സനു മോഹനെ കോയമ്പത്തൂരിലെത്തിച്ചു
text_fieldsകാക്കനാട്: വൈഗ കൊലക്കേസിൽ പത്തുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ ലഭിച്ച പ്രതി സനു മോഹനെ തെളിവെടുപ്പിനായി കോയമ്പത്തൂരിൽ എത്തിച്ചു. മകൾ വൈഗയെ കൊലപ്പെടുത്തിയശേഷം ഇയാൾ ആദ്യം പോയത് കോയമ്പത്തൂർക്കാണ്. ബുധനാഴ്ച പുലർച്ചയാണ് സംഘം യാത്രതിരിച്ചത്. തൃക്കാക്കര സി.ഐ കെ. ധനപാലൻ, കാർവാറിൽനിന്ന് ഇയാളെ പിടികൂടിയ പൊലീസുകാരായ എസ്.ഐ പി.എ. ഷമീർ ഖാൻ, സീനിയർ സി.പി.ഒ രഞ്ജിത് ബി. നായർ, എ.സി.പി ഓഫിസിലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരാണ് സംഘത്തിലുള്ളത്.
കോയമ്പത്തൂരിൽ വിൽപന നടത്തിയ ഇയാളുടെ കാർ കണ്ടെത്താനാണ് ശ്രമം. ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ മകളെ ഇയാൾ മുട്ടാർ പുഴയിലേക്ക് കൊണ്ടുപോയത് ഈ കാറിലായിരുന്നു. കാർ കണ്ടെത്തിയശേഷം അവിടത്തെ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. കോയമ്പത്തൂരിൽ സ്വർണം പണയംെവച്ചതായും താമസിച്ചതായും ഇയാൾ മൊഴി നൽകിയിരുന്നു. ഇവിടെയും തെളിവെടുപ്പ് നടത്തും. തമിഴ്നാട്ടിലെ തെളിവെടുപ്പിനുശേഷം കർണാടക, ഗോവ എന്നിവിടങ്ങളിലെത്തിച്ചും തെളിവെടുക്കേണ്ടതുണ്ട്. കേടായി എന്നുപറഞ്ഞ് ഇയാൾ ഉപേക്ഷിച്ച ഫോൺ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നുണ്ട്.
കങ്ങരപ്പടിയിലെ ഫ്ലാറ്റിലും വൈഗയെ തള്ളിയ പുഴയിലും ചൊവ്വാഴ്ച തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.