സനു മോഹൻെറ തിരോധാനം: അന്വേഷണം ഫ്ലാറ്റിലെ താമസക്കാരിലേക്ക്, അപായപ്പെടുത്തിയെന്ന സംശയവുമായി മാതാവ്
text_fieldsകാക്കനാട്: മുട്ടാർപുഴയിൽ 13കാരി വൈഗയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഫ്ലാറ്റിൽ താമസിക്കുന്നവരിലേക്ക് നീളുന്നതായി സൂചന. കുട്ടിയുടെ മുങ്ങിമരണവും തുടർന്നുണ്ടായ പിതാവ് സനു മോഹെൻറ തിരോധാനവുമായി ബന്ധപ്പെട്ട് കങ്ങരപ്പടിയിൽ ഇവർ താമസിച്ചിരുന്ന ശ്രീഗോകുലം ഹാര്‍മണി ഫ്ലാറ്റിലുള്ള താമസക്കാരെ ഇതിനകം അഞ്ചുതവണ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസവും അന്വേഷണച്ചുമതലയുള്ള കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്ഗ്രയുടെ നേതൃത്വത്തിലുള്ള സംഘം താമസക്കാരെ ചോദ്യം ചെയ്തു. ഇതോടെയാണ് കേസ് അന്വേഷണം ഫ്ലാറ്റിലെ മറ്റ് താമസക്കാരിലേക്ക് കേന്ദ്രീകരിക്കുകയാണെന്ന സൂചനകൾ പുറത്തുവരുന്നത്. നേരേത്ത രണ്ടുതവണ ചോദ്യം ചെയ്തശേഷം തിങ്കളാഴ്ചയും ഇവരില്‍ ചിലരെ ഡി.സി.പി ചോദ്യം ചെയ്തു.
ഇതോടെ ഫ്ലാറ്റിലുള്ള ആര്‍ക്കെങ്കിലും കേസുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന സംശയമുയരുന്നുണ്ട്. അന്വേഷണസംഘവും ഈ സാധ്യത തള്ളിക്കളയുന്നില്ല.
മാർച്ച് 22നാണ് വൈഗയെ പുഴയിൽ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മൂന്നാഴ്ച കഴിഞ്ഞിട്ടും പിതാവ് സനു മോഹനെ കണ്ടെത്താനാവാതെ വന്നതോടെ ഇയാളുടെ തിരോധാനവുമായി ബന്ധപ്പെട്ട് നാട്ടില്‍തന്നെ ആരെങ്കിലും അപായപ്പെടുത്താനോ തടവിലാക്കാനോ ഉള്ള സാധ്യതകൂടി പരിശോധിക്കണമെന്ന് സനുവിെൻറ സഹോദരന് ഷിനുമോഹന്‍ മൊഴി നല്‍കിയിരുന്നു. ഫ്ലാറ്റിലേക്ക് സംഭവത്തിന് രണ്ടുദിവസം മുമ്പ് പണമിടപാടുമായി ബന്ധപ്പെട്ട ചിലരെത്തിയതായി ഷിനു ചില മാധ്യമങ്ങളോടും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഫ്ലാറ്റ് കേന്ദ്രീകരിച്ചും പരിശോധന ഊര്‍ജിതമാക്കിയത്. അതേസമയം, ഇയാൾക്ക് വേണ്ടി തമിഴ്നാട് കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
സനു മോഹനെ അപായപ്പെടുത്തിയെന്ന സംശയവുമായി മാതാവ്
കാക്കനാട്: സനു മോഹനെ ആരെങ്കിലും അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് കരുതുന്നതെന്ന് ബന്ധുക്കൾ. സനു മോഹെൻറ മാതാവ് സരളയാണ് മകനെ തട്ടിക്കൊണ്ടുപോയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്ന സംശയവുമായി രംഗത്തെത്തിയത്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ രമ്യയുടെ ബന്ധുക്കള്‍ പല കാര്യങ്ങളും ഒളിച്ചുവെക്കുന്നതായും സരള സംശയമുന്നയിച്ചു.
അഞ്ച് വര്‍ഷമായി സനു മോഹനും കുടുംബവും കങ്ങരപ്പടിയിലെ ഫ്ലാറ്റില്‍ ഒളിവില്‍ കഴിയുന്ന കാര്യം ഭാര്യയുടെ ബന്ധുക്കള്‍ക്ക് അറിയാമായിരുെന്നന്നും തന്നിൽനിന്ന് അകറ്റിനിർത്താൻ ശ്രമിച്ചെന്നും അവർ കൂട്ടിച്ചേർത്തു. സംഭവം നടന്ന് മൂന്നാഴ്ചയായിട്ടും സനുവിെൻറ വിവരം ലഭിക്കാതെ അന്വേഷണം കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്. അതിനിടെയിലാണ് കൂടുതല്‍ ആരോപണങ്ങളുമായി സനു മോഹെൻറ കുടുംബം രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.