സനു മോഹൻ: ബുദ്ധിമാനായ സൈകോ, നടന്നത് ഹീനമായ കൊലപാതകം
text_fieldsകൊച്ചി: സനു മോഹൻ 'ബുദ്ധിമാനായ സൈകോ' ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. ഒരുമാസം നീണ്ട തിരോധാനത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് പൊലീസിെൻറ അഭിപ്രായപ്രകടനം. പിടിക്കപ്പെടാതിരിക്കാൻ ഇയാൾ ബുദ്ധിപൂർവമായ ശ്രമങ്ങളാണ് നടത്തിയിരുന്നത്. ഫോൺ നശിപ്പിച്ചതും വാഹനം വിറ്റതുമെല്ലാം ഇതേ ഉദ്ദേശത്തോടെയായിരുെന്നന്നും പൊലീസ് വ്യക്തമാക്കി.
നേരത്തേതന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്ന സനു മനഃപൂർവം ഫോൺ നശിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തേ കേടായ സി.സി ടി.വി കാമറ നന്നാക്കാതിരുന്നതും ഇതുകൊണ്ടാണെന്നാണ് നിഗമനം. ഒളിവിൽ താമസിച്ചിരുന്ന ഇയാൾ എ.ടി.എം കാർഡുകൾ ഉപയോഗിക്കാതിരുന്നത് പിടിക്കപ്പെടാതിരിക്കാനാണ്. ബിസിനസ് മതിയാക്കി പുണെയിൽനിന്ന് മടങ്ങിയ 2016നുശേഷം സമൂഹമാധ്യമങ്ങളിൽനിന്ന് അകലം പാലിച്ചതും ഇയാളെ പിടികൂടുന്നത് വൈകാൻ ഇടയാക്കി.
ആദ്യം കോയമ്പത്തൂരിലേക്ക് കടന്ന സനു പിന്നീട് വിവിധ സംസ്ഥാനങ്ങളിലായി താമസിച്ച ഹോട്ടലുകളിൽ നൽകിയിരുന്നത് യഥാർഥ തിരിച്ചറിയൽ കാർഡുകൾ തന്നെയായിരുന്നു. കിട്ടിയ വിലക്ക് കാർ വിറ്റശേഷം ബസുകൾ ഉൾെപ്പടെ പൊതുഗതാഗത സംവിധാനങ്ങളാണ് യാത്രക്ക് ഉപയോഗിച്ചിരുന്നത്.
27 ദിവസത്തെ അന്വേഷണം; ചോദ്യംചെയ്തത് നൂറിലേറെ പേരെ
''അയാൾ ഞങ്ങളെയാണ് നിരീക്ഷിച്ചിരുന്നത്. അത്രമാത്രം ഞങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടിവന്നു'' -വൈഗ കൊലപാതക കേസിൽ സനു മോഹൻ പിടിയിലായശേഷം അന്വേഷണത്തിന് മേൽനോട്ടം വഹിച്ച കൊച്ചി സിറ്റി പൊലീസ് കമീഷണർ നാഗരാജു ചക്കില്ലം പറയുന്നു. ഇയാൾ മകളെ കൊലപ്പെടുത്തിയത് കൃത്യമായി ആസൂത്രണം ചെയ്താണ്.
പിന്നീട് നാടുവിട്ടപ്പോൾ ഡിജിറ്റൽ തെളിവുകളടക്കം ഒന്നും അവശേഷിപ്പിക്കാതെ അന്വേഷണം പലവട്ടം പ്രതിസന്ധിയിലുമാക്കി. പൊലീസ് എട്ട് സംഘങ്ങളായി നടത്തിയ തിരച്ചിലിന് തൃക്കാക്കര എ.സി.പി ശ്രീകുമാറാണ് നേതൃത്വം നൽകിയത്. മാർച്ച് 20ന് ഞായറാഴ്ച രാത്രി ഒമ്പതോടെ നാടുവിട്ട സനു ഈ മാസം 18ന് പുലർച്ചയാണ് പിടിയിലാകുന്നത്. 27 ദിവസം നീണ്ട അന്വേഷണത്തിനൊടുവിൽ ഇയാൾ പിടിയിലായപ്പോൾ ആശ്വാസമായത് ഇയാളുടെ ബന്ധുക്കൾ, ഭാര്യയുടെ ബന്ധുക്കൾ, ഫ്ലാറ്റിലെ താമസക്കാർ അടക്കം നൂറുകണക്കിന് പേർക്കാണ്.
ഭാര്യയുടെ മൊബൈൽ ഫോണാണ് നാടുവിടുേമ്പാൾ സനു ഉപയോഗിച്ചിരുന്നത്. അത് വഴിയിൽ ഉപേക്ഷിച്ചു. വാളയാർ കടക്കുേമ്പാഴും അതിനുമുമ്പും സി.സി ടി.വികളിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇയാൾ ജീവിച്ചിരിക്കുന്നുവെന്നതിന് പൊലീസിന് ലഭിച്ച തെളിവുകൾ. കോയമ്പത്തൂരിൽ എത്തിയ ഇയാൾ വോക്സ് വാഗൻ 50,000 രൂപക്ക് വിറ്റതായാണ് പൊലീസിന് ലഭിച്ച വിവരം.
ഈ കാർ കണ്ടെത്തിയ പൊലീസ് അത് കസ്റ്റഡിയിൽ എടുക്കാൻ നടപടി തുടങ്ങി. കാർ വിറ്റശേഷം പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു തുടർയാത്രകൾ. ഇതിനിടെ കാർ വിറ്റുകിട്ടിയ പണത്തിൽ പാതിയും പോക്കറ്റടിച്ച് പോയതായി ഇയാൾ പൊലീസിനോട് പറഞ്ഞു. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ സഞ്ചരിച്ച് കൊല്ലൂർ മൂകാംബികയിലെ ഹോട്ടലിൽനിന്ന് പണം നൽകാതെ മുങ്ങിയപ്പോൾ ഹോട്ടൽ ജീവനക്കാർ ആധാർ കാർഡിെൻറ പകർപ്പ് പരിശോധിച്ചപ്പോഴാണ് ഒളിവിൽ കഴിയുന്ന പ്രതിയാണെന്ന് മനസ്സിലായത്. തുടർന്ന് കർണാടക, കേരള പൊലീസ് സംഘങ്ങൾ ഉഡുപ്പി, കാർവാർ എന്നിവിടങ്ങളിൽ നടത്തിയ വ്യാപക പരിശോധനക്കൊടുവിലാണ് സനു മോഹൻ പിടിയിലാകുന്നത്.
മൂകാംബികയിലെന്നറിയിച്ചത് തൃക്കാക്കര സ്വദേശി
സനു മോഹൻ കൊല്ലൂർ മൂകാംബികയിലെ ലോഡ്ജിൽ ഒളിവിൽ താമസിച്ചിരുന്ന വിവരം പൊലീസ് അറിയുന്നത് തൃക്കാക്കര സ്വദേശിയായ കൃഷ്ണകുമാർ വഴി. എല്ലാ മാസവും മൂകാംബിക സന്ദർശനം നടത്തുന്ന കൃഷ്ണകുമാർ ഇതേ ലോഡ്ജിലാണ് താമസിക്കാറുള്ളത്. പണമടക്കാെത മുങ്ങിയ സനു മോഹെൻറ വിലാസം ലോഡ്ജ് ഉടമ പരിശോധിച്ചപ്പോൾ 'തൃക്കാക്കര' ശ്രദ്ധയിൽപെട്ടു. ഉടൻ പരിചയക്കാരനായ കൃഷ്ണകുമാറിന് അയച്ചുകൊടുത്തു. ആളെ മനസ്സിലാകാതിരുന്ന കൃഷ്ണകുമാർ തൃക്കാക്കര അമ്പലം വാർഡ് കൗൺസിലർ പ്രമോദ് കുമാറിനോട് അന്വേഷിച്ചു. സംശയം തോന്നിയ പ്രമോദ്കുമാർ വിവരം പൊലീസിന് കൈമാറുകയായിരുന്നു.
ഇനി തെളിവെടുപ്പ്
വൈഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോർട്ട്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലാകും തുടരന്വേഷണം. പിതാവ് സനു മോഹൻ ശ്വാസംമുട്ടിച്ചപ്പോൾ കുട്ടി ബോധരഹിതയായെന്നും പിന്നീട് പുഴയിൽ എറിഞ്ഞപ്പോൾ വെള്ളം ശ്വാസകോശത്തിൽ കയറി മുങ്ങിമരിച്ചെന്നുമാണ് പൊലീസ് കണക്കുകൂട്ടൽ.
പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന് വ്യക്തമായിട്ടുണ്ട്. ഫ്ലാറ്റിൽ കണ്ട രക്തപ്പാടുകൾ ശ്വാസംമുട്ടിച്ചപ്പോൾ വൈഗയുടെ മൂക്കിൽനിന്ന് വന്നതാണെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. പ്രതിയുമായി കങ്ങരപ്പടിയിലെ ഫ്ലാറ്റ്, മുട്ടാർ പുഴ എന്നിവിടങ്ങളിൽ പൊലീസ് തെളിവെടുപ്പിന് എത്തും. ഇയാൾ സഞ്ചരിച്ചയിടങ്ങളിൽ കൊണ്ടുപോയും തെളിവെടുക്കണം.
കുടുക്കിയത് കേരള പൊലീസ് തന്നെ
മുങ്ങിനടന്ന സനു മോഹനെ കുടുക്കിയത് കേരള പൊലീസ് തന്നെയെന്ന് വിശദീകരണം. കഴിഞ്ഞദിവസം കാർവാറിൽനിന്ന് സനു പിടിയിലായതിന് പിന്നാലെ കർണാടക പൊലീസാണ് ഇയാളെ കുടുക്കിയതെന്ന് വാർത്ത പരന്നിരുന്നു. എന്നാൽ, കാർവാറിലെ ബീച്ചിൽ ഇയാളെ കണ്ടെത്തിയത് അന്വേഷണ ഉദ്യോഗസ്ഥർ തന്നെയായിരുന്നുവെന്നും കർണാടക പൊലീസ് സഹായിക്കുക മാത്രമായിരുന്നുവെന്നും തൃക്കാക്കര എ.സി.പി ആർ. ശ്രീകുമാർ പറഞ്ഞു.
മൂകാംബികയിലുണ്ടെന്ന വിവരത്തെ തുടർന്ന് കൊല്ലൂരിലേക്ക് അയച്ച പ്രത്യേക സംഘം തന്നെയാണ് സനുവിനെ കണ്ടെത്തിയത്. കൊല്ലൂരിൽനിന്ന് രക്ഷപ്പെട്ട സനുവിെൻറ പിറകെ തന്നെയായിരുന്നു അന്വേഷണ സംഘം. ഇയാൾ കാർവാർ ബീച്ചിലുണ്ടെന്ന വിവരത്തെ തുടർന്ന് എത്തിയ ഉദ്യോഗസ്ഥർക്ക് ഇയാളെ കണ്ടെത്താനായെങ്കിലും കുതറിയോടാൻ ശ്രമിച്ചു. ചെറിയ വാക്കേറ്റമുണ്ടായതോടെയാണ് സ്ഥലത്തെത്തിയ കർണാടക പൊലീസ് ഇടപെട്ടത്. തുടർന്ന് സനുവിനെ കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിക്കുകയായിരുന്നു.
10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ
മുട്ടാർ പുഴയിൽ പതിമൂന്നുകാരി വൈഗയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പിതാവ് സനു മോഹനെ 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കാക്കനാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ലൈജു ഷരീഫ് മുമ്പാകെ ഹാജരാക്കിയാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ കസ്റ്റഡിയിൽ വാങ്ങിയത്. ഏപ്രിൽ 29വരെയാണ് കസ്റ്റഡി. ഇയാളെ തൃക്കാക്കര സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച രാവിലെ കങ്ങരപ്പടിയിലെ ഫ്ലാറ്റിലും മുട്ടാർ പുഴയിലും തെളിവെടുപ്പ് നടത്തും. തിങ്കളാഴ്ച പുലർച്ച കൊച്ചിയിലെത്തിച്ച ഇയാളെ കോവിഡ് പരിശോധന പൂർത്തിയാക്കിയാണ് തൃക്കാക്കര സ്റ്റേഷനിലെത്തിച്ചത്. തുടർന്ന് വൈഗയുടെ മരണത്തിൽ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.