ഡോക്ടർമാരുടെ വീട്ടിൽ സാനിഷ് നേടിയത് അട്ടിമറി ജയം
text_fieldsവെള്ളിമാട്കുന്ന്: പതിനയ്യായിരത്തിൽനിന്ന് ഇരുപത്തിയഞ്ചിലേക്കുള്ള റാങ്ക് ദൂരം സാനിഷ് അഹ്മദിന് ഹ്രസ്വമാക്കിയത് വീട്ടുകാർക്ക് വേറിട്ടൊരു വിജയം സമ്മാനിക്കണമെന്ന സ്വപ്നം. ഇത്തവണത്തെ നീറ്റ് അഖിലേന്ത്യാ പരീക്ഷയിൽ 25ാം റാങ്കും കേരള തലത്തിൽ മൂന്നാം റാങ്കുമാണ് വെള്ളിമാട്കുന്ന് വാപ്പോളിതാഴം അമ്പിളിനഗർ അഡ്വ. അഹ്മദ്കോയയുടെയും ആർ.ടി.ഒ ഓഫിസ് ജീവനക്കാരി സുനീറയുടെയും മകനായ സാനിഷ് നേടിയെടുത്തത്.
മൂത്ത സഹോദരൻ ഡാനിഷ് അഹ്മദ് ബംഗളൂരുവിൽ എം.ഡി ചെയ്യുകയാണ്. സഹോദരി മിസ്ന അഹ്മദ് പാലക്കാട് അവസാനവർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്. ഡോക്ടർമാരാകാനുള്ള യോഗ്യത രണ്ടു സഹോദരങ്ങളിലൂടെ വീടിെൻറ പടികടന്നെത്തിയതോടെ സാനിഷ് സമ്മർദത്തിലായിരുന്നു.
സിൽവർഹിൽസ് ഹയർസെക്കൻഡറിയിൽനിന്ന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി പ്ലസ് ടു പാസായെങ്കിലും 'അൾട്രാ ബ്രില്യേൻറാ' 'സൂപ്പർ ഗിഫ്റ്റഡോ' അല്ലാത്ത തന്നെ പോലെയുള്ള ഒരാൾക്ക് സഹോദരങ്ങളെക്കാൾ മികവാർന്ന വേറിട്ടൊരു വിജയമെന്നത് ഏറെ ശ്രമകരമായിരുന്നുവെന്ന് സാനിഷ് തന്നെ പറയുന്നു.
നീറ്റ് ആദ്യ ശ്രമത്തിൽ പതിനയ്യായിരമായിരുന്നു റാങ്ക്. പാലായിലായിരുന്നു ആവർത്തന കോച്ചിങ്. മെച്ചെപ്പട്ട റാങ്കിലെത്തി സഹോദരങ്ങളോടെങ്കിലും ഒപ്പമെത്തണമെന്ന ആഗ്രഹം മൂലം ദിവസേന തീവ്രശ്രമമായിരുന്നു.
സത്യത്തിൽ ലോക്ഡൗണിനെ സാനിഷ് അനുഗ്രഹമാക്കി മാറ്റി. വഴികാണിച്ചു തന്ന സഹോദരങ്ങളുടെയും രക്ഷിതാക്കളുെടയും സഹായം തെന്നയാണ് തനിക്ക് ഏറ്റവും ഗുണം ചെയ്തതെന്ന് സാനിഷ് പറയുന്നു.
എയിംസിൽ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് സാനിഷും കുടുംബവും. മക്കൾ മൂന്നു പേരെയും മെഡിസിന് പഠിപ്പിക്കാൻ സൗഭാഗ്യം ലഭിച്ചതിന് ദൈവത്തോട് നന്ദിയോതുകയാണ് മാതാപിതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.