സന്ദീപ് വാര്യർ ഇടഞ്ഞുതന്നെ; പ്രതിരോധിക്കാനാകാതെ നേതൃത്വം
text_fieldsപാലക്കാട്: സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതിരോധം തീർക്കാനാകാതെ ബി.ജെ.പി വിയർക്കുന്നു. പാലക്കാട്ടെ സ്ഥാനാർഥി സി. കൃഷ്ണകുമാറിനെതിരെ സന്ദീപ് വാര്യർ പറഞ്ഞ കാര്യങ്ങളിൽ മറുപടി പറയാനാകാതെ ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ ഒഴിഞ്ഞുമാറിയപ്പോൾ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, സ്ഥാനാർഥി സി. കൃഷ്ണകുമാർ എന്നിവരും ഇതേ നിലപാടിലാണ്.
പരിഹാരമുണ്ടാക്കാൻ കെ. സുരേന്ദ്രനാകുമെന്ന് പറഞ്ഞ് സി. കൃഷ്ണകുമാറും കേരള പ്രഭാരി പ്രതികരിക്കുമെന്ന് പറഞ്ഞ് കെ. സുരേന്ദ്രനും ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി. എന്നാൽ, വഖഫ് വിഷയത്തിൽ മാത്രം ചോദ്യങ്ങൾ മതിയെന്നും കേരള ബി.ജെ.പിയിൽ ഒരു പ്രശ്നവുമില്ലെന്നുമാണ് പ്രകാശ് ജാവ്ദേക്കർ പറഞ്ഞത്. തൽക്കാലം അനുനയശ്രമങ്ങളൊന്നും വേണ്ടെന്നാണ് ജില്ല നേതൃത്വത്തിന്റെ നിലപാട്. അതേസമയം, താന്‍ പറഞ്ഞ കാര്യങ്ങള്‍ മാറ്റേണ്ട സാഹചര്യമൊന്നുമുണ്ടായിട്ടില്ലെന്ന് സന്ദീപ് വാര്യര്‍ ചൊവ്വാഴ്ചയും വ്യക്തമാക്കി. കൂടുതലൊന്നും പറയാനില്ല. എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ അറിയിക്കും. പാർട്ടി നേതാവ് പി.ആര്. ശിവശങ്കറും ആര്.എസ്.എസ് വിശേഷ് സമ്പര്‍ക്ക പ്രമുഖ് എ. ജയകുമാറും വീട്ടില്‍ വന്നത് ചര്‍ച്ചയായി വ്യാഖ്യാനിക്കേണ്ടെന്നും സന്ദീപ് പറഞ്ഞു.
വിഷയത്തിൽ കരുതലോടെ നീങ്ങാനാണ് നേതൃത്വത്തിന്റെ തീരുമാനം. വരുംദിവസങ്ങളിലെ നിലപാടുകൾകൂടി പരിശോധിച്ചാകും അന്തിമതീരുമാനമെടുക്കുക. ‘ഏതുവരെ പോകുമെന്ന് നോക്കാം’ എന്ന് കെ. സുരേന്ദ്രൻ പറഞ്ഞതിലൂടെ ഇത് വ്യക്തമാണ്.
‘‘സന്ദീപ് വാര്യരെ ഒതുക്കാൻ പറ്റാവുന്ന വലിയ ആളല്ല താൻ. ഒരു ബൂത്ത് പ്രസിഡന്റിനെപ്പോലും മാറ്റാനുള്ള കരുത്ത് തനിക്കില്ല. സന്ദീപ് വാര്യരുമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് തങ്ങള്‍ ഒരു മിനിറ്റ് ഒരുമിച്ച് കണ്ടാല്‍ പരിഹരിക്കാവുന്നതേയുള്ളൂവെന്നും കൃഷ്ണകുമാർ പറഞ്ഞു. പ്രചാരണത്തിൽ സജീവമായുള്ള ആർ.എസ്.എസിന് എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകണമെന്ന നിലപാടാണ്.
മാധ്യമങ്ങള്‍ക്ക് വേവലാതിയെന്തിനെന്ന് കെ. സുരേന്ദ്രൻ
പാലക്കാട്: സന്ദീപ് വാര്യരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി വേദികളില്‍ ചര്‍ച്ചചെയ്യേണ്ട വിഷയങ്ങളാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മാധ്യമങ്ങള്‍ക്കു മുന്നില്‍ ഒന്നും വിശദമാക്കാന്‍ ആഗ്രഹിക്കുന്നില്ല. അണികളുടെ ആശങ്കയെക്കുറിച്ച് എന്തിനാണ് മാധ്യമങ്ങള്‍ വേവലാതിപ്പെടുന്നത്? ഞങ്ങള്‍ എയറിലല്ല, ഭൂമിയിലാണ്. ടെലിവിഷന്‍ മുറികളിലോ സമൂഹമാധ്യമങ്ങളിലോ ചര്‍ച്ചചെയ്ത് തീരുമാനങ്ങളെടുക്കുന്ന പാര്‍ട്ടിയല്ല ഞങ്ങളുടേതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.