സാന്‍റിയാഗോ മാർട്ടിന്‍റെ സ്വത്ത് ജപ്‌തി ചെയ്യൽ; ഇ.ഡിക്കെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ചും തള്ളി
text_fieldsകൊച്ചി: ലോട്ടറി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) സ്വത്ത് ജപ്തി ചെയ്തത് ചോദ്യം ചെയ്യുന്ന സാന്‍റിയാഗോ മാർട്ടിന്‍റെ അപ്പീൽ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളി.
910. 29 കോടിയുടെ സ്വത്ത് താൽക്കാലികമായി ജപ്തി ചെയ്തതിനെതിരായ ഹരജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവ്, ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശരിവെച്ചു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു സാന്‍റിയാഗോ മാർട്ടിന്‍റെയും ഫ്യൂച്വർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവിസസ് ലിമിറ്റഡിെന്‍റയും അപ്പീൽ.
സംസ്ഥാനത്തെ ലോട്ടറി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ലോട്ടറിക്കച്ചവടം നടത്തിയ കേസിൽ സാന്‍റിയാഗോ മാർട്ടിൻ പങ്കാളിയായ എം.ജെ അസോസിയേറ്റ്‌സിനെതിരെ സി.ബി.ഐ കുറ്റപത്രം നൽകിയതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമപ്രകാരം ഇ.ഡി കേസ് രജിസ്റ്റർ ചെയ്ത് സ്വത്ത് ജപ്തി ചെയ്തത്. 2016 മുതൽ പല തവണകളായിട്ടായിരുന്നു ജപ്തി. കഴിഞ്ഞ ജൂൺ ഒമ്പതിനും കുറേ സ്വത്തുക്കൾ ജപ്തി ചെയ്തിരുന്നു.
തനിക്ക് എം.ജെ അസോസിയേറ്റ്‌സിൽ 51 ശതമാനം ഓഹരിയും മറ്റൊരു പങ്കാളിയായ ജയമോഹന് 49 ശതമാനം ഓഹരിയുമാണുള്ളതെന്നും പാർട്‌ണർഷിപ് കമ്പനിയുടെ പേരിലുള്ള കേസിൽ തന്‍റെ സ്വത്തിൽനിന്ന് 464.35 കോടിയുടേത് മാത്രമേ ജപ്തി ചെയ്യാനാവൂവെന്നുമായിരുന്നു മാർട്ടിന്‍റെ വാദം. ജപ്തി നടപടികൾക്കെതിരെ അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റിയെയും അപ്പലറ്റ് ട്രൈബ്യൂണലിനെയും സമീപിക്കാമെന്നിരിക്കെ നേരിട്ട് ഹൈകോടതിയെ സമീപിച്ചത് നിയമപരമല്ലെന്ന ഇ.ഡിയുടെ വാദം ശരിെവച്ചാണ് സിംഗിൾ ബെഞ്ച് ഹരജി തള്ളിയത്.
ജപ്‌തി നടപടികൾക്കെതിരായ പരാതി അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റിയുടെ പരിഗണനയിലുള്ളത് പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചും ഹരജി തള്ളിയത്. പരാതിയിൽ എത്രയും വേഗം അതോറിറ്റി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹരജിയിൽ നേരത്തേ ഹൈകോടതി നടത്തിയ നിരീക്ഷണങ്ങൾ കണക്കിലെടുക്കാതെ പരാതി പരിഗണിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.