പൊലീസിലെ സംഘപരിവാറുകാർ മതത്തിന്‍റെ പേരില്‍ തീവ്രവാദ ബന്ധം ചുമത്തുന്നു -വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: മോഫിയ പര്‍വീണിന്‍റെ ആത്മഹത്യയെ തുടര്‍ന്ന് ആലുവയില്‍ സമരം ചെയ്ത കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദ ബന്ധം ആരോപിച്ചതിനുപിന്നിൽ പൊലീസിലെ സംഘ്പരിവാർ കേന്ദ്രങ്ങളാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ജാതിയുടെയും മതത്തിന്‍റെയും പേരില്‍ തീവ്രവാദ ബന്ധം ചുമത്താന്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് കേരളത്തിലെ പൊലീസ് അവസരമുണ്ടാക്കിയതായും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിനിടെ, കേരള പൊലീസ് തീവ്രവാദ ബന്ധം ചുമത്തിയ കേസിൽ കേന്ദ്ര ഏജന്‍സികള്‍ വിവരശേഖരണം തുടങ്ങിയതായി റിപ്പോർട്ടുണ്ട്. കേരളത്തില്‍ വര്‍ഗീയ അജണ്ട ഉണ്ടാക്കാന്‍ വേണ്ടി പേരിന്‍റെ അടിസ്ഥാനത്തില്‍ തീവ്രവാദ ബന്ധം ചാര്‍ത്തിയ കേരള പൊലീസ് സംഘപരിവാറിന് വടി കൊടുത്തിരിക്കുകയാണെന് സതീശൻ ആരോപിച്ചു. എം.പിയുടെയും എം.എല്‍.എയുടെയും നേതൃത്വത്തിലുള്ള സമരത്തിനെതിരെ തീവ്രവാദ ബന്ധം ആരോപിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കൂട്ടുനിന്നത് കേരള പൊലീസിലെ സംഘപരിവാര്‍ സാന്നിധ്യമാണ്. ഇതേക്കുറിച്ച് അന്വേഷണം നടത്തിയില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകും. പൊലീസിന്‍റെയും സര്‍ക്കാരിന്‍റെയും ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ ഒരു വീഴ്ചയ്ക്ക് ഒരു സമൂഹത്തില്‍പ്പെട്ട മുഴുവന്‍പേരും അപമാനിക്കപ്പെടുന്ന ഒരു സാഹചര്യത്തിലേക്കു പോകുകയാണ് -അദ്ദേഹം പറഞ്ഞു.
സമരത്തിൽ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരായ തോട്ടുമുഖം ആശാരിക്കുടിയില്‍ അല്‍ അമീന്‍, പള്ളിക്കുഴിയില്‍ അനസ്, എടയപ്പുറം മനയ്ക്കകലത്തുട്ട് നജീബ് എന്നിവരാണ് അറസ്റ്റിലായത്. സമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചു, ഡി.ഐ.ജിയുടെ വാഹനത്തിനും ജലപീരങ്കിയ്ക്കും കേടുപാട് വരുത്തി, പോലീസിന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ഇത് കൂടാതെയാണ് ഇവരുടെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടത്. ആരോപണം തള്ളിയ കോടതി ഇവർക്ക് ജാമ്യം നൽകിയിരുന്നു. പരാമർശം ഗൂഡലക്ഷ്യത്തോടെയാണന്ന് പൊലീസിന്‍റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് സംഭവത്തില്‍ എസ്.ഐ ആര്‍. വിനോദിനെയും ഗ്രേഡ് എസ്.ഐ രാജേഷിനെയും കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.