മറ്റുള്ളവർക്കായി ജീവൻ പകുത്തുനൽകിയ സന്തോഷിനെ സഹായിക്കുമോ
text_fieldsതിരുവനന്തപുരം: അന്ന് മറ്റുള്ളവർക്കായി ജീവൻ പകുത്തുനൽകിയ സന്തോഷ് കുമാർ ഇന്ന് ജീവിക്കാൻ പെടാപ്പാട് പെടുകയാണ്. വൃക്കയും കരളും തകരാറിലായ ഈ 43കാരന് ഈ അവയവങ്ങൾ മാറ്റിവെക്കണമെങ്കിൽ വേണ്ടത് ലക്ഷങ്ങൾ. അവയവ, രക്തദാനങ്ങളിലൂടെ ജനശ്രദ്ധ നേടിയ യുവാവിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയം.
നിത്യവൃത്തിക്കുപോലും മാർഗമില്ലാതെ കട്ടിലിൽ ജീവിതം തള്ളിനീക്കുന്ന ഈ യുവാവിന്റെ ഉൾപ്പെടെ മൂന്ന് വയറുകൾ നിറയ്ക്കാൻ യാതൊരു നിവൃത്തിയുമില്ലാത്ത അവസ്ഥയാണുള്ളത്. വൃദ്ധയായ മാതാവ് ശാന്തയും 12 കാരനായ മകൻ അഭിജിത്തുമൊപ്പം തിരുവനന്തപുരം ചേങ്കോട്ടുകോണം ഉഴുന്നുവിളാകം എന്ന വാടക വീട്ടിലാണ് താമസം. എന്നാൽ, മാസങ്ങളായി വാടകപോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയാണ്.
വാടകവീട്ടിലെ അലമാരകളിൽ നിറഞ്ഞിരിക്കുന്നത് സന്തോഷ് കുമാറിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലഭിച്ച അഭിനന്ദനങ്ങളും അംഗീകാരങ്ങളുമാണ്. കേരളത്തിൽ ആദ്യമായി അവയവദാനം നൽകിയ വ്യക്തികളിലൊരാളാണ് സന്തോഷ് കുമാർ. സുഹൃത്തിന്റെ മാതാവിന് വൃക്കയാണ് ദാനം ചെയ്തത്. തന്റെ ഇഷ്ടതാരമായ മോഹൻലാലിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന സന്തോഷ് കുമാർ അവയവം ദാനം ചെയ്തത്.
അതിനെതുടർന്ന് മോഹൻലാൽ അഭിനന്ദിച്ചതും സമ്മാനമായി നൽകിയ ആറന്മുള കണ്ണാടിയും നിധിപോലെയാണ് സന്തോഷ് കുമാർ ഇന്നും സൂക്ഷിക്കുന്നത്. അവയവദാനത്തിന് പുറമെ 198 തവണ രക്തദാനവും നടത്തി. ആദ്യമായി അവയവദാനം നടത്തിയ ദമ്പതികൾ എന്ന അംഗീകാരവും സന്തോഷിനും ഭാര്യക്കും ലഭിച്ചിരുന്നു.
വൃക്ക, കരൾ രോഗബാധിതരായവരെ പത്ത് കിലോമീറ്റർ ചുറ്റളവിൽ പണമൊന്നും വാങ്ങാതെയാണ് സന്തോഷ് കുമാർ തന്റെ ഓട്ടോയിൽ കൊണ്ടുപോയിക്കൊണ്ടിരുന്നത്. അവയവങ്ങൾ മാറ്റിവെക്കാൻ 65 ലക്ഷത്തോളം രൂപ വേണ്ടിവരും. സന്തോഷ് കുമാർ ജി.എസ്, കാനറാ ബാങ്ക്, ശ്രീകാര്യം ബ്രാഞ്ച്, അക്കൗണ്ട് നമ്പർ 40032250006182, ഐ.എഫ്.സി കോഡ്-CNRB0014003, ഫോൺ-9605017928.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.