സന്ദീപ് വാര്യർ പാണക്കാട്; സ്വീകരിച്ച് ലീഗ് നേതാക്കൾ
text_fieldsമലപ്പുറം: ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ പാണക്കാടെത്തി. മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായും ലീഗ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തുകയാണ്.
ഞായറാഴ്ച രാവിലെ പാണക്കാട് തറവാട്ടിലെത്തിയ സന്ദീപിനെ ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ എം.എൽ.എ, നജീബ് കാന്തപുരം, പി.കെ. ഫിറോസ് ഉൾപ്പെടെയുള്ളവർ ചേർന്നാണ് സ്വീകരിച്ചത്. കെ.പി.സി.സി നിർദേശപ്രകാരമാണ് സന്ദീപ് പാണക്കാട്ടെത്തിയത്.
നേരത്തെ, സന്ദീപിനെ സ്വാഗതം ചെയ്ത് യൂത്ത് ലീഗ് അധ്യക്ഷൻ മുനവ്വറലി തങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. സന്ദീപ് വാര്യരുടെ ഫോട്ടോക്കൊപ്പം സ്വാഗതം ബ്രോ...എന്ന് കുറിച്ചാണ് മുനവ്വറലി തങ്ങളുടെ പോസ്റ്റ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്ന സന്ദീപ് സി.പി.ഐയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് എതിർ പാർട്ടികൾക്ക് ഷോക്ക് നൽകി കോൺഗ്രസ് പാളയത്തിലെത്തിയത്.
ശനിയാഴ്ച കോൺഗ്രസ് നേതാക്കൾ സംയുക്തമായി നടത്തിയ വാർത്തസമ്മേളനത്തിലേക്ക് എത്തിയ സന്ദീപിനെ മുദ്രാവാക്യംവിളികളോടെയാണ് പ്രവർത്തകർ എതിരേറ്റത്. താൻ കോൺഗ്രസിൽ ചേർന്നതിന് ഉത്തരവാദി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണെന്ന് പറഞ്ഞ സന്ദീപ് ബി.ജെ.പിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. ഏകാധിപത്യം വാഴുന്ന, ജനാധിപത്യത്തിന് വിലകൽപിക്കാത്ത സംവിധാനത്തിനകത്തായിരുന്നു താനെന്നും സന്ദീപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.