ഫോഗിങ് ബോംബാക്രമണമായി ചിത്രീകരിച്ച് സംഘപരിവാർ; കള്ളം പൊളിച്ച് സോഷ്യൽ മീഡിയ
text_fieldsതിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഒാഫീസിന് മുമ്പിൽ കൊതുകു നിവാരണത്തിനായി സി.പി.എം കൗൺസിലർ ഫോഗിങ് നടത്തിയ സംഭവത്തെ ബോംബാക്രമണമാക്കി ചിത്രീകരിച്ച സംഘപരിവാരിന്‍റെ വ്യാജപ്രചരണം സാമൂഹിക മാധ്യമങ്ങൾ പൊളിച്ചടുക്കി. നഗരസഭ കൗണ്‍സിലർ ഐ.പി ബിനു ഫോഗിങ് നടത്തുന്ന ചിത്രം ഉപയോഗിച്ചാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ബോംബാക്രമണം നടത്തിയെന്ന വ്യാജ പ്രചരണം സംഘപരിവാർ പ്രവർത്തകർ നടത്തിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊതുകു നിവാരണത്തിനായി ബിനു തന്‍റെ വാർഡിൽ ഫോഗിങ് നടത്തി വരികയാണ്. വാർഡിൽ സ്ഥിതി ചെയ്യുന്ന ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഒാഫീസിന്‍റെ പരിസരത്തും ബുധനാഴ്ച ഫോഗിങ് നടത്തിയിരുന്നു. ഫോഗിങ് മെഷീനിൽ നിന്ന് ബി.ജെ.പി ഒാഫീസിലേക്ക് ഉയർന്ന പുക, ബോംബാക്രമണത്തിൽ ഉയർന്നതാണെന്ന തരത്തിൽ കണ്ണൂരിലെ ആർ.എസ്.എസ് പ്രവർത്തകരാണ് വ്യാപകമായി പ്രചരിപ്പിച്ചത്. സംഭവം വ്യാജമാണെന്ന് കണ്ടെത്തിയതോടെ യഥാർഥ ചിത്രവും വ്യാജനും കൂട്ടിച്ചേർത്ത് ഒരു വിഭാഗം സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്യാൻ തുടങ്ങി. വ്യാജ പ്രചരണത്തിലൂടെ വലിയ സംഘർഷത്തിന് വഴിവെക്കാനുള്ള സംഘപരിവാർ നീക്കമാണ് ഇതോടെ പൊളിഞ്ഞത്.
പൊതുപ്രവർത്തനത്തിലെ മികവ് കൊണ്ട് വാർഡിലെ അംഗങ്ങൾക്ക് സ്വീകാര്യനായ കൗൺസിലറാണ് ഡി.വൈ.എഫ്.ഐ നേതാവ് കൂടിയായ ഐ.പി ബിനു. മികച്ച കൗണ്‍സിലറിനുള്ള പുരസ്കാരം നേടിയിട്ടുള്ള ബിനു, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നല്ല ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പകർച്ചപ്പനി പടരുന്ന സാഹചര്യത്തിലാണ് കൊതുകു നിവാരണത്തിന്‍റെ ഭാഗമായി വാർഡിൽ രാവിലെയും വൈകീട്ടും ബിനു നേരിട്ടെത്തി ഫോഗിങ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.