മണിപ്പൂരിനെ കലാപഭൂമിയാക്കുന്നത് സംഘപരിവാര്‍ സോഷ്യല്‍ എഞ്ചിനീയറിങ്ങെന്ന് കെ. സഹദേവന്‍
text_fieldsകോഴിക്കോട്: മണിപ്പൂരിനെ കലാപഭൂമിയാക്കുന്നത് സംഘപരിവാര്‍ സോഷ്യല്‍ എഞ്ചിനീയറിങ്ങെന്ന് സാമൂഹിക പ്രവർത്തകൻ കെ. സഹദേവന്‍. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍, അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മണിപ്പൂരിലെ സാമൂഹിക സമവാക്യങ്ങള്‍ മനസിലാക്കാതെയുള്ളവയാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പ്രത്യേകിച്ചും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍. നമ്മുടെ മുന്നില്‍ വരുന്ന വാര്‍ത്തകള്‍ നല്‍കുന്ന ഒരു ചിത്രം മണിപ്പൂരില്‍ നടക്കുന്ന കലാപം 'മെയ്‌തേയ് -കുകി' എന്നീ രണ്ട് വംശങ്ങള്‍ തമ്മിലുള്ള കുടിപ്പക എന്ന നിലയിലാണ്.
യാഥാർഥ്യവുമായി തെല്ലും പൊരുത്തമില്ലാത്ത ഒന്നാണിത്. രാഷ്ട്രീയവും ഭരണപരവുമായ തീരുമാനങ്ങള്‍ വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ മുതലെടുത്ത് രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാരത്തിന്റെ വിഭജന രാഷ്ട്രീയമാണ് ഇത്തരം ലളിത സമവാക്യ രചനയിലൂടെ മറച്ചുവെക്കപ്പെടുന്നത്. ബോധപൂർവമല്ലെങ്കിലും വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ച് കൂടുതല്‍ ധാരണയില്ലാത്ത പലരും ഈ കെണിയില്‍ വീണുപോകുന്നുണ്ട്.
' മെയ്തേയ് ' ഒരു ഏകരൂപ സമുദായമല്ല
മണിപ്പൂര്‍ സംസ്ഥാന ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്‌തേയ് അല്ലെങ്കില്‍ മെയ്തി എന്ന് വിളിക്കപ്പെടുന്ന വിഭാഗം സാമൂഹികമായി ഏകരൂപമായ ഒന്നല്ല. വ്യത്യസ്ത മതങ്ങളിലും ജാതികളിലും ആയി വിഭജിച്ചുനില്‍ക്കുന്ന ഒരു സമൂഹമാണത്. ബ്രിട്ടീഷ് ഭരണത്തിന് ശേഷം മെയ്തികള്‍ക്കിടയിലെ പ്രബല വിഭാഗങ്ങള്‍ തങ്ങളെ ഗോത്രസമൂഹമായി പരിഗണിക്കുന്നതിനെ വിലക്കുകയുണ്ടായി. ഇവരില്‍ ഒരു വിഭാഗം വൈഷ്ണവമതം സ്വീകരിച്ച ശേഷം സ്വയം ജാതി ഹിന്ദുക്കളായി പരിഗണിക്കുകയും പരമ്പരാഗത സനാമഹി വിശ്വാസം പിന്തുടരുന്ന മെയ്തി വിഭാഗങ്ങളെ തൊട്ടുകൂടാത്തവരായി കണക്കാക്കുകയും ചെയ്തു.
വൈഷ്ണവമതം സ്വീകരിച്ച മെയ്തി വിഭാഗങ്ങള്‍, ഇതര മെയ്തി സമൂഹങ്ങളെ താഴ്ന്നവരായി വിശേഷിപ്പിക്കുന്നതിന് പ്രത്യേക പദംതന്നെ ഉപയോഗിച്ചുവരുന്നുണ്ട്. ഉദാഹരണത്തിന്, 'അശുദ്ധം' എന്ന അര്‍ത്ഥത്തില്‍ 'മംഗ്ബ', അതേപോലെ.പൊതുവില്‍ മെയ്തി സമൂഹങ്ങള്‍ ആദിവാസി വിഭാഗങ്ങളെ അവഹേളിക്കുന്നതിനായി 'ഹവോ' എന്ന വാക്കും ഉപയോഗിച്ചുവരുന്നു. മെയ്തി വിഭാഗങ്ങള്‍ക്കിടയില്‍ 'തൊട്ടുകൂടാത്തവരായി' കണക്കാക്കപ്പെടുന്നവര്‍ പട്ടികജാതി വിഭാഗങ്ങളില്‍പ്പെട്ടവരാണ്.
മണിപ്പൂരിന്റെ ഭൂവിസ്തൃതിയില്‍ 90 ശതമാനം മലയോര മേഖലയാണ്. 10 ശതമാനത്തോളം മാത്രമേ താഴ്‌വാരങ്ങളിലെ സമതലപ്രദേശങ്ങളായുള്ളൂ. ഏതാണ്ടെല്ലാ മെയ്തി സമുദായങ്ങളും താമസിക്കുന്നത് സമതലപ്രദേശങ്ങളിലാണ്. മെയ്‌തേയ് സമുദായത്തില്‍ സാമ്പത്തികമായും സാമൂഹികപദവികളാലും ഉയര്‍ന്നുനില്‍ക്കുന്നത് വളരെച്ചെറിയൊരു ന്യൂനപക്ഷം മാത്രമാണ്.
മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയ ശേഷം, മെയ്‌തേയ് സമുദായത്തിലെ വിവിധ വിഭാഗങ്ങളെ മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ (ഒ.ബി.സി) ഉള്‍പ്പെടുത്തുത്തി. മെയ്‌തേയ് ബ്രാഹ്‌മണര്‍ (ബാമോണ്‍സ്), മെയ്‌തേയ് രാജ്കുമാര്‍ എന്നിങ്ങനെയുള്ള മെയ്‌തേയ് സമുദായത്തിലെ പ്രബല വിഭാഗങ്ങളില്‍ പെട്ടവരും കേന്ദ്ര ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെയ്യു. ക്രീമിലെയര്‍ അല്ലാത്ത ഒ.ബി.സികളാണെങ്കില്‍ മാത്രമേ അവര്‍ക്ക് സംവരണം ലഭിക്കൂ. നിലവിലെ സംവരണ സ്‌കീം അനുസരിച്ച്, മെയ്‌തേയ് സമുദായത്തിന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലികളിലും ജനറല്‍, ഒ.ബി.സി, എസ്.സി സീറ്റുകളിലേക്ക് പ്രവേശനമുണ്ട്.
നിലവില്‍, സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 3.78 ശതമാനം വരുന്ന മെയ്‌തേയ് പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംസ്ഥാനതല ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകളിലും രണ്ട് ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്. മെയ്‌തേയ് പട്ടികജാതി സമുദായത്തെ എസ്.ടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ അവര്‍ മാത്രം അനുഭവിക്കുന്ന രണ്ട് ശതമാനം സംവരണം എല്ലാ എസ്.ടികള്‍ക്കും പ്രബല ജാതിയായ മെയ്തികള്‍ക്കും അനുവദിച്ച സംവരണത്തില്‍ ലയിപ്പിക്കും.
അങ്ങനെ, പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ അവരുടെ അവസരങ്ങള്‍ ശതമാനക്കണക്കില്‍ നഷ്ടപ്പെടും. നിലവില്‍ എസ്ടികള്‍ക്കും പട്ടികജാതിക്കാര്‍ക്കും അവരോട് മത്സരിക്കാന്‍ കഴിയാത്തതിനാല്‍ എസ്.ടി സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ പ്രബല ജാതിയായ മെയ്തികള്‍ അനുഭവിക്കും. വാസ്തവത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് മെയ്തി പട്ടികജാതി വിഭാഗങ്ങള്‍ക്കിടയില്‍ ഉത്കണ്ഠ നിലനില്‍ക്കുന്നുണ്ടെന്നതാണ് വസ്തുതയെന്നും സഹദേവൻ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.