പൊലീസ് തലപ്പത്തുള്ളവർക്ക് വാതിൽ തുറന്നിട്ട് സംഘ്പരിവാർ
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച വിവാദം സജീവമായി തുടരുന്നതിനിടെ, മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനം ഉയർത്തുന്നത് നിരവധി ചോദ്യങ്ങൾ. ക്രമസമാധാന ചുമതലയിലിരുന്ന എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്തിയത് എന്തിനെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. ഇക്കാര്യത്തിൽ, വ്യക്തത വരുത്താനാവാതെ സർക്കാർ ഉഴലുമ്പോഴാണ് ഡി.ജി.പി പദവിയിൽനിന്ന് സമീപകാലത്ത് വിരമിച്ച ശ്രീലേഖ ബി.ജെ.പി സംസ്ഥാന അധ്യക്ഷനിൽനിന്ന് പാർട്ടി അംഗത്വമെടുത്തത്. പൊലീസിൽനിന്ന് പലപ്പോഴുമുണ്ടാകുന്നത് സംഘ്പരിവാറിന് വളമാകുന്ന നടപടികളാണെന്ന ആക്ഷേപം ഏറെക്കാലമായുണ്ട്.
മേൽത്തട്ടുമുതൽ അടിത്തട്ടുവരെ പൊലീസിൽ ബി.ജെ.പി-ആർ.എസ്.എസ് അനുഭാവം പ്രകടിപ്പിക്കുന്ന ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുവെന്ന പരാതികൾ പലകോണുകളിൽനിന്ന് പലപ്പോഴായി ഉയരുകയും ചെയ്യുന്നു. ഇതിനിടെയാണ് ഇത്തരം ആരോപണങ്ങൾക്ക് ശക്തിപകരുംവിധം മുതിർന്ന ഉദ്യോഗസ്ഥർ പലരും സർവിസ് കലാവധി കഴിഞ്ഞ ഉടൻ ബി.ജെ.പിയുമായി കൈകോർക്കുന്നത്.
കേരള കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥരും മുൻ ഡി.ജി.പിമാരുമായ ടി.പി. സെൻകുമാറും ജേക്കബ് തോമസും ബി.ജെ.പി ക്യാമ്പിലെത്തിയിരുന്നു. ഇവർക്ക് പിന്നാലെയാണ് സംസ്ഥാനത്തെ ആദ്യ വനിത ഡി.ജി.പിയും ബി.ജെ.പിക്കൊപ്പം ചേരുന്നത്. കേരളത്തിൽ വേരുറപ്പിക്കാൻ മുൻ സിവിൽ സർവിസ് ഉദ്യോഗസ്ഥരെയും വിവിധ മേഖലകളിൽ പ്രശസ്തരായവരെയും ഒപ്പംകൂട്ടാൻ തിരക്കിട്ട ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്. സംസ്ഥാന സർക്കാറിനോട് അസംതൃപ്തിയുള്ള റിട്ട.ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് ബി.ജെ.പി നോട്ടമിടുന്നത്. മുൻ ഡിവൈ.എസ്.പി സുകുമാരൻ ബി.ജെ.പിയിൽ അംഗത്വമെടുത്തത് കഴിഞ്ഞ മാസമാണ്. സി.പി.എം നേതാക്കൾ പ്രതികളായ അരിയിൽ ഷുക്കൂർ, ഫസൽ വധക്കേസുകൾ അന്വേഷിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം.
ആർ. ശ്രീലേഖയുമായി മാസങ്ങൾക്ക് മുമ്പ് സംസ്ഥാന നേതാക്കളിൽ ചിലർ പാർട്ടിയിൽ ചേരാനുള്ള താൽപര്യം ആരാഞ്ഞിരുന്നു. മൂന്നാഴ്ച മുമ്പ് തീരുമാനമെടുത്തെന്നാണ് അവർ മാധ്യമങ്ങളോട് പ്രതികരിച്ചത്. നരേന്ദ്ര മോദി നടത്തുന്ന വികസന പ്രവർത്തനങ്ങൾ, ബി.ജെ.പിയുടെ പ്രവർത്തന ശൈലി എന്നിവയിൽ ആകൃഷ്ടയായാണ് തീരുമാനമെന്ന് അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.