ഇരട്ടചങ്കുള്ള മുഖ്യമന്ത്രി ഗോദയിൽ ഇറങ്ങണം; ഒറ്റചങ്കുള്ള പ്രതിപക്ഷ നേതാവുമായുള്ള സംവാദത്തിനായി കാത്തിരിക്കുന്നു -സന്ദീപ് വാര്യർ
text_fieldsകോഴിക്കോട്: ബ്രൂവറി വിഷയത്തിലെ സംവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഭരണപക്ഷത്തിന്‍റെ വെല്ലുവിളി ഏറ്റെടുത്ത സ്ഥിതിക്ക് മുഖ്യമന്ത്രിയും ഗോദയിലേക്ക് ഇറങ്ങണമെന്ന് കെ.പി.സി.സി വക്താവ് സന്ദീപ് വാര്യർ. ഇരട്ടചങ്കുള്ള മുഖ്യമന്ത്രി മനുഷ്യന്മാരെ പോലെ ഒറ്റ ചങ്ക് മാത്രമുള്ള പ്രതിപക്ഷ നേതാവുമായി നടത്തുന്ന സംവാദത്തിനായി കാത്തിരിക്കുകയാണ്. വി.ഡി സതീശനും പിണറായി വിജയനും തമ്മിലുള്ള ഒരു സംവാദം കേരളം മുഴുവൻ വീക്ഷിക്കുമെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:
ജനാധിപത്യ കേരളത്തിന് ഒരു അസുലഭ അവസരമാണ് കൈവന്നിരിക്കുന്നത്. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ബ്രൂവറി വിഷയത്തിൽ പരസ്യ സംവാദത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ വെല്ലുവിളി പ്രതിപക്ഷ നേതാവ് ഏറ്റെടുത്തിരിക്കുന്നു. പ്രതിപക്ഷ നേതാവ് ഭരണപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത സ്ഥിതിക്ക് മുഖ്യമന്ത്രി ഇനി ഒട്ടും വൈകരുത്. വി.ഡി സതീശനും പിണറായി വിജയനും തമ്മിലുള്ള ഒരു സംവാദം തീർച്ചയായും കേരളം മുഴുവൻ വീക്ഷിക്കും.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംവാദം നമ്മുടെ ജനാധിപത്യത്തിൽ പുതിയൊരു മാതൃക തന്നെ സൃഷ്ടിക്കും. അതുകൊണ്ട് പ്രതിപക്ഷ നേതാവ് ഭരണപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത സ്ഥിതിക്ക് മുഖ്യമന്ത്രിയും ഗോദയിലേക്ക് ഇറങ്ങണം എന്ന് അഭ്യർത്ഥിക്കുന്നു. ഇരട്ടചങ്കുള്ള മുഖ്യമന്ത്രി മനുഷ്യന്മാരെ പോലെ ഒറ്റ ചങ്ക് മാത്രമുള്ള പ്രതിപക്ഷ നേതാവുമായി നടത്തുന്ന സംവാദത്തിനായി കാത്തിരിക്കുന്നു.
ബ്രൂവറി വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി പരസ്യ സംവാദത്തിന് തയാറാണെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ് ആണ് വെല്ലുവിളി നടത്തിയത്. ഇതിന് പിന്നാലെ എക്സൈസ് മന്ത്രിയുമായില്ലെന്നും പ്രതിപക്ഷ നേതാവെന്ന നിലയില്‍ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാറാണെന്നും സ്ഥലവും തീയതിയും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മതിയെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
താന്‍ ഇന്നുവരെ ഒരാളെയും സംവാദത്തിന് വെല്ലുവിളിക്കാറില്ല. പണ്ട് തോമസ് ഐസക്കും സംവാദത്തിന് പ്രതിപക്ഷത്തെയാണ് വെല്ലുവിളിച്ചത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംവാദത്തിന്റെ തീയതി എക്‌സൈസ് മന്ത്രി തീരുമാനിക്കട്ടെ എന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി സംവാദത്തിന് വിളിച്ചാൽ പങ്കെടുക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. എം.ബി. രാജേഷ് സംവാദത്തിന് ക്ഷണിച്ചു. സംവാദം രാജേഷിനെ തോൽപ്പിച്ച വി.കെ. ശ്രീകണ്ഠനുമായി നടത്തുന്നതാണ് നല്ലത്. രാജേഷിന് അനുയോജ്യൻ വി.കെ. ശ്രീകണ്ഠനാണ്, പാലക്കാട്ടുക്കാർക്കും അതാണ് ഇഷ്ടം. വി.കെ. ശ്രീകണ്ഠനെ രാജേഷിന് ഭയമാണെന്നും ചെന്നിത്തല പരിഹസിച്ചു.
അതേസമയം, സംവാദത്തിൽ നിന്ന് ഒഴിയാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കാരണങ്ങള്‍ കണ്ടുപിടിക്കുകയാണെന്നും ആരോപണമുന്നയിച്ചിട്ട് ഓടിയൊളിക്കുന്നത് ശരിയല്ലെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
ആദ്യം വാർത്താസമ്മേളനം നടത്തിയത് ചെന്നിത്തലയാണ്. സംവാദത്തിൽ പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠൻ ഉൾപ്പെടെ മൂന്നു പേരും പങ്കെടുക്കുന്നതിലും സന്തോഷമാണെന്നും മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.