ശാന്തൻപാറയിലെ സി.പി.എം ഓഫിസ് നിർമാണം: ഒറ്റരാത്രികൊണ്ട് പണി തീർത്തെന്ന് ഹൈക്കോടതിയിൽ ഹരജിക്കാർ
text_fieldsകൊച്ചി: ഹൈകോടതി ഉത്തരവിന്റെ പകർപ്പ് രജിസ്ട്രി നൽകാതിരുന്നത് മുതലെടുത്ത് സി.പി.എം ആഗസ്റ്റ് 22നു രാത്രി മുഴുവൻ ജോലിക്കാരെയും വെച്ച് ശാന്തൻപാറയിലെ ഏരിയ കമ്മിറ്റി ഓഫിസ് നിർമാണം പൂർത്തിയാക്കിയെന്ന് ഹരജിക്കാർ ആരോപിച്ചു. ടൈൽ ജോലികൾ വരെ ഒറ്റരാത്രികൊണ്ട് തീർത്തു. ജില്ലയിലെ മിക്ക നിർമാണ തൊഴിലാളികളെയും രാത്രി ശാന്തൻപാറയിലെത്തിച്ചാണ് പണി പൂർത്തിയാക്കിയത്. 23ന് രാവിലെ പത്തരക്കാണ് വില്ലേജ് ഓഫിസർ മുഖേന കലക്ടർ സ്റ്റോപ് മെമ്മോ നൽകിയത്. ഇടക്കാല ഉത്തരവുണ്ടായിട്ടും നിർമാണം നടത്തിയത് കോടതിയുത്തരവിന്റെ ലംഘനമാണെന്നും ജില്ല സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. രാത്രി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത് കലക്ടറെയും ആർ.ഡി.ഒ യെയും അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും ആരോപിച്ചു.
ഉത്തരവു ലംഘിച്ചിട്ടില്ലെന്നും 23ന് സ്റ്റോപ് മെമ്മോ ലഭിച്ചശേഷം നിർമാണം നടത്തിയിട്ടില്ലെന്നും സി.പി.എം ജില്ല കമ്മിറ്റിക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വാദിച്ചു. തലേന്നത്തെ ഇടക്കാല ഉത്തരവിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. രാത്രി മുഴുവൻ നിർമാണ പ്രവർത്തനങ്ങൾ നടത്തി എന്ന വാദം ശരിയല്ല. വസ്തുതകൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാം. മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥനത്തിലാണ് ഹരജിക്കാർ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും വാദിച്ചു. ബൈസൺവാലിയിലെ പാർട്ടി ഓഫിസ് നിർമാണത്തിനും സ്റ്റോപ് മെമ്മോ നൽകിയതായി അമിക്കസ് ക്യൂറി പറഞ്ഞു. ഇവിടത്തെ നിർമാണവും നിർത്തിവെക്കാൻ കോടതി ഉത്തരവിട്ടു. ഹരജി ഓണാവധിക്ക് ശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി.
സി.പി.എം ഓഫിസ്: കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തും -സി.വി. വർഗീസ്
തൊടുപുഴ: സി.പി.എം. ശാന്തൻ പാറ ഓഫിസ് നിർമാണം തുടർന്നത് കോടതിയലക്ഷ്യമല്ലെന്നും കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുമെന്നും സി.പി.എം. ഇടുക്കി ജില്ല സെക്രട്ടറി സി.വി. വർഗീസ്. ഓഫിസ് നിർമാണം പ്രത്യേക സാഹചര്യത്തിലായിരുന്നു. ജില്ല കലക്ടറുടെ കത്ത് ബുധനാഴ്ച രാവിലെ ലഭിച്ചതോടെ ഓഫിസ് നിർമാണം നിർത്തിവെച്ചിട്ടുണ്ട്. ജില്ലയിലെ മറ്റ് പല നിർമാണങ്ങളെപ്പോലെ പാർട്ടി ഓഫിസിനും എൻ.ഒ.സി ലഭിച്ചിട്ടില്ലെന്നും കോടതി ഉത്തരവിനെ നിയമ സാധ്യതകൾ പരിശോധിച്ച് നേരിടുമെന്നും സി.വി. വർഗീസ് പറഞ്ഞു. ലാൻഡ് അസൈൻമെന്റ് പട്ടയങ്ങളിൽ നിരോധന ഉത്തരവ് ലഭിച്ചതും എൻ.ഒ.സി. ഇല്ലാത്തതുമായ ആയിരക്കണക്കിന് കെട്ടിടങ്ങളുടെ നിർമാണം ഇടുക്കി ജില്ലയിൽ പുരോഗമിക്കുന്നുണ്ട്. അതെല്ലാം ഭൂമിപതിവ് നിയമ ഭേദഗതി വരുന്നതോടെ സാധൂകരിക്കപ്പെടുമെന്നും വർഗീസ് പറഞ്ഞു. തൊടുപുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
1996ൽ പാർട്ടിക്ക് കിട്ടിയിട്ടുള്ള പട്ടയ ഭൂമിയിലാണ് ശാന്തൻപാറ ഏരിയ കമ്മിറ്റി ഓഫിസ് പ്രവർത്തിച്ചിരുന്നത്. തേക്കടി-മൂന്നാർ റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ടാണ് കെട്ടിടം പൊളിച്ചുകൊടുക്കേണ്ടിവന്നത്. സ്വാഭാവികമായും അതിന്റെ നവീകരണം നടത്തിയിട്ടുണ്ട്. അവിടെ കൈയേറ്റമൊന്നും നടന്നിട്ടില്ല.
മാത്യു കുഴൽനാടന്റെ കൈയേറ്റത്തെയും നിയമലംഘനങ്ങളെയും ന്യായീകരിക്കാനുള്ള ബോധപൂർവമായ നീക്കത്തിന്റെ ഭാഗമാണ് പാർട്ടി ഓഫിസ് നിർമാണങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ. ഭൂപ്രശ്നങ്ങൾ ഒരിക്കലും പരിഹരിക്കപ്പെടരുതെന്ന് ആഗ്രഹിക്കുന്ന ഒരുകൂട്ടം പേരുടെ പ്രതിനിധിയാണ് കുഴൽനാടൻ. കോടതിയിൽ ഉടൻ വിശദീകരണം നൽകുമെന്നും സി.വി. വർഗീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.