Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസന്ധ്യ വായ്പയെടുത്തത്...

സന്ധ്യ വായ്പയെടുത്തത് 4 ലക്ഷം, പലിശ കുമിഞ്ഞുകൂടി 8.25 ലക്ഷം; ‘ലുലു’ നൽകിയ പണം ഇന്ന് മണപ്പുറം ഫിനാൻസിന് കൈമാറും

text_fields
bookmark_border
സന്ധ്യ വായ്പയെടുത്തത് 4 ലക്ഷം, പലിശ കുമിഞ്ഞുകൂടി 8.25 ലക്ഷം; ‘ലുലു’ നൽകിയ പണം ഇന്ന് മണപ്പുറം ഫിനാൻസിന് കൈമാറും
cancel

പറവൂർ: സ്വകാര്യ ധനകാര്യ സ്ഥാപനം വീട്​ ജപ്തി ചെയ്തതിനെത്തുടർന്ന് പെരുവഴിയിലാ‍യ വീട്ടമ്മയുടെയും രണ്ട് പിഞ്ചു കുട്ടികളുടെയും ലോൺ ഇന്ന് തീർപ്പാക്കും. വടക്കേക്കര പഞ്ചായത്ത് ഏഴാം വാർഡിൽ മടപ്ലാത്തുരുത്ത് കണ്ണേഴത്ത് വീട്ടിൽ സന്ധ്യയുടെയും കുഞ്ഞുങ്ങളുടെയും ദുരവസ്ഥ പുറംലോകമറിഞ്ഞതോടെ അടക്കേണ്ട 8.25 ലക്ഷം രൂപയും കുടുംബത്തിന് ജീവിതച്ചിലവിനായി 10ലക്ഷം രൂപയും നൽകാമെന്നേറ്റ് ലുലു ഗ്രൂപ് ഉടമ എം.എ. യൂസഫലി രംഗത്തെത്തിയിരുന്നു. ലുലു ഗ്രൂപ്പ് മീഡിയ കോഡിനേറ്റർ സ്വരാജ് നേരിട്ടെത്തി ഇന്നലെ രാത്രി തന്നെ ചെക്ക് സന്ധ്യക്ക് കൈമാറി. 10 ലക്ഷം രൂപ ഫിക്സഡ് ഡെപ്പോസിറ്റായാണ് സന്ധ്യയ്ക്ക് നൽകിയത്.

മണപ്പുറം ഫിനാൻസിൽനിന്നാണ് 2019ൽ ഇവർ നാലുലക്ഷം രൂപ വായ്പയെടുത്തത്. ഭർത്താവിന്‍റെ പേരിലുള്ള 4.8 സെന്‍റ്​ സ്ഥലത്ത് ലൈഫ് ഭവനപദ്ധതിയിൽ അനുവദിച്ച വീടിന്‍റെ നിർമാണത്തിനായിരുന്നു ഇത്. വർക്ക്ഷോപ്പ് നടത്തിയിരുന്ന ഭർത്താവ് ആദ്യത്തെ രണ്ടുവർഷം പണം തിരിച്ചടച്ചു. മൂന്നുവർഷം മുമ്പ്​ ഭർത്താവ് ഉപേക്ഷിച്ചുപോയി. ഇതോടെ തിരിച്ചടവ് പ്രതിസന്ധിയിലായി. തുടർന്ന് പലിശ കുമിഞ്ഞുകൂടി 8.25 ലക്ഷം രൂപയാവുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് മണപ്പുറം ഫിനാൻസ്​ ജപ്തി നടപടികൾ പൂർത്തിയാക്കിയത്. ബാങ്ക് അധികൃതർ സന്ധ്യയുടെ വീട്ടിലെത്തി താഴ് തകർത്ത്​ പുതിയ താഴിട്ട് പുട്ടുകയായിരുന്നു. ജപ്തി ചെയ്യുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നില്ല. സന്ധ്യ പറവൂരിലെ ഒരു ടെക്സ്റ്റൈൽസിൽ ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു ജപ്ത‌ി. കുട്ടികൾ സ്‌കൂളിലുമായിരുന്നു. സംഭവമറിഞ്ഞ് സ്‌കൂളിൽനിന്ന്​ കുട്ടികളെയും കൂട്ടി സന്ധ്യ വീട്ടിലെത്തി. സന്ധ്യയുടെയും മക്കളുടെയും വസ്ത്രങ്ങളും കുട്ടികളുടെ മരുന്നും മറ്റു വസ്‌തുക്കളും വീടിന്‍റെ അകത്തായിരുന്നു. പോകാൻ മറ്റൊരിടമില്ലാത്തതിനാൽ രാത്രിവരെ വീടിന് പുറത്തുതന്നെ ഇരുന്നു.

സ്ഥലത്തിന്റെ ആധാരം ഭർത്താവിന്‍റെ പേരിലും വായ്‌പ സന്ധ്യയുടെ പേരിലുമാണ്. ഹൈകോടതിയിൽ കേസ് നൽകിയിരുന്നെങ്കിലും ഭർത്താവ് ഹാജരാകാതിരുന്നതിനാൽ ബാങ്കിന് അനുകൂലമായി വിധിയുണ്ടാകുകയായിരുന്നു. നിർധന കുടുംബത്തെ തെരുവിലേക്കിറക്കിയ നടപടിയിൽ പ്രതിഷേധിച്ച് മണപ്പുറം ഫിനാൻസിന്‍റെ മൂത്തകുന്നം ശാഖക്ക് മുന്നിൽ വിവിധ യുവജന സംഘടനകൾ സമരം നടത്തി. ഒടുവിൽ ലുലു ഗ്രൂപ്പ് പണം നൽകുമെന്നറിയിച്ചതോടെ ഇന്നലെ രാത്രിയോടെ മണപ്പുറം ഫിനാൻസ് ജീവനക്കാർ എത്തി വീട് തുറന്ന് നൽകി. സന്ധ്യയും മക്കളും വീട്ടിലേക്ക് തിരികെ പ്രവേശിച്ചു. ഇന്ന് ബാങ്കിൽ പണമടച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank loanMA Yusuff alilulu groupforeclosure
News Summary - sandhya bank loan lulu group
Next Story