സംസ്കൃത വാഴ്സിറ്റി തൃശൂർ കേന്ദ്രം നിർത്തലാക്കാൻ നീക്കം
text_fieldsതൃശൂർ: കാലടി സംസ്കൃത സർവകലാശാല തൃശൂർ കേന്ദ്രം നിർത്താൻ നീക്കം. പുതിയ അധ്യയനവർ ഷം ബിരുദാനന്തര കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചതിൽ തൃശൂർ ഇല്ല. സ്ഥലവാടക ഉൾപ്പെടെ ചെലവുകൾ താങ്ങാനാവാത്ത സാഹചര്യത്തിൽ, സൗജന്യമായോ ചെറിയ വാടകക്കോ സ്ഥലം കിട്ടിയില്ലെങ്കിൽ കേന്ദ്രം നിർത്താനുള്ള നീക്കത്തിലാണ് സർവകലാശാല.
കാലടി ആസ്ഥാനത്തിന് പുറമെ പയ്യന്നൂർ, കൊയിലാണ്ടി, തിരൂർ, തൃശൂർ, ഏറ്റുമാനൂർ, തുറവൂർ, പന്മന, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സർവകലാശാല കേന്ദ്രങ്ങളുള്ളത്. തൃശൂരും തുറവൂരുമാണ് വാടകക്കെട്ടിടത്തിൽ. തുറവൂരിൽ പഞ്ചായത്ത് അനുവദിച്ചതാണ് സ്ഥലം. തൃശൂർ പടിഞ്ഞാറെ കോട്ടയിലെ കേന്ദ്രത്തിൽ എം.എ സംസ്കൃതം സാഹിത്യം, മലയാളം, ഹിന്ദി കോഴ്സുകളാണുള്ളത്. 2005ൽ തുടങ്ങിയ സംസ്കൃതം ‘ന്യായം’ കോഴ്സ് രണ്ട് വർഷം മുമ്പ് വിദ്യാർഥികളില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ചിരുന്നു.
എന്നാൽ, ഗസ്റ്റ് അധ്യാപകരെ കുറക്കാനും മറ്റുമായാണ് നിർത്തിയതെന്ന് ആക്ഷേപമുണ്ട്. നാല് അധ്യാപകർ പുറത്താവുകയും ചെയ്തു. നിലവിൽ മൂന്ന് കോഴ്സിനുമായി 12 അധ്യാപകരുണ്ട്. ആറ് പേർ താൽക്കാലികക്കാരാണ്. രണ്ട് പതിറ്റാണ്ടോളം പരിചയമുള്ള ഗസ്റ്റ് അധ്യാപകരും കൂട്ടത്തിലുണ്ട്. തൃശൂരിലെ കോളജുകളിൽനിന്ന് ബിരുദം കഴിയുന്നവർ ബിരുദാനന്തര കോഴ്സിന് ആദ്യം ആശ്രയിക്കുന്നത് ഇൗ കേന്ദ്രത്തെയാണ്. ഒറ്റ പെൺകുട്ടികൾക്കടക്കമുള്ള സർക്കാരിെൻറ സ്കോളർഷിപ്പോടെ ഇവിടെ പഠിക്കാനാവും. വിദ്യാർഥികളിൽ അധികവും പെൺകുട്ടികളാണ്. പുതിയ അധ്യയനവർഷം പ്രവേശനം നടന്നില്ലെങ്കിൽ സ്വാഭാവികമായും കോഴ്സ് തുടരാനാവില്ല. ഇപ്പോഴത്തെ സീനിയർ ബാച്ച് ഏപ്രിലിൽ പുറത്തിറങ്ങും. രണ്ടാം വർഷ വിദ്യാർഥികളുടെ ‘ബലത്തിൽ’ ഒരു വർഷം കൂടി അധ്യാപകർക്ക് തുടരാം. സഥിരാധ്യാപകരെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റും. കാമ്പസ് ഡയറക്ടർ അടുത്ത വർഷം വിരമിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.