അപ്രായോഗികമായ നിബന്ധനകൾ കൊണ്ടുവന്ന് പൂരത്തെ തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിക്കുന്നു -സന്ദീപ് വാര്യർ
text_fieldsതൃശൂർ: തൃശൂർ പൂരത്തിന് മാത്രമായി അപ്രായോഗികമായ നിബന്ധനകൾ കൊണ്ടുവന്നു തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിക്കുന്നുവെന്ന് ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ. തൃശൂർ പൂരം നടത്തിക്കില്ല എന്ന പിടിവാശിയുള്ള ഡി.എം.ഒ അടക്കമുള്ള ചിലർ കുപ്രചരണങ്ങളുമായി വീണ്ടും ഇറങ്ങിയിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടികളുടെ മുമ്പിൽ വാ പൊത്തിപ്പിടിച്ച് മൗനം പാലിച്ചവർക്ക് തൃശൂർ പൂരത്തോട് മാത്രം അസഹിഷ്ണുതയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
സന്ദീപ് വാര്യർ പങ്കുവെച്ച ഫേസ്ബുക് കുറിപ്പ്:
തൃശൂർ പൂരം നടത്തിക്കില്ല എന്ന പിടിവാശിയുള്ള ഡിഎംഒ അടക്കമുള്ള ചിലർ കുപ്രചരണങ്ങളുമായി വീണ്ടും ഇറങ്ങിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടികളുടെ മുമ്പിൽ വാ പൊത്തിപ്പിടിച്ച് മൗനം പാലിച്ചവർക്ക് തൃശൂർ പൂരത്തോട് മാത്രം അസഹിഷ്ണുതയാണ്.
സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും മുന്നോട്ടുവച്ച മിക്കവാറും എല്ലാ നിർദ്ദേശങ്ങളും അംഗീകരിച്ച് പൂരം നടത്താൻ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ തയ്യാറായിട്ടും എങ്ങനെയെങ്കിലും കുത്തിത്തിരുപ്പ് ഉണ്ടാക്കാനാണ് ഡിഎംഒ ശ്രമിക്കുന്നത് .
അതിനായി പരിഭ്രാന്തി പരത്താനുള്ള വീഡിയോ സന്ദേശങ്ങളടക്കം പ്രചരിപ്പിക്കുന്നുണ്ട്. ഇലക്ഷൻ സമയത്ത് ബഹുമാന്യയായ ഡിഎംഒ എന്തേ മിണ്ടാതിരുന്നൂ ? തൃശൂരിൽ പൂരത്തിന് മുമ്പ് തന്നെ കോവിഡ് വ്യാപനമുണ്ടായെങ്കിൽ ഇലക്ഷൻ കാലത്ത് ഉത്തരവാദിത്വം മറന്ന മാഡം തന്നെയല്ലേ ഉത്തരവാദി ?
യുക്തിസഹമായ നിയന്ത്രണങ്ങൾ നടപ്പാക്കിക്കോളൂ . എന്നാൽ പൂരം നടത്തിപ്പും ആചാരങ്ങളും അട്ടിമറിക്കാൻ വേണ്ടിയുള്ള അപ്രായോഗികമായ കടുംപിടുത്തം അരുത്. പൂരത്തിലെ പ്രധാന ഭാഗമായ ആനകളുടെ എഴുന്നള്ളിപ്പിന് വിഘാതമായേക്കാവുന്ന തരത്തിലുള്ള നിബന്ധനകൾ പിൻവലിക്കണം. ആനക്കാരിൽ സിംപ്റ്റമാറ്റിക് ആയവർക്ക് മാത്രമായി പരിശോധന നടത്താം. എന്നാൽ എല്ലാവരെയും പരിശോധിക്കും എന്ന കടുംപിടുത്തം വന്നതോടെ ആനകൾ മുടങ്ങുന്ന അവസ്ഥയുണ്ട്. ഇത് പൂരത്തിൻ്റെ നടത്തിപ്പിനെ ബാധിക്കും .
ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പൂരത്തിനെത്താം എന്ന ആദ്യ ജി.ഒ പ്രകാരം തന്നെ ജനങ്ങളെ പ്രവേശിപ്പിക്കണം. രണ്ടാം ഡോസിന് സമയമായിട്ടില്ലാത്തതിനാൽ ഭൂരിഭാഗം പേരെയും തടയുന്ന അവസ്ഥ ഉണ്ടാക്കരുത്കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള എൻട്രി പോയൻറുകൾ വഴി കടത്തിവിടാനാണ് പോലീസ് തയ്യാറാവേണ്ടത്. ആയിരക്കണക്കിന് പേർ കോവിഡ് ടെസ്റ്റ് റിസൾട്ട് ജാഗ്രത സൈറ്റിൽ അപ് ലോഡ് ചെയ്യണം എന്നതൊക്കെ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശിച്ചുള്ള നിബന്ധനകളാണ്.
അങ്ങേയറ്റം ജാഗ്രതയോടെ , കോവിഡ് നിബന്ധനകൾ പാലിച്ച് പൂരം നടത്താൻ തയ്യാറായ പാറമേക്കാവ് , തിരുവമ്പാടി ദേവസ്വങ്ങളെയും ഘടകപൂരക്കമ്മിറ്റികളെയും അഭിനന്ദിക്കുന്നു .തൃശൂർ പൂരത്തിന് മാത്രമായി അപ്രായോഗികമായ നിബന്ധനകൾ കൊണ്ടുവന്ന് പൂരത്തെ തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിക്കുന്നു . തൃശൂർ പൂരം ടി.വിയിലെങ്കിലും ലോകം മുഴുവൻ കാണാനുള്ള സാധ്യതകളെ ഇല്ലാതാക്കരുത്. കോവിഡ് ടെസ്റ്റ് നടത്തി സാമൂഹിക അകലം പാലിച്ചു കൊണ്ടു തന്നെ പൂരം നടക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.