ബംഗാളിലെ പരാജയത്തിന് പിണറായി വിജയൻ ഉത്തരം പറയണമെന്ന് സന്ദീപ് വാര്യർ; 'ഒന്ന് പൊട്ടിക്കരഞ്ഞുകൂടേ' എന്ന് നെറ്റിസൺസ്'
text_fieldsനിയമസഭാ തെരഞ്ഞെടുപ്പിൽ സമ്പൂർണ്ണ തോൽവി ഏറ്റുവാങ്ങിയതിനുപിന്നാലെ വിചിത്ര വാദവുമായി ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ. സി.പി.എം ബംഗാളിൽ പരാജയപ്പെട്ടതിെൻറ ഉത്തരവാദിത്വം പിണറായി വിജയനാണെന്നും അതിന് മറുപടി പറയണമെന്നുമാണ് സന്ദീപ് ആവശ്യപ്പെട്ടിരിക്കുന്നത്. തെൻറ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തരമൊരാവശ്യം അദ്ദേഹം ഉയർത്തിയത്.
'രണ്ടാം തവണയും തെരഞ്ഞെടുപ്പ് വിജയം നേടിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നു' എന്നുപറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. 'പിണറായി വിജയൻ നിലവിൽ സിപിഎമ്മിെൻറ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട, ചോദ്യം ചെയ്യപ്പെടാത്ത അനിഷേധ്യനായ നേതാവും പി.ബി അംഗവും ഏക മുഖ്യമന്ത്രിയുമാണ്. കേരളത്തിലെ വിജയത്തിെൻറ പരിപൂർണ ക്രെഡിറ്റും പിണറായിക്ക് ഉള്ളതു തന്നെ.
അങ്ങനെയാണെങ്കിൽ സിപിഎമ്മിെൻറ രാജ്യത്തെ ഏറ്റവും ഉന്നതനായ നേതാവിന്, ഏക മുഖ്യമന്ത്രിക്ക് ബംഗാളിലെ സിപിഎമ്മിെൻറ തോൽവിയിൽ ഉത്തരവാദിത്വമില്ലേ ? 22 സീറ്റുണ്ടായിരുന്ന ബംഗാളിൽ കോൺഗ്രസിനോട് കൂട്ടു ചേർന്ന് മത്സരിച്ചിട്ടു കൂടി കിട്ടിയത് ഇമ്മിണി ബല്യൊരു പൂജ്യമാണ്. ചരിത്രത്തിലാദ്യമായി ബംഗാൾ നിയമസഭയിൽ ഇടതുപക്ഷത്തിന് ഒരു എംഎൽഎ പോലുമില്ല . മൂന്നു പതിറ്റാണ്ട് അടക്കി ഭരിച്ച സംസ്ഥാനത്ത് സിപിഎമ്മിന് കിട്ടിയത് നാലര ശതമാനം വോട്ട് .
ബംഗാളിലെ നിങ്ങളുടെ അവസ്ഥ പരിഗണിച്ചാൽ കേരളത്തിലെ ബിജെപിക്ക് സംഭവിച്ച നഷ്ടം തുലോം കുറവാണ്'-സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് ഇട്ടതോടെ പരിഹാസവുമായി നൂറുകണക്കിനുപേർ കമൻറ് ബോക്സിൽ എത്തിയിട്ടുണ്ട്. ഒന്ന് പൊട്ടിക്കരഞ്ഞുകൂടെ എന്നാണ് നിരവധിപേർ സന്ദീപിനോട് ചോദിക്കുന്നത്. 'പ്രകടനങ്ങൾക്ക് മാത്രമേ വിലക്കുള്ളൂ. പൊട്ടികരയുന്നതിനു യാതൊരു വിലക്കുമില്ല.
അകലം പാലിച്ച് മാറി നിന്ന് കരയുക'-ഒരാൾ കുറിച്ചു. 'പിണറായി മോഡി താരതമ്യത്തിെൻറ ആവശ്യമില്ല. ബംഗാളിലെ കാര്യം പാർട്ടി ചർച്ച ചെയ്യും. പക്ഷേ 90 മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് കേരളത്തിൽ വോട്ട് ചോർച്ച ഉണ്ടായി. അത് പിണറായി ചൂണ്ടിക്കാട്ടി. അത് ഇനിയും പരിഹരിച്ചില്ലേൽ ബി.ജെ.പിയുടെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുമെന്നും പിണറായി ചൂണ്ടിക്കാട്ടി. അതിന് മറുപടി പറഞ്ഞാലും'-മറ്റൊരാൾ എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.