സന്തോഷ് ശെൽവൻ ഒളിവിൽ കഴിഞ്ഞത് കൊട്ടവഞ്ചിക്കാർക്കൊപ്പം
text_fieldsമരട്: സന്തോഷ് ശെൽവൻ അടക്കം കഴിഞ്ഞ ദിവസം പിടിയിലായ കുറുവ മോഷണ സംഘാംഗങ്ങൾ താമസിച്ചിരുന്നത് കുണ്ടന്നൂർ പാലത്തിനുകീഴിൽ തമ്പടിച്ചിരുന്ന കൊട്ടവഞ്ചിക്കാരായ അന്തർ സംസ്ഥാനക്കാർക്കൊപ്പം. സ്ക്രാപ് ശേഖരിച്ച് വിൽപന നടത്തുന്നവരെന്ന് വിശ്വസിപ്പിച്ചാണ് ഇവർ ഇവിടെ തങ്ങിയിരുന്നത്. കുറുവസംഘത്തെ കുണ്ടന്നൂർ പാലത്തിന് താഴെനിന്ന് പിടികൂടിയ സംഭവത്തിന് പിന്നാലെ ഇവിടെ താമസിച്ചിരുന്ന കൊട്ടവഞ്ചിക്കാരെ ഉൾപ്പെടെ പൊലീസ് ഒഴിപ്പിച്ചു.
കഴിഞ്ഞദിവസം മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ ജീപ്പിൽനിന്ന് ചാടിപ്പോകുകയും പിന്നീട് തിരച്ചിലിനൊടുവിൽ സന്തോഷ് പിടിയിലാവുകയുമായിരുന്നു. തുടർന്നാണ് പൊലീസ് കൊട്ടവഞ്ചിക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളെടുത്തത്. കുണ്ടന്നൂർ പാലത്തിനുതാഴെയാണ് കൊട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തുന്ന അന്തർസംസ്ഥാനക്കാർ തമ്പടിച്ചിരുന്നത്. ഇവർക്കൊപ്പമാണ് സന്തോഷ് ശെൽവനും സംഘങ്ങളും നാളുകളായി താമസിച്ചുവന്നത്. കൂടാതെ, ഷീറ്റ് വലിച്ച് മറച്ച സ്ഥലത്ത് ഒളിക്കാനായി കുഴി എടുത്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ആലപ്പുഴ മണ്ണഞ്ചേരിയിലും മറ്റും നടത്തിയ കവർച്ചകൾക്ക് ശേഷമാണ് കുറുവസംഘം കുണ്ടന്നൂരിലെത്തിയത്. പകൽ സമയം സ്ക്രാപ് പെറുക്കി വിൽക്കുകയായിരുന്നു പതിവ്. ഇവരുടെ നീക്കം മനസ്സിലാക്കിയ മണ്ണഞ്ചേരി പൊലീസ് രഹസ്യമായി ഇവിടെ നടത്തിയ നിരീക്ഷണത്തിനുശേഷമാണ് രണ്ടുപേരെ പിടികൂടിയത്.
അതേസമയം, കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സന്തോഷ് ശെൽവത്തിന് പൊലീസ് ജീപ്പിൽനിന്ന് കടക്കാൻ വഴിയൊരുക്കിക്കൊടുത്തതിന് മരട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന സന്തോഷ് ശെൽവത്തിന്റെ ഭാര്യയെയും മാതാവിനെയും വിട്ടയച്ചു. കുറുവ സംഘാംഗം പിടിയിലായതിനെ തുടർന്ന് കുണ്ടന്നൂരിലെ ഒറ്റപ്പെട്ട മേഖലകളിൽ താമസിക്കുന്ന നാടോടികളെയും മറ്റും ഒഴിപ്പിക്കണമെന്നും കൊട്ട നെയ്യുന്നവരുടെയിടയിലും ലോറി പാർക്ക് ചെയ്യുന്ന സ്ഥലത്തും പൊലീസ് പട്രോളിങ് കർശനമാക്കണമെന്നുമുള്ള ആവശ്യം ഉയർന്നിട്ടുണ്ട്. കുണ്ടന്നൂർ-തേവര പാലത്തിനുതാഴെ തമ്പടിച്ചവരെ നീക്കണമെന്ന് സ്പെഷൽ ബ്രാഞ്ച് നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും ബന്ധപ്പെട്ടവർ അത് കാര്യമായെടുത്തില്ലെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.