മറക്കാനാവുമോ മായന്നൂരിന്റെ ശങ്കർജിയെ
text_fieldsസ്വാതന്ത്ര്യസമര ചരിത്രത്തിൽ മറക്കാനാകാത്ത പേരാണ് മലയാളിയുടെ അഭിമാനം ‘ശങ്കർജി’ എന്ന മായന്നൂർ സ്വദേശി കെ. ശങ്കരനെഴുത്തച്ഛൻ. തിരുവില്വാമലയിൽ 1902ലാണ് ശങ്കരൻ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് തിരുവില്വാമല കൊറ്റുവീട്ടിൽ രാമൻ എഴുത്തച്ഛനും മാതാവ് ലക്ഷ്മിക്കുട്ടിയുമായിരുന്നു.
മായന്നൂർ ശേഖരത്തിൽ തറവാട്ടിലെ നാരായണിയമ്മയായിരുന്നു ശങ്കരന്റെ ഭാര്യ. നവീൻ ചന്ദ്രൻ, വിനയചന്ദ്രൻ എന്നിവരായിരുന്നു മക്കൾ. ഗാന്ധിയൻ ദർശനങ്ങളിൽ ആകൃഷ്ടനായ ശങ്കർജി, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുന്നതിനായി അഹമ്മദാബാദിലെ സബർമതി ആശ്രമത്തിലെത്തി. സബർമതി ആശ്രമത്തിലെ ഖാദി വിദ്യാർഥിയായി പ്രവർത്തിച്ചു. ഗാന്ധിജിയുടെ പ്രിയപ്പെട്ട അനുയായിയായിരുന്നു ശങ്കരൻ.
1930 മാർച്ച് 12ന് രാവിലെ 6.30ന് ഗാന്ധിജി തന്റെ 61ാം വയസ്സിൽ സത്യാഗ്രഹസമര ജീവിതത്തിന്റെ ഏറ്റവും ശക്തമായ പോരാട്ടപാതയിലേക്ക് സബർമതി ആശ്രമത്തിലെ ‘ഹൃദയകുഞ്ച് ഭവന’ത്തിൽനിന്ന് നടന്നുതുടങ്ങി. ഒപ്പം ശങ്കർജിയുമുണ്ടായിരുന്നു. നാല് ജില്ലകളും 48 ഗ്രാമങ്ങളും പിന്നിട്ട് 387.5 കിലോമീറ്റർ നടന്ന് ഏപ്രിൽ അഞ്ചിന് വൈകുന്നേരം സംഘം ദണ്ഡിയിലെത്തി. ശങ്കർജിയും സംഘവും കടൽവെള്ളം വറ്റിച്ച് ഉപ്പുണ്ടാക്കി നിയമലംഘനം നടത്തി.
മേയ് അഞ്ചിന് ഗാന്ധിജി കരാടിയിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ദണ്ഡിക്ക് സമീപമുള്ള ധാരാസനയിലെ ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഉപ്പു ഫാക്ടറിയിലേക്ക് സത്യഗ്രഹികൾ പ്രകടനവുമായി നീങ്ങി. ബ്രിട്ടീഷ് പൊലീസിന്റെ ക്രൂര മർദനമുറകളാണ് പിന്നീടവിടെ അരങ്ങേറിയത്. മാരക മുറിവേറ്റ ശങ്കർജിയെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. പിന്നീട് ജയിൽ ശിക്ഷകഴിഞ്ഞ് തിരികെയെത്തിയ ശങ്കർജി, ഗാന്ധിജിയുമായി കൂടിക്കാഴ്ച നടത്തി. തുടർന്നുള്ള പ്രവർത്തനങ്ങൾ സ്വന്തം നാട്ടിൽ ഗ്രാമ സമുദ്ധാരണ പ്രവർത്തനങ്ങൾക്കും ഗ്രാമീണരെ സ്വയംപര്യാപ്തരാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കുമായി നീക്കിവെക്കാൻ ഗാന്ധിജി അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
ഇതോടെ ശങ്കർജി നാട്ടിലേക്ക് മടങ്ങുകയും മായന്നൂരിൽ ഖാദി പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. അദ്ദേഹം ചർക്ക പ്രചരിപ്പിക്കുകയും നൂൽനൂൽപ്പിലും തുണിനെയ്ത്തിലും ഗ്രാമീണർക്ക് പരിശീലനം നൽകുകയും ചെയ്തു. ഗുജറാത്തിലെ ദണ്ഡിയിൽ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ച ഉപ്പുസത്യഗ്രഹ സ്മാരകത്തിൽ ശങ്കർജിയുടെ പൂർണകായ പ്രതിമ ഇടം പിടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.