Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇങ്ക്വിലാബ് വിളിച്ചു...

ഇങ്ക്വിലാബ് വിളിച്ചു നടന്ന ആൾ ഒരുനാൾ ബി.ജെ.പിയിലേക്ക്, ഇപ്പോൾ കോൺഗ്രസിലേക്കും; സന്ദീപ് വാര്യരുടെ രാഷ്ട്രീയ ജീവിതം

text_fields
bookmark_border
Sandeep Varier
cancel

സിനിമകളെ പോലും വെല്ലുന്ന ട്വിസ്റ്റിനാണ് ശനിയാഴ്ച രാഷ്ട്രീയ കേരളം സാക്ഷ്യം വഹിച്ചത്. മറ്റൊന്നുമല്ല, സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം തന്നെ. അതുവരെ സി.പി.എമ്മിലേക്കോ സി.പി.ഐയിലേക്കോ എന്ന് ശങ്കിച്ചു നിന്നവരെ ഞെട്ടിച്ചു കൊണ്ടാണ് സന്ദീപ് വാര്യർ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും സാന്നിധ്യത്തിൽ യു.ഡി.എഫിന്റെ ഷാൾ കഴുത്തിലണിഞ്ഞത്.

എസ്.എഫ്.ഐയുടെ കൊടിയും പിടിച്ച് ഇങ്കിലാബ് വിളിച്ചു നടന്ന ഒരുകാലം സന്ദീപ് വാര്യരുടെ ജീവിതത്തിലുണ്ടായിരുന്നു. സന്ദീപിന്റെ അച്ഛൻ ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ളയാളായിരുന്നു. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്നു അദ്ദേഹം. ചെത്തല്ലൂർ എൻ.എൻ.എൻ.എം യു.പി സ്കൂൾ അധ്യാപികയായ അമ്മക്ക് കോൺഗ്രസിനോടായിരുന്നു ചായ് വ്. അച്ഛന്റെ പാത പിന്തുടർന്ന് ഇടതിനെ നെഞ്ചിലേറ്റിയ സന്ദീപ്, വാജ്പേയിയുടെ പ്രസംഗങ്ങളിൽ ആകൃഷ്ടനായി ബി.ജെ.പിയിലേക്ക് ചേക്കേറി. ഇങ്ക്വിലാബ് സിന്ദാബാദ് അങ്ങനെ ഭാരത് മാതാ കീ ജയ് വിളിയിലേക്ക് വഴിമാറി.

ബി.ജെ.പിക്കുള്ളിൽ സ്വാധീനമുള്ള നേതാവായി സന്ദീപ് പെട്ടെന്ന് വളർന്നു. പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തെ ഇത് അസ്വസ്ഥപ്പെടുത്തിയത് സ്വാഭാവികം. സാമൂഹിക മാധ്യമങ്ങളിലെ എഴുത്തായിരുന്നു സന്ദീപിന്റെ കരുത്ത്. വളരുന്നതനുസരിച്ച് അണികളുടെ പിന്തുണയും ഏറി. വൈകാതെ ചാനൽ ചർച്ചയിലും ബി.ജെ.പിയുടെ വക്താവ് എന്ന നിലയിൽ സജീവമായി. നിയമസഭ തെരഞ്ഞെടുപ്പിൽ ഷൊർണൂരിൽ നിന്ന് മത്സരിക്കാൻ ബി.ജെ.പി ടിക്കറ്റ് നൽകി. പരാജയം രുചിച്ചെങ്കിലും പാർട്ടി കൊണ്ടുനടന്നു.

2020 ൽ ബി.ജെ.പിയുടെ സംസ്ഥാന വക്താവായി. യുവമോർച്ച പഞ്ചായത്ത് സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ബി.ജെ.പി ഒറ്റപ്പാലം നിയോജകമണ്ഡലം സെക്രട്ടറി, ബിജെപി വീവേഴ്സ് സെൽ ദേശീയ നിർവാഹക സമിതി അംഗം, ഓൾ ഇന്ത്യ ഹാൻഡ് ലൂം ബോർഡ് അംഗം എന്നീ ചുമതലകൾ വഹിച്ചു.

ഹോട്ടലിൽ ഹലാൽ ബോർഡ് വെക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയത്. ഹോട്ടലുകളിൽ ഹലാൽ ബോർഡ് വെക്കുന്നതിന് കൃത്യമായ അജണ്ടയുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞപ്പോൾ സന്ദീപ് അതിനെ എതിർത്തു. ഇത്തരം കാര്യങ്ങളിൽ അൽപം വിവേകത്തോടെ പെരുമാറണമെന്ന് സന്ദീപ് സാമൂഹിക മാധ്യമങ്ങളിൽ എഴുതി. സന്ദീപിന്റെ നിലപാട് ബി.ജെ.പിയെ വെട്ടിലാക്കി.

ഹിന്ദുവിനും മുസ്‌‌ലീമിനും പരസ്പരം ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാൻ കഴിയില്ല. സ്ഥാപനം തകർക്കാൻ ഒരു പോസ്റ്റ് മതിയാകും, പക്ഷേ സ്ഥാപനം തകർന്നാൽ പട്ടിണിയിലാകുന്നത് അനേകം പേരാണ്- എന്ന് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചെങ്കിലും പാർട്ടി വടിയെടുത്തപ്പോൾ പോസ്റ്റ് പിൻവലിക്കേണ്ടി വന്നു. അതിനു പിന്നാലെ ചാനൽ ചർച്ചകളിൽ സന്ദീപിനെ കാണാതായി. ശേഷം പാർട്ടിയുടെ വക്താവ് എന്ന സ്ഥാനം ബി.ജെ.പി തിരിച്ചെടുത്തു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴും കഥ മാറി. സന്ദീപിനെ ബി.ജെ.പി സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും ഉൾപ്പെടുത്തി. വയനാട്ടിൽ കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സന്ദീപ് വാര്യർ സജീവമായി രംഗത്തുണ്ടായിരുന്നു.

എല്ലാം കഴിഞ്ഞ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ സ്ഥാനാർഥിത്വം ലഭിക്കാത്തത് സന്ദീപിനെ അസ്വസ്ഥനാക്കി. സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ ബി.ജെ.പി നേതൃത്വവുമായി സന്ദീപ് ഇടഞ്ഞു. കൺവൻഷനിൽ കസേര കിട്ടാതായതോടെ അകൽച്ച പൂർണമായി. സന്ദീപ് ബി.ജെ.പിയുമായി ഇടഞ്ഞുവെന്നറിഞ്ഞതോടെ സ്വീകരിക്കാൻ മടിക്കില്ലെന്ന് അറിയിച്ച് ആദ്യം രംഗത്ത് വന്നത് സി.പി.എമ്മാണ്.

ചർച്ചകൾ നടന്നുകൊണ്ടിരിക്കെ, സി.പി.എമ്മിലേക്കല്ല, സി.പി.ഐയിലേക്കാണ് സന്ദീപ് വാര്യർ പോകുന്നതെന്ന വാർത്തകളും പുറത്തുവന്നു. അപ്പോഴെല്ലാം നിശ്ശബദരായി നിന്ന കോൺഗ്രസ് ആണ് ഇപ്പോൾ ഗോളടിച്ചത്. സന്ദീപിന്റെ വരവാഗ്രഹിച്ച ഇടതു നേതാക്കളിൽ ചിലർ അതിന്റെ ചൊരുക്ക് പല രൂപത്തിലും തീർക്കുന്നുണ്ട്. സന്ദീപിന് വേണ്ടി അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ എന്ത് വാഗ്ദാനമാണ് കോൺഗ്രസ് നൽകിയിരിക്കുന്നത് എന്നത് കാത്തിരുന്ന് കാണേണ്ടത് തന്നെ.

ഇന്നലെ വരെ വിഷം തുപ്പി നടന്ന ഒരാളുടെ ബാക്ഗ്രൗണ്ട് എത്ര പെട്ടെന്നാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ സൗകര്യപൂർവം മറന്നുകളഞ്ഞത് എന്നത് അദ്ഭുതം തന്നെ. സംഘിയെന്ന് ചാപ്പ കുത്തിയവരിൽ ഏറിയ പങ്കും സന്ദീപ് വാര്യർക്ക് സ്വാഗതം ഓതുന്ന തിരക്കിലാണ്. അല്ലെങ്കിലും രാഷ്ട്രീയം ഇങ്ങനെയൊക്കെ തന്നെയാണ്. ശത്രുവായി കരുതിയവന്റെ തോളിലായിരിക്കും നാളെ കൈയിട്ടു നടക്കേണ്ടി വരിക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sandeep Varier
News Summary - Sandeep varier's Political Career
Next Story