സഞ്ജിത് വധം: അന്തിമ റിപ്പോർട്ട് ഫെബ്രുവരി പത്തിനകം
text_fieldsകൊച്ചി: പാലക്കാട് മമ്പുറത്തെ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഫെബ്രുവരി പത്തിനകം അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്ന് സർക്കാർ ഹൈകോടതിയിൽ. അന്വേഷണം അവസാന ഘട്ടത്തിലാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇയാൾ എവിടെയുണ്ടെന്ന് കണ്ടെത്തിയതായും സർക്കാർ വ്യക്തമാക്കി. നവംബർ 15ന് കൊല്ലപ്പെട്ട എ. സഞ്ജിത്തിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ എസ്. അർഷിക നൽകിയ ഹരജിയിലാണ് സർക്കാറിന്റെ വിശദീകരണം. കോടതി നിർദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്ന് സി.ബിഐ അറിയിച്ചു.
ഭാര്യയുമായി ബൈക്കിൽ പോകുമ്പോൾ നവംബർ 15നാണ് ഒരു സംഘം സഞ്ജിത്തിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത പ്രതികൾ ഇതരസംസ്ഥാനങ്ങളിലേക്ക് കടന്ന് ഒളിവിൽ കഴിയുന്ന സാഹചര്യമുള്ളതിനാൽ ഇവരെ പിടികൂടാൻ സമയമെടുക്കുമെന്ന് അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന എ.ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞതായി ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എസ്.ഡി.പി.ഐ പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്നും സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നുമാണ് ഹരജിയിലെ വാദം. കേസിൽ തിരിക്കിട്ട് അന്വേഷണം പൂർത്തിയാക്കേണ്ട സാഹചര്യമില്ലെന്ന് വാദത്തിനിടെ വാക്കാൽ വ്യക്തമാക്കിയ ജസ്റ്റിസ് കെ. ഹരിപാൽ ഹരജി വീണ്ടും ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.