ശബരിമലയിൽ വീണ്ടും നാമജപ പ്രതിഷേധം
text_fieldsസന്നിധാനം: ശബരിമലയിൽ വീണ്ടും നാമജപ പ്രതിഷേധം. രണ്ടിടത്തായാണ് 150ഒാളം വരുന്ന പ്രതിഷേധക്കാർ നാമജപം ചൊല്ലിയത്. മ ാളികപ്പുറം താഴെ തിരുമുറ്റത്ത് രണ്ടിടത്താണു നാമജപം നടന്നത്. പൊലീസ് ഇവർക്കരികിൽ നിലയുറപ്പിച്ചിരുന്നു. പിന്നീട് ഹരിവരാസനം പാടി നടയടച്ചതോടെ നാമജപക്കാർ സമാധാനപരമായി പിരിഞ്ഞുപോയി.
ഭക്തജനങ്ങളുടെ ഒഴുക്ക്
ശബരിമല: മണ്ഡലകാലം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ ഭക്തജനത്തിരക്കാണ് തിങ്കളാഴ്ച സന്നിധാനത്ത് അനുഭവപ്പെട്ടത്. അറുപതിനായിരത്തോളം തീർഥാടകർ ദർശനം നടത്തിയതായാണ് പമ്പയിൽനിന്ന് ലഭിക്കുന്ന കണക്ക്. നിർമാല്യ ദർശനത്തിന് നട തുറന്നപ്പോൾ മുതൽ ഉച്ചക്ക് നട അടക്കുന്നതു വരെ വലിയ നടപ്പന്തലിലും സന്നിധാനത്തും നല്ല തിരക്കായിരുന്നു. ഉച്ചവരെ പതിനെട്ടാംപടിയിൽ ആളൊഴിഞ്ഞില്ല. ഉച്ചവരെ മുപ്പതിനായിരത്തോളം പേർ ദർശനം നടത്തി.
ഇത്രയേറെ ഭക്തർ എത്തിയിട്ടും ആർക്കും അധികനേരം കാത്തുനിൽക്കേണ്ടി വന്നില്ല. കാനനപാത വഴി തിങ്കളാഴ്ച 257 പേരാണ് എത്തിയത്. ഇതര സംസ്ഥാന തീർഥാടകരിൽ ഏറിയ പങ്കും പുലർച്ച എത്തി ദർശനവും നെയ്യഭിഷേകം ഉൾെപ്പടെ വഴിപാടുകൾ പൂർത്തിയാക്കി ഉച്ചകഴിയുന്നതോടെ മലയിറങ്ങുന്ന രീതിയാണ് ഇപ്പോൾ. വൈകീട്ട് മൂന്നിന് നട തുറക്കുന്നതോടെ ആരംഭിക്കുന്ന തിരക്ക് രാത്രി എട്ടുവരെ നീളുന്നുണ്ട്. ഇത്രയേറെ തീർഥാടകർ എത്തിയിട്ടും നിയന്ത്രണങ്ങളിൽ ഇളവുവരുത്താൻ പൊലീസ് തയാറായില്ല. വാവർ നടയുടെ സമീപത്തെ മരച്ചുവട്ടിൽ വിശ്രമിക്കാനിരുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങളെ പൊലീസ് തിങ്കളാഴ്ചയും ഒഴിപ്പിച്ചു. എരുമേലിയിലും പമ്പയിലുമടക്കം തിങ്കളാഴ്ച രാത്രി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ബി.ജെ.പി നേതാവ് കസ്റ്റഡിയിൽ
നിലക്കൽ: ശബരിമലയിലേക്ക് പോകാനെത്തിയ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എം.ബി. രാജഗോപാൽ കസ്റ്റഡിയിൽ. പമ്പയിലേക്ക് പോകാനെത്തിയ രാജഗോപാലിനെ കെ.എസ്.ആർ.ടി.സി ബസിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നൽകിയ നോട്ടീസ് കൈപ്പറ്റാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചങ്ങനാശ്ശേരി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സന്നിധാനത്ത് പ്രതിഷേധിക്കാൻ ബി.ജെ.പി നിയോഗിച്ച നേതാവാണ് രാജഗോപാൽ. ദർശനത്തിനെത്തിയതാണെന്നും അനാവശ്യമായി കസ്റ്റഡിയിലെടുത്തതാണെന്നും രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. ക്രിമിനൽ പശ്ചാത്തലം പരിശോധിച്ച ശേഷം തുടർ നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
സുരക്ഷ: ദിനേന്ദ്ര കശ്യപിനും അശോക് യാദവിനും ചുമതല
തിരുവനന്തപുരം: ശബരിമല സുരക്ഷാചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരെ പുനഃക്രമീകരിച്ചു. 30 മുതൽ ഡിസംബർ 14 വരെയുള്ള രണ്ടാംഘട്ടത്തിൽ പമ്പയുടെയും സന്നിധാനത്തിെൻറയും സുരക്ഷാ മേൽനോട്ട ചുമതല പൊലീസ് ആസ്ഥാനത്തെ ഐ.ജി ദിനേന്ദ്ര കശ്യപിനാകും. ഐ.ജി വിജയ് സാക്കറെക്ക് പകരമാണിത്. നിലക്കൽ, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളുടെ സുരക്ഷ ഇൻറലിജൻസ് ഐ.ജി അശോക് യാദവിനായിരിക്കും. സുരക്ഷാചുമതലയുള്ള പൊലീസ് ജോയൻറ് ചീഫ് കോഓഡിനേറ്ററായി തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം തുടരും.
നിലക്കലിൽ യതീഷ് ചന്ദ്രക്ക് പകരം ടെലികമ്യൂണിക്കേഷൻ എസ്.പി എസ്. മഞ്ജുനാഥ്, സ്പെഷൽ സെൽ എസ്.പി വി. അജിത് എന്നിവർ രണ്ടാംഘട്ടത്തിൽ പൊലീസ് കൺേട്രാളർമാരാകും. സന്നിധാനത്ത് പൊലീസ് കൺട്രോളർമാരായി എസ്.പി പ്രതീഷ്കുമാറിന് പകരം വയനാട് ജില്ല പൊലീസ് മേധാവി കറുപ്പസാമി, വിജിലൻസ് എസ്.പി കെ.ഇ. ബൈജു എന്നിവരെ നിയോഗിച്ചു. പമ്പയില്‍ എസ്. ഹരിശങ്കറിന് പകരം കോഴിക്കോട് സിറ്റി പൊലീസ് മേധാവി കാളിരാജ് മഹേഷ്കുമാർ, തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി എം.കെ. പുഷ്കരൻ എന്നിവർക്കും ചുമതല നൽകി.
മരക്കൂട്ടത്ത് കേരള പൊലീസ് അക്കാദമി അസിസ്റ്റൻറ് ഡയറക്ടർ കെ.കെ. അജി, വടശ്ശേരിക്കരയിൽ കെ.എ.പി ഒന്നാം ബറ്റാലിയൻ കമാൻഡൻറ് പി.വി. വിൽസൻ, എരുമേലിയിൽ എൻ.ആർ.ഐ സെൽ എസ്.പി വി.ജി. വിനോദ് കുമാർ എന്നിവരെയും നിയോഗിച്ചു. വയനാട് എസ്.പിയും കോഴിക്കോട് സിറ്റി പൊലീസ് കമീഷണറുമാണ് പുതുതായി സുരക്ഷാചുമതല ഏല്‍ക്കുന്നത്. ഇവര്‍ക്കുപകരം കോഴിക്കോട് റൂറല്‍ എസ്.പിക്ക് വയനാടിെൻറയും കോഴിക്കോട് ഡെപ്യൂട്ടി കമീഷണര്‍ക്ക് സിറ്റി പൊലീസ് കമീഷണറുെടയും ചുമതല നല്കി. തൃശൂർ സിറ്റി പൊലീസ് കമീഷണർ യതീഷ് ചന്ദ്ര ആ സ്ഥാനത്തേക്ക് മടങ്ങിപ്പോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.