ബജറ്റിൽ നടത്തിയ തട്ടിപ്പ് പ്രസ്താവനകൾ പൊതുജനങ്ങൾക്ക് മനസിലാകും -സന്ദീപ് വാര്യർ
text_fieldsകോഴിക്കോട്: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാറിന്‍റെ അവസാന സമ്പൂർണ ബജറ്റിനെ രൂക്ഷമായി പരിഹസിച്ച് കെ.പി.സി.സി വക്താവ് സന്ദീപ് വാര്യർ. ഉരുളക്കിഴങ്ങില്ലാത്ത മസാലദോശ പോലെയാണ് ബാലഗോപാലന്റെ ബജറ്റ് എന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തെ കടക്കണിയിലേക്ക് തള്ളിയിട്ട പിണറായി സർക്കാർ ബജറ്റിൽ നടത്തിയതെല്ലാം തട്ടിപ്പ് പ്രസ്താവനകൾ മാത്രമാണെന്ന് പൊതുജനങ്ങൾക്ക് മനസിലാകും. ബാലഗോപാലന്‍റെ അവസാനത്തെ ബജറ്റ്, കേരളത്തിൽ ഒരു കമ്യൂണിസ്റ്റ് ഗവൺമെന്‍റ് അവതരിപ്പിച്ച അവസാനത്തെ ബജറ്റാണെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഉരുളക്കിഴങ്ങില്ലാത്ത മസാല ദോശ പോലെയാണ് ബാലഗോപാലന്റെ ബജറ്റ്. പേര് മസാല ദോശ, പക്ഷേ ഉള്ളു പൊള്ള. കോടികൾ പ്രഖ്യാപിക്കും, അവസാനം പദ്ധതിവിതത്തിൽ നിന്ന് ആദ്യം 50% കട്ട് ചെയ്യും, വീണ്ടും കുറയ്ക്കും. ഒടുവിൽ പ്രഖ്യാപിച്ചതിന്റെ 40% പോലും ചിലവഴിക്കില്ല. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതിൽ എല്ലാ വകുപ്പുകളിലും 40% ത്തോളം മാത്രമാണ് ചിലവഴിച്ചിട്ടുള്ളത്.
തദ്ദേശസ്ഥാപനങ്ങളിലേക്ക് 8532 കോടി രൂപ കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയപ്പോൾ നൽകിയത് കേവലം 42% മാത്രമായിരുന്നു. നമ്മുടെ പഞ്ചായത്ത് റോഡുകളെല്ലാം തകർന്നു തരിപ്പണമായി കിടക്കുന്നത് കാണുന്നില്ലേ. കൃഷിക്ക് 1926 കോടി രൂപ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതിൽ 42% മാത്രമാണ് ചിലവാക്കിയത്. നമ്മുടെ നെൽ കർഷകർക്ക് ലഭിക്കേണ്ട പണം പോലും നൽകാതെ കർഷകർ ആത്മഹത്യയിൽ അഭയം തേടുന്ന സമയത്താണ് ഈ കൊടും ചതി പിണറായി വിജയൻ സർക്കാർ ചെയ്തത് എന്ന് മനസ്സിലാക്കണം.
കേരളത്തെ കടക്കണിയിലേക്ക് തള്ളിയിട്ട പിണറായി സർക്കാർ ബജറ്റിൽ നടത്തിയതെല്ലാം തട്ടിപ്പ് പ്രസ്താവനകൾ മാത്രമാണെന്ന് പൊതുജനങ്ങൾക്ക് മനസ്സിലാകും. കടമെടുക്കുന്ന പണം മുഴുവൻ ശമ്പളം കൊടുക്കാനും പെൻഷൻ കൊടുക്കാനുമാണ് ചെലവാക്കുന്നത്. കിഫ്ബി വഴി കൊള്ള പലിശയ്ക്ക് എടുത്ത കടത്തിന്റെ ബാധ്യതയും മലയാളികളുടെ തലയ്ക്ക് വന്നിരിക്കുകയാണ്. ഇന്ധന സെസിന് പുറമേ ഇപ്പോൾ ടോളും പിരിക്കാൻ പോകുന്നു.
സംസ്ഥാന ബജറ്റിൽ വകയിരുത്തേണ്ട മോട്ടോർ വാഹന നികുതിയിലെ 50 ശതമാനം ഇപ്പോൾതന്നെ പോകുന്നത് കിഫ്ബി എടുത്ത വായ്പകളുടെ തിരിച്ചടവിലേക്കാണ്. കിഫ്ബിയിലൂടെ നടപ്പാക്കുന്ന പദ്ധതികൾ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ആയതുകൊണ്ട് എവിടെയും സാമൂഹിക നീതി ഉറപ്പുവരുത്തുന്നില്ല എന്നോർക്കണം. അതായത് പൊതു ഖജനാവിൽ വരുന്ന പണത്തിൽ നിന്നും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ന്യായമായും ലഭിക്കേണ്ട വിഹിതം കുറവാകുകയും അത് കിഫ്ബിയുടെ വായ്പ തിരിച്ചടവ് ആവുകയും ചെയ്യുമ്പോൾ സാമൂഹിക നീതി ലംഘിക്കപ്പെടുന്നു.
സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ്ഗ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ എല്ലാം വൻതോതിൽ വെട്ടി കുറയ്ക്കുകയാണ് ഉണ്ടായത്. സ്കോളർഷിപ്പുകളും പട്ടികജാതി വിഭാഗങ്ങൾക്കുള്ള ഗ്രാൻഡും എല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്. പട്ടികജാതിക്കാർക്കുള്ള ഭവന നിർമ്മാണവും ഇല്ലാതായ അവസ്ഥയിലായി. ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടുകൾ പണം ലഭിക്കാതെ പാതിവഴിയിൽ നിൽക്കുന്നു.
സംസ്ഥാനത്ത് മദ്യവും ലോട്ടറിയും കഴിഞ്ഞാൽ ഏറ്റവുമധികം വരുമാനം ഏതു വിഭാഗത്തിൽ നിന്നാണ് എന്നറിയാമോ? അത് മോട്ടോർ വാഹന വകുപ്പ് ജനങ്ങളിൽ നിന്നും ചുമത്തുന്ന പിഴയാണ്. അതായത് നാടോട്ടുക്ക് പോലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും ഉപയോഗിച്ച് നാട്ടുകാരെ പിഴിഞ്ഞ് ഗുണ്ടാ പിരിവ് നടത്തിയാണ് പിണറായി വിജയൻ സർക്കാർ മുന്നോട്ടുപോകുന്നത്. പത്തു നയാ പൈസയുടെ അധിക വരുമാനം ഉണ്ടാക്കാനുള്ള ഒരു പദ്ധതിയും കഴിഞ്ഞ ബജറ്റിലും ഉണ്ടായിരുന്നില്ല, ഈ ബജറ്റിലും ഇല്ല എന്നതാണ് വസ്തുത.
കഴിഞ്ഞ എൽ.ഡി.എഫ് പ്രകടനപത്രിയിൽ പറഞ്ഞ ഒരു കാര്യം പോലും നടപ്പാക്കാൻ രണ്ടാം പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ല. കേരളത്തെ മെഡിക്കൽ ഹബ്ബാക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. സർക്കാർ മെഡിക്കൽ കോളേജിൽ മരുന്നു പോലുമില്ലാത്ത അവസ്ഥയിലായി. മൂന്നുവർഷംകൊണ്ട് മൂന്നുലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒന്നും വന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങളെ മുഴുവൻ ലാഭത്തിൽ ആക്കുമെന്ന് പ്രഖ്യാപിച്ചു. കെഎസ്ആർടിസി എന്ന സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം കടംകയറി മുടിഞ്ഞു. ആയിരക്കണക്കിന് ജീവനക്കാർ ശമ്പളവും പെൻഷനും ഇല്ലാതെ നരകിക്കുന്നു.
മെയ്ക്ക് ഇൻ കേരള പ്രകാരം പ്രഖ്യാപിച്ച ഒരു പദ്ധതി പോലും നടന്നില്ല. കേരളത്തിൻറെ സ്വന്തം ഇലക്ട്രിക് ഓട്ടോ വാങ്ങിയവർ ഒക്കെ പെരുവഴിയിലായി. കൊക്കോണിക്സ് ലാപ്ടോപ്പ്, കെ ഫോൺ ഒക്കെ ദുരന്തങ്ങളായി മാറി.
വൈദ്യുത ചാർജ്, വാട്ടർ ചാർജ്, പാൽ, ബസ് ഫോട്ടോ ചാർജുകൾ.. സാധാരണക്കാരന്‍റെ ജീവിതം ദുസ്സഹമാക്കിയ അഞ്ചുവർഷങ്ങൾ ഇതാ കടന്നുപോകുന്നു. ബാലഗോപാലന്‍റെ അവസാനത്തെ ബജറ്റ്, കേരളത്തിൽ ഒരു കമ്മ്യൂണിസ്ററ്റ് ഗവൺമെൻറ് അവതരിപ്പിച്ച അവസാനത്തെ ബജറ്റാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.