ആർ.എസ്.എസ് പ്രവർത്തകന്‍റെ വധം; അന്വേഷണം തമിഴ്നാട്ടിലേക്കും, സെക്രട്ടറിയറ്റിലേക്ക് ഇന്ന് ബി.ജെ.പി മാർച്ച്
text_fieldsപാലക്കാട്: എലപ്പുള്ളിയിൽ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം തമിഴ്നാട്ടിലേക്കും. അക്രമികൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനങ്ങളിലൊന്ന് തമിഴ്നാട്ടിലേക്ക് കടന്നുവെന്ന വിവരത്തെ തുടർന്നാണിത്. കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
അതേസമയം, അക്രമികളുമായി ബന്ധമുണ്ടെന്ന് കരുതുന്ന മൂന്ന് പേരെ കൂടി ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഇന്നലെ മൂന്നുപേരെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. എട്ട് സംഘമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
സഞ്ജിത്തിനെ കൊലചെയ്യാൻ ഉപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങൾ കഴിഞ്ഞ ദിവസം കണ്ണന്നൂരിൽ നിന്ന് കണ്ടെത്തിയിരുന്നു. ദേശീയപാതക്ക് അരികിലാണ് വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയത്. ആയുധങ്ങളിൽ രക്തക്കറയുണ്ടായിരുന്നു. ഇതിന്‍റെ രാസപരിശോധന ഫലം കാത്തിരിക്കുകയാണ്.
തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് ആർ.എസ്.എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എലപ്പുള്ളി സ്വദേശി സഞ്ജിത്തി (27)നെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മമ്പ്രത്തെ ഭാര്യവീട്ടിൽ നിന്നും ഭാര്യയുമായി ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിജനമായ സ്ഥലത്ത് വച്ച് ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം.
അതേസമയം, കൊലക്ക് പിന്നിൽ എസ്.ഡി.പി.െഎ ആണെന്നാണ് ബി.ജെ.പിയുടെ ആരോപണം. അക്രമികളെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പി ഇന്ന് സെക്രട്ടറിയറ്റ് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.