സഞ്ജിത് വധം സി.ബി.ഐ അന്വേഷിക്കണമെന്ന ഭാര്യയുടെ ഹരജിയിൽ സർക്കാറിന്റെ വിശദീകരണം തേടി
text_fieldsകൊച്ചി: പാലക്കാട് മമ്പുറത്ത് ആർ.എസ്.എസ് പ്രവർത്തകനായിരുന്ന എ. സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പത്ത് പ്രതികളെ പിടികൂടിയെന്നും ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെ രണ്ടുദിവസംമുമ്പ് അറസ്റ്റ് ചെയ്തെന്നും സർക്കാർ ഹൈകോടതിയിൽ അറിയിച്ചു. നവംബർ 15നാണ് സഞ്ജിത് കൊല്ലപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യത്തെതുടർന്ന് എസ്.ഡി.പി.ഐ പ്രവർത്തകരാണ് കൊലപ്പെടുത്തിയതെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നുമാവശ്യപ്പെട്ട് ഭാര്യ അർഷിക നൽകിയ ഹരജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ, കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികൾ അന്തർസംസ്ഥാനങ്ങളിലേക്ക് കടന്ന് അവിടെ ഒളിവിൽ കഴിയുന്ന സാഹചര്യമുള്ളതിനാൽ ഇവരെ പിടികൂടാൻ സമയമെടുക്കുമെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എ.ഡി.ജി.പി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖം ചൂണ്ടിക്കാട്ടിയ ഹരജിക്കാരി, സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടു. കുറ്റകൃത്യം നടത്തിയശേഷം ഒളിവിൽ പോകുന്ന പ്രതികൾ പിന്നീട് മൊബൈൽ ഫോൺ ഉപയോഗിക്കില്ല. ഇതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും എ.ഡി.ജി.പി വിശദീകരിച്ചിരുന്നു. അറസ്റ്റിലായെന്ന് പൊലീസ് പറയുന്ന പ്രതികൾ കുറ്റകൃത്യത്തിൽ പങ്കെടുത്തവരല്ലെന്നും ഹരജിക്കാരിയുടെ അഭിഭാഷകൻ വാദിച്ചു. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സർക്കാറിനോട് നിർദേശിച്ച ജസ്റ്റിസ് കെ. ഹരിപാൽ, ഹരജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.