സത്യഭാമയുടെ അധിക്ഷേപത്തിൽ സംഘ്പരിവാർ അജണ്ടയുണ്ടെന്ന് കെ. മുരളീധരൻ
text_fieldsതൃശൂർ: ആർ.എൽ.വി. രാമകൃഷ്ണനെതിരായ സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിൽ സംഘ്പരിവാർ അജണ്ട കാണാൻ കഴിയുമെന്ന് കോൺഗ്രസ് നേതാവും തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ കെ. മുരളീധരൻ. ഇങ്ങനെയുള്ള മനസ്ഥിതിയുള്ളവർ കേരളത്തിലുണ്ടെന്നറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടുപോയി. സത്യഭാമയെ പോലുള്ള കലാകാരിയുടെ മനസ്സ് ഇത്ര വികൃതമാണെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും മുരളീധരൻ പറഞ്ഞു.
ഇത്തരം വികൃതമായിട്ടുള്ള മാനസികാവസ്ഥ കേരളത്തിൽ ഒരിക്കലും വിലപ്പോവില്ലെന്ന് നമുക്ക് തെളിയിക്കാനാകണം. അതിന് എല്ലാവരും ഒറ്റക്കെട്ടായി ഇതുപോലെയുള്ള വംശീയ അധിക്ഷേപങ്ങളെ എതിർത്ത് തോൽപ്പിക്കണം. സംഘ്പരിവാറിന്‍റെ അജണ്ട ഇതിലൊക്കെയും കാണാൻ സാധിക്കുന്നുണ്ട്. കുടുംബക്ഷേത്രത്തിലെ നൃത്തത്തിന് ക്ഷണിച്ചതുകൊണ്ടൊന്നും ഈ പാപക്കറ കഴുകിക്കളയാനാവില്ല -ബി.ജെ.പി നേതാവ് സുരേഷ് ഗോപി ആർ.എൽ.വി. രാമകൃഷ്ണനെ കുടുംബക്ഷേത്രത്തിൽ നൃത്തത്തിന് ക്ഷണിച്ചതിനെ പരാമർശിച്ചുകൊണ്ട് മുരളീധരൻ പറഞ്ഞു.
ആർ.എൽ.വി. രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ വർണവെറി നിറഞ്ഞ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്. കലാമണ്ഡലത്തിൽ ഇന്ന് ആർ.എൽ.വി. രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിക്കുന്നുണ്ട്. സത്യഭാമയുടെ പ്രസ്താവനയോടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായാണ് മോഹിനിയാട്ടം.
വിവാദ പരാമർശത്തിൽ നൃത്താധ്യാപിക സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരിക്കുകയാണ്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ ആണ് മനുഷ്യാവകാശ കമീഷന്‍റെ നടപടി. അധിക്ഷേപത്തെ നിയമപരമായി നേരിടുമെന്ന് ആർ.എൽ.വി. രാമകൃഷ്ണൻ പ്രതികരിച്ചിരുന്നു. ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവന്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നായിരുന്നു സത്യഭാമയുടെ പരാമര്‍ശം. രാമകൃഷ്ണന്‍ കാക്ക പോലെ കറുത്തവനാണെന്നും സുന്ദരികളായ സ്ത്രീകള്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നുമാണ് സത്യഭാമ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.