അംഗീകാരം മണിച്ചേട്ടന്‍റെ അനുഗ്രഹം -ആർ.എൽ.വി. രാമകൃഷ്ണൻ
text_fieldsചാലക്കുടി: സംഗീത നാടക അക്കാദമി പുരസ്കാരം മണിച്ചേട്ടന്‍റെ അനുഗ്രഹമാണെന്ന് ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ. ഇക്കൊല്ലത്തെ മോഹിനിയാട്ടത്തിനുള്ള അവാർഡ് ലഭിച്ച വാർത്ത കോഴിക്കോട്ട് ഒരു ചലച്ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടയിലാണ് രാമകൃഷ്ണനെ തേടിയെത്തുന്നത്.
കലാഭവൻ മണിക്ക് ശേഷം കലാരംഗത്ത് മികവിന്റെ പടവുകൾ കയറുന്ന സഹോദരൻ രാമകൃഷ്ണന്‍റെ ഇഷ്ട മേഖല ക്ലാസിക്കൽ നൃത്തമാണ്. സ്ത്രീകളുടെ കുത്തകയായി കരുതപ്പെട്ട മോഹിനിയാട്ടത്തിലാണ് ശ്രദ്ധയൂന്നിയത്. അതേസമയം, നാടൻ പാട്ടിലും അഭിനയത്തിലും മണിയുടെ പാത പിന്തുടരുന്നുണ്ട്. തീറ്റ റപ്പായി സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്തു.
യാഥാസ്ഥിതികതയെ വെല്ലുവിളിച്ചാണ് മോഹിനിയാട്ടത്തിൽ ചുവടുറപ്പിച്ചത്. കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽനിന്ന് മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റും ലഭിച്ചു. ആർ.എൽ.വി. കോളജിൽനിന്ന് മോഹിനിയാട്ടത്തിൽ ഡിപ്ലോമ, എം.ജി സർവകലാശാലയിൽനിന്ന് എം.എ. മോഹിനിയാട്ടത്തിൽ ഒന്നാം റാങ്ക്, കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽനിന്ന് എം.ഫിൽ ഒന്നാം റാങ്ക്, പെർഫോമിങ് ആർട്സിൽ യു.ജി.സി നെറ്റ് പരീക്ഷയിൽ ഉന്നത വിജയം എന്നിങ്ങനെയാണ് അക്കാദമിക് രംഗത്ത് രാമകൃഷ്ണന്‍റെ മികവ്. കാലടി സംസ്കൃത സർവകലാശാലയിൽ അധ്യാപകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.