സാൻട്രോ രവി കൊച്ചിയിലും ഒളിവിൽ കഴിഞ്ഞു
text_fieldsരവി അഹ്മദാബാദിൽ
അറസ്റ്റിലായപ്പോൾ
ബംഗളൂരു: കുപ്രസിദ്ധ ഇടനിലക്കാരൻ സാൻട്രോ രവി കൊച്ചിയിലും ഒളിവിൽ കഴിഞ്ഞതായി എ.ഡി.ജി.പി അലോക് കുമാർ പറഞ്ഞു. സാൻട്രോ രവിയുടെ സഹായികളായ ശ്രുതേഷ്, മധുസൂദൻ എന്നിവരെ മൈസൂരുവിൽനിന്നും രാംജി എന്നയാളെ കൊച്ചിയിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. കേരളമടക്കം ഏഴു സംസ്ഥാനങ്ങളിലായി നാലു പ്രത്യേക സംഘങ്ങളായാണ് പൊലീസ് പ്രതിക്കായി തിരച്ചിൽ നടത്തിയത്.
മീശ വടിച്ചും വിഗ് ഒഴിവാക്കിയും വേഷം മാറിയ പ്രതി കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഫോൺ നമ്പറും വാഹനവും വീടും മാറി, കൊച്ചിയിൽനിന്ന് പുണെയിലേക്കും അവിടെനിന്ന് ഗുജറാത്തിലേക്കും കടക്കുകയായിരുന്നു. കേസെടുത്ത് 11 ദിവസത്തിനു ശേഷമാണ് സാൻട്രോ രവിയെ അഹ്മദാബാദ് പൊലീസിന്റെ സഹായത്തോടെ മൈസൂരു പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രതിക്കെതിരെ നിലവിൽ 28 കേസുകളുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ മൈസൂരുവിലേക്ക് കൊണ്ടുവരും.
ഇയാളുടെ രണ്ടാം ഭാര്യയായ ദലിത് യുവതി മൈസൂരു സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിൽ സ്ത്രീധന നിരോധന നിയമപ്രകാരം മൈസൂരു പൊലീസ് കേസെടുത്തതോടെയാണ് പ്രതി ഒളിവിൽ പോയത്. 2019ൽ പ്രാദേശിക പത്രത്തിൽ പരസ്യം കണ്ടാണ് പ്രതിയെ താൻ ബന്ധപ്പെട്ടതെന്നും ഇന്റർവ്യൂവിന് ചെന്ന തന്നെ ലഹരിമരുന്ന് നൽകി മയക്കി ബലാത്സംഗം ചെയ്തതായും ഭീഷണിപ്പെടുത്തി വിവാഹം ചെയ്തതായും പരാതിയിൽ പറയുന്നു. സാൻട്രോ രവിയെ ഒഴിവാക്കാൻ ശ്രമിച്ചതിനെ തുടർന്ന് തന്നെ കോട്ടൺപേട്ട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കവർച്ച കേസിൽ കുടുക്കി അറസ്റ്റ് ചെയ്യിച്ചതായും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ക്രിമിനൽ പശ്ചാത്തലമുള്ള സാൻട്രോ രവിക്കെതിരെ മുമ്പും മനുഷ്യക്കടത്ത്, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസുകളുണ്ടായിരുന്നു. വാഹന മോഷണ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞശേഷം പുറത്തുവന്നതോടെയാണ് പെൺകടത്ത് ഇയാൾ സജീവമാക്കിയത്. 2005ൽ ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായ ഇയാൾ ഒമ്പതു മാസം ജയിലിലായിരുന്നു. മാണ്ഡ്യ ചാമുണ്ഡേശ്വരി നഗർ സ്വദേശിയായ ഇയാൾക്ക് മൈസൂരു ദത്തഗള്ളിയിലും ബംഗളൂരു ആർ.ആർ നഗറിലും വീടുകളുണ്ട്. 2008ലാണ് ബംഗളൂരുവിലേക്ക് താമസം മാറ്റിയത്. ഇദ്ദേഹത്തിന്റെ പിതാവ് എക്സൈസ് വകുപ്പിൽനിന്ന് അസി. കമീഷണറായി വിരമിച്ചയാളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.