കുളം കലക്കാൻ സംഘ്പരിവാർ; കുഴപ്പത്തിലായി എൻ.എസ്.എസ്
text_fieldsകോട്ടയം: സ്പീക്കർ എ.എൻ. ഷംസീറിന്‍റെ മിത്ത് പ്രസംഗത്തിൽ സ്വീകരിച്ച പരസ്യനിലപാടിൽ കുഴപ്പത്തിലായി എൻ.എസ്.എസ്. രണ്ടുദിവസമായി വിഷയത്തിൽ എൻ.എസ്.എസ് ആസ്ഥാനത്തുനിന്ന് പ്രതികരണങ്ങളുണ്ടായിരുന്നെങ്കിലും വ്യാഴാഴ്ച അത്തരത്തിലൊന്നുമുണ്ടായില്ല. അതിനിടെ, സംഘ്പരിവാർ നേതാക്കൾ ചങ്ങനാശ്ശേരിയിലെ ആസ്ഥാനത്തെത്തി ‘കുളം കലക്കി മീൻ പിടിക്കാൻ’ നീക്കം ആരംഭിച്ചതും എൻ.എസ്.എസിന്‍റെ നീക്കത്തിന് തിരിച്ചടിയാകുകയാണ്.
വിചാരിച്ചതിനും അപ്പുറത്തേക്ക് കാര്യങ്ങൾ പോകുന്നത് എൻ.എസ്.എസ് നേതൃത്വത്തിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ഇത്രയുംനാൾ രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് എൻ.എസ്.എസ് സമദൂര നിലപാടിലായിരുന്നു. എന്നാൽ, വിശ്വാസ സംരക്ഷണത്തിന് ഹിന്ദുസംഘടനകൾക്കൊപ്പം നിലകൊള്ളുമെന്ന ജനറൽ സെക്രട്ടറിയുടെ പ്രസ്താവന രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കാൻ സംഘ്പരിവാർ മുന്നോട്ടുവന്നതും തലസ്ഥാനത്ത് പ്രതിഷേധത്തിന്‍റെ ഭാഗമായി നാമജപ യാത്രക്കിറങ്ങിയ സമുദായാംഗങ്ങൾക്കെതിരെ കേസെടുത്തതും സാമ്പത്തികാരോപണങ്ങൾ ഉന്നയിച്ച് സി.പി.എം നേതാക്കൾ രംഗത്തെത്തിയതും എൻ.എസ്.എസിനെ പ്രതിരോധത്തിലാക്കുകയാണ്. ഷംസീർ മാപ്പ് പറയണമെന്ന നിലപാടിൽനിന്ന് പിന്നാക്കമില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും അത്തരത്തിലുള്ള ഒരു നടപടിയുമുണ്ടാകാത്തതും തിരിച്ചടിയാണ്.
സുകുമാരൻ നായരുടെ പ്രസ്താവന തള്ളാനും കൊള്ളാനും കഴിയാതെ കോൺഗ്രസ് നേതൃത്വം ചില പ്രസ്താവനകൾ നടത്തിയെങ്കിലും ശബരിമല വിഷയത്തിലേതെന്നപോലെ ഈ വിഷയത്തിൽ പരസ്യ പ്രതിഷേധത്തിനില്ലെന്ന് വ്യക്തമാക്കിയതും എൻ.എസ്.എസിനെ നിരാശരാക്കുന്നു. സംഘ്പരിവാർ സംഘടനകൾ ഈ വിഷയത്തിൽ ചങ്ങാത്തത്തിന് എത്തിയത് സമദൂര നിലപാടിന് തിരിച്ചടിയാകുമെന്ന ആശങ്ക സമുദായത്തിനുള്ളിലുമുണ്ട്. സി.പി.എമ്മിലെ എ.കെ. ബാലനെപ്പോലുള്ളവർ നടത്തിയ പരസ്യ ആരോപണങ്ങളും തിരിച്ചടിയാണ്.
ക്ഷേത്രഭൂമിയുൾപ്പെടെ എൻ.എസ്.എസ് കൈവശം െവച്ചിരിക്കുകയാണെന്ന ആരോപണത്തിന് ആര് മറുപടി പറയാൻ എന്ന നിലയിൽ അതിനെ സുകുമാരൻ നായർ പരിഹസിച്ച് തള്ളിയെങ്കിലും മാസങ്ങൾക്കുമുമ്പ് എൻ.എസ്.എസ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയ അംഗങ്ങളിൽ ചിലർ സമാനമായ ആക്ഷേപങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ സർക്കാറിന്‍റെ ഭാഗത്തുനിന്ന് മറ്റ് നീക്കങ്ങളെന്തെങ്കിലുമുണ്ടാകുമോയെന്ന ആശങ്കയും എൻ.എസ്.എസ് കേന്ദ്രങ്ങൾക്കില്ലാതില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.