അങ്ങാടിപ്പുറം ക്ഷേത്രമുറ്റത്ത് അഹിന്ദു പൊലീസ് കയറുന്നതിനും എതിർപ്പ്: പൊലീസിനെ ആക്രമിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്
text_fieldsപെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ വഴിപാട് മണ്ഡപത്തിന് പച്ച പെയിന്റടിച്ചത് വിവാദമാക്കിയതിനു പിന്നാലെ, ക്ഷേത്ര മുറ്റത്ത് അഹിന്ദുക്കളായ പൊലീസുകാർ കയറുന്നതിനെതിരെയും തീവ്ര സംഘ്പരിവാർ സംഘടനകളുടെ എതിർപ്പ്. ക്ഷേത്രത്തിലെ പൂരത്തിനിടെ പൊലീസുകാരെ ആക്രമിക്കാൻ വരെ സാധ്യതയുള്ളതായി റിപ്പോർട്ടുണ്ട്. ക്ഷേത്രത്തിൽ കഴിഞ്ഞ 28 നാണ് പൂരം തുടങ്ങിയത്. ഈ മാസം ഏഴിനാണ് സമാപനം.
ആഘോഷ കമ്മറ്റിയിൽ ജനപ്രതിനിധികളായ മുസ്‍ലിംകളെ ഉൾപ്പെടുത്തിയതിലും കലാമണ്ഡലം ചാൻസലർ ഡോ. മല്ലികാ സാരാഭായിക്ക് മന്ധാന്ദ്രി പുരസ്കാരം നൽകുന്നതിലും സംഘ് പരിവാർ സംഘടനകൾ എതിർപ്പുയർത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അഹിന്ദുക്കളായ പൊലീസുകാർ ക്ഷേത്രമുറ്റത്ത് പ്രവേശിക്കുന്നത് തടയാനും പ്രതിഷേധിക്കാനും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ പൊലീസുകാരെ അക്രമിക്കാനും ഇവർ രഹസ്യമായി പദ്ധതിയിട്ടത്. സംഘപരിവാർ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ന് 4.30ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം കനത്ത പൊലീസ് സുരക്ഷയിലാണ് നടക്കുക.
ഹനുമാൻ സേന സംസ്ഥാന ചെയർമാൻ എ.എം. ഭക്തവത്സനും ഭീഷണിയുമായി രംഗത്തുണ്ട്. ജില്ലയിലെ ക്ഷേത്രങ്ങളും ക്ഷേത്രാചാരങ്ങളും അന്യവൽക്കരിക്കുന്നത് എന്ത് വില കൊടുത്തും തടയുമെന്നും നഗരമധ്യത്തിൽ ഭക്തജനങ്ങളുടെ ഇടയിൽ വെച്ച് ഈകൂട്ടരെ ജനകീയ വിചാരണ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും പറഞ്ഞ് ഹനുമാൻ സേന പോസ്റ്റർ പ്രചരിപ്പിക്കുന്നുണ്ട്.
പൊതുവേ സമാധാനത്തിൽ കഴിയുന്ന പ്രദേശത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ട് മനപൂർവം വിവാദം സൃഷ്ടിച്ച് സംഘ്പരിവാറിന് മണ്ണൊരുക്കാൻ ചിലർ ഗൂഡാലോചന നടത്തുന്നതായി ആരോപണമുയരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തിൽ പെയിന്റടിച്ചതും തുടർസംഭവങ്ങളുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. അതിനിടെ, അങ്ങാടിപ്പുറം ക്ഷേത്രത്തെ കുറിച്ച് ഉത്തരേന്ത്യയിൽ വ്യാപകവർഗീയ പ്രചാരണമാണ് സംഘ് പരിവാർ നേതൃത്വത്തിൽ നടക്കുന്നത്. കേരളത്തിൽ ക്ഷേത്രത്തിന് മുസ്‍ലിംകൾ പച്ചപ്പെയിന്റടിച്ചുവെന്നും ക്ഷേത്രം പിടിച്ചെടുത്ത് പള്ളിയാക്കാനാണ് ശ്രമമെന്നും സംഘ് അനകൂല മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.