസ്റ്റി അംഗങ്ങൾ പറഞ്ഞു.
സിറോ മലബാർ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ പള്ളിയിൽ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു പൊലീസ് നടപടി. അതിനിടെ, വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കമ്മിറ്റിക്കാർ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഫോണിൽ വിളിച്ചു. എസ്ഐക്കു ഫോൺ നൽകാൻ സുരേഷ് ഗോപി പറഞ്ഞെങ്കിലും എസ്.ഐ സംസാരിക്കാൻ കൂട്ടാക്കിയില്ലത്രേ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സുരേഷ് ഗോപി വിളിച്ചെങ്കിലും ഗാനാലാപനത്തിന് പൊലീസ് അനുമതി നൽകാൻ തയാറായില്ല. പള്ളിയുടെ ചരിത്രത്തിൽ ആദ്യമായാണ് കാരൾ ഗാനം മുടങ്ങുന്നതെന്നും പരാതി നൽകുമെന്നും ട്രസ്റ്റി അംഗങ്ങൾ പറഞ്ഞു. പള്ളിമുറ്റത്ത് കൊടിമരത്തിന് സമീപം ചെറിയ വേദിയൊരുക്കി അതിന് മുകളിലാണ് കരോൾ പാടാൻ സജ്ജമാക്കിയിരുന്നത്. പള്ളിയങ്കണത്തിലായതിനാലാണ് മൈക്ക് അനുമതി തേടാതിരുന്നതെന്നും ട്രസ്റ്റി അംഗങ്ങൾ പറഞ്ഞു.
അതേസമയം, പാലയൂർ പള്ളിയിൽ കരോൾ ഗാനം വിലക്കി പള്ളിക്കമ്മിറ്റിക്കാരോട് മോശമായി പെരുമാറിയെന്ന ആരോപണം ചാവക്കാട് എസ്ഐ വിജിത്ത് നിഷേധിച്ചു. കരോൾ ഗാനത്തിന് മൈക്ക് ഉപയോഗിക്കരുതെന്ന് നിർദേശിക്കുക മാത്രമാണുണ്ടായതെന്നും സംഘാടകരോട് മോശമായി സംസാരിച്ചിട്ടില്ലെന്നും എസ്ഐ വിജിത്ത് വിശദീകരിച്ചു.
പാലയൂർ സെൻറ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥ കേന്ദ്രം ശിവക്ഷേത്രമായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബു അടക്കമുള്ളവർ അവകാശവാദം ഉന്നയിച്ചിരുന്നു. ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിലായിരുന്നു ബാബുവിന്റെ അവകാശവാദം. ഇതുകൂടാതെ, മലയാറ്റൂർ പള്ളിയെയും അർത്തുങ്കൽ പള്ളിയെയും കുറിച്ചും ഇദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു. ‘മലയാറ്റൂർ പള്ളി എങ്ങനെയുണ്ടായെന്ന് മലയാറ്റൂർ രാമകൃഷ്ണൻ മാതൃഭൂമി വാരികയിൽ എഴുതിയിട്ടുണ്ട്. അത് വായിച്ചാൽ ബോധ്യമാകും. അർത്തുങ്കൽ പള്ളി ക്ഷേത്രമായിരുന്നുവെന്ന് ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് പറഞ്ഞത് ശരിയാണ്’ -എന്നായിരുന്നു ആർ.വി. ബാബു പറഞ്ഞത്.
സന്ദീപ് വാര്യരുടെ കുറിപ്പിന്റെ പൂർണരൂപം:
തൃശൂർ പാലയൂർ പള്ളിയിലെ കരോളും പിണറായി പോലീസ് മുടക്കിയിട്ടുണ്ട്. ആരെ സന്തോഷിപ്പിക്കാനാണ് പാലയൂർ പള്ളി തന്നെ പിണറായി സർക്കാർ തെരഞ്ഞെടുത്തത് ? പാലയൂർ ക്രൈസ്തവ ദേവാലയം ശിവക്ഷേത്രമായിരുന്നു എന്നാണ് സംഘപരിവാർ അവകാശവാദം . കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള ബിജെപി സംഘപരിവാർ തന്ത്രത്തിന് പിണറായി സർക്കാർ തന്നെ കൂട്ട് നിൽക്കുകയാണ് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.