കത്തോലിക്ക സഭയാണ് അടുത്ത ടാർഗറ്റ് എന്ന് ആർ.എസ്.എസ് പച്ചക്ക് വ്യക്തമാക്കിയെന്ന് സന്ദീപ് വാര്യർ; ‘കേരള ക്രൈസ്തവർക്ക് ബി.ജെ.പിയുടെ കാപട്യം മനസിലാവും’
text_fieldsകോഴിക്കോട്: കത്തോലിക്ക സഭയുടെ സ്വത്ത് സംബന്ധിച്ച് ആർ.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന വിവാദ ലേഖനത്തിൽ പ്രതികരിച്ച് കെ.പി.സി.സി വക്താവ് സന്ദീപ് വാര്യർ. അടുത്ത ടാർഗറ്റ് കത്തോലിക്ക സഭയാണെന്ന് ആർ.എസ്.എസ് മുഖപത്രം പച്ചക്ക് വ്യക്തമാക്കി കഴിഞ്ഞുവെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
ബി.ജെ.പി ഭരിക്കുന്ന ഒഡീഷയിലും മധ്യപ്രദേശിലും വൈദികർക്ക് നേരെ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ആൾക്കൂട്ട അക്രമങ്ങൾ അരങ്ങേറുകയാണ്. ഒരേസമയം ഇരയോടൊപ്പം ഓടുകയും വേട്ടക്കാരോടൊപ്പം വേട്ടയാടുകയും ചെയ്യുകയാണ് ബി.ജെ.പി. കേരളത്തിലെ ക്രൈസ്തവർക്ക് ബി.ജെ.പിയുടെ കാപട്യം മനസിലാവുമെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
കത്തോലിക്കാ സഭയാണ് അടുത്ത ടാർഗറ്റ്. ആർഎസ്എസ് മുഖപത്രം ഓർഗനൈസർ അക്കാര്യം പച്ചയ്ക്ക് വ്യക്തമാക്കി കഴിഞ്ഞു. ബിജെപി ഭരിക്കുന്ന ഒഡീഷയിലും മധ്യപ്രദേശിലും വൈദികർക്ക് നേരെ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ആൾക്കൂട്ട അക്രമങ്ങൾ അരങ്ങേറുന്നു. അതും പോലീസിന്റെ സാന്നിധ്യത്തിൽ. ഒരേസമയം ഇരയോടൊപ്പം ഓടുകയും വേട്ടക്കാരോടൊപ്പം വേട്ടയാടുകയും ചെയ്യുകയാണ് ബിജെപി. കേരളത്തിലെ ക്രൈസ്തവർക്ക് ബിജെപിയുടെ ഈ കാപട്യം മനസ്സിലാവും.
രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞാല്‍ വഖഫ് ബോര്‍ഡിനല്ല കത്തോലിക്ക സഭക്കാണ് ഏറ്റവുമധികം ആസ്തിയെന്നേ ആർ.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിലെ ലേഖനത്തിലെ പരാമർശങ്ങളാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റിൽ പാസായതിന് പിന്നാലെയാണ് ‘കാത്തലിക് ചർച്ച് വേഴ്സസ് വഖഫ് ബോർഡ് ഡിബേറ്റ്’ എന്ന തലക്കെട്ടിൽ ലേഖനം പ്രസിദ്ധീകരിച്ചത്.
രാജ്യത്ത് ആകെ 17.29 കോടി ഏക്കര്‍ ഭൂമി കത്തോലിക്ക സഭക്ക് കീഴിലുള്ള പള്ളികള്‍ക്കുണ്ട്. ഇതിനാകെ 20,000 കോടി രൂപ മൂല്യം വരും. ബ്രിട്ടീഷ് ഭരണകാലത്ത് കൈവശപ്പെടുത്തിയതാണ് സ്വത്തില്‍ ഏറിയ പങ്കും. രാജ്യത്തുടനീളം വ്യാപിച്ചു കിടക്കുന്ന വലിയ സർക്കാറിതര ഭൂവുടമ എന്ന ബഹുമതി കാത്തലിക് ചർച്ച് ഓഫ് ഇന്ത്യക്കാണെന്ന് ലേഖനത്തിൽ പറയുന്നു. വിവാദമായതിന് പിന്നാലെ ഓര്‍ഗനൈസറിലെ ലേഖനം പിൻവലിച്ചു.
ലേഖനത്തിലെ സ്ഥിതിവിവരം ഇങ്ങനെ: 2012ലെ കണക്കനുസരിച്ച്, കത്തോലിക്കാ സഭക്ക് 2,457 ആശുപത്രികൾ, 240 മെഡിക്കൽ, നഴ്സിങ് കോളജുകൾ, 28 ജനറൽ കോളജുകൾ, അഞ്ച് എൻജിനീയറിങ് കോളജുകൾ, 3,765 സെക്കൻഡറി സ്കൂളുകൾ, 7,319 പ്രൈമറി സ്കൂളുകൾ, 3,187 നഴ്സറി സ്കൂളുകൾ എന്നിങ്ങനെ ഇന്ത്യയിലുണ്ട്. 1927ൽ ബ്രിട്ടീഷ് ഭരണകൂടം ‘ഇന്ത്യൻ ചർച്ച് ആക്ട്’ പാസാക്കിയതോടെയാണ് സഭക്ക് വലിയ തോതിൽ ഭൂമി ലഭിച്ചത്.
സഭയുടെ സ്കൂളുകളും ആശുപത്രികളും പിന്നാക്ക വിഭാഗങ്ങളെ സേവനങ്ങൾ നൽകി ആകർഷിച്ച്, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ സമ്മർദത്തിലാക്കുന്നു. ആദിവാസി, ഗ്രാമീണ മേഖലകളിൽനിന്നുള്ള ഭൂഉടമകളെ മതം മാറ്റാൻ ശ്രമിച്ച നിരവധി സംഭവങ്ങൾ പുറത്തുവന്നിട്ടുണ്ട്. തുടർന്ന്, അവരുടെ ഭൂമി സഭയുമായി ബന്ധപ്പെട്ട സംഘടനകൾ ഏറ്റെടുത്തു. ആരോപണങ്ങൾ സഭ നിഷേധിക്കുന്നുണ്ടെങ്കിലും മതപരിവർത്തനവുമായി ബന്ധപ്പെട്ട് നിരവധി നിയമവിരുദ്ധ ഭൂമി ഏറ്റെടുക്കലുകൾ വിവിധ സംസ്ഥാനങ്ങളിൽ ഉയർന്നുവന്നിട്ടുണ്ട്.
ഇത് ഇന്ത്യയുടെ സാമൂഹിക-മത സംവിധാനത്തിൽ മിഷനറി സ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നു. ഒരുകാലത്ത് തദ്ദേശീയ സമൂഹങ്ങളുടെ വകയായിരുന്ന ഗോത്രവർഗ ഭൂമികൾ ക്രമേണ വിവിധ കാരണങ്ങളാൽ സഭക്ക് കൈമാറിയ നിരവധി സംഭവങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും ലേഖനത്തിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.