എന്‍ജിനീയറാകണം, അനിയത്തിയെ പഠിപ്പിക്കണം...
text_fieldsകോഴിക്കോട്: ‘ എൻജിനീയർ ജോലി നേടിയ ശേഷം അനിയത്തി സാനിയയെ പഠിപ്പിക്കണം, കുടുംബത്തിന് സ്വന്തമായൊരു വീട് വെക്കണം’ ഇതൊക്കെയായിരുന്നു സാറയുടെ സ്വപ്നങ്ങൾ, പക്ഷേ, വിധി മറ്റൊന്നായിപ്പോയി’. താമരശ്ശേരി കോരങ്ങാട് അല്‍ഫോൻസ സ്കൂളിന്റെ മുറ്റത്ത് ചേതനയറ്റ് കിടക്കുന്ന പ്രിയപ്പെട്ട ശിഷ്യയെക്കുറിച്ച് പറയുമ്പോള്‍ വൈസ് പ്രിൻസിപ്പലും രണ്ടുവര്‍ഷം സാറയുടെ ക്ലാസ് ടീച്ചറുമായിരുന്ന എ.വി. സെബാസ്റ്റ്യന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. കുടുംബത്തിന് സാമ്പത്തിക ബാധ്യതയാകാതിരിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍തന്നെ എന്‍ജിനീയറിങ്ങിന് പഠിക്കണമെന്ന് സാറക്ക് നിര്‍ബന്ധമായിരുന്നു. അതവള് നേടി. പഠനത്തിലും പാഠ്യേതര വിഷയത്തിലും ഒന്നാമതായിരുന്ന സാറയോട് ഒരിക്കല്‍പോലും ശബ്ദമുയര്‍ത്തി സംസാരിക്കേണ്ടി വന്നിട്ടില്ലെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു.
ദീപാവലി അവധിക്കാണ് സാറ അവസാനമായി വീട്ടിലെത്തിയത്. കാക്കവയല്‍ സ്വദേശിയായ സാറയുടെ പിതാവ് തോമസ് സ്കറിയ ഏറെക്കാലം പ്രവാസിയായിരുന്നു. മാതാവ് കൊച്ചുറാണി ജല മിഷനില്‍ താല്‍ക്കാലിക ജോലിക്കാരിയാണ്. മക്കളുടെ വിദ്യാഭ്യാസത്തിനായാണ് തോമസ് പുതുപ്പാടിയിലെ വീടും സ്ഥലവും വിറ്റത്. പിന്നീട് പുതുപ്പാടിയിലും തൂവക്കുന്നിലും വാടകക്കായിരുന്നു താമസം. അനിയത്തി സാനിയ അല്‍ഫോൻസ സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. വിവാഹിതയായ ജ്യേഷ്ഠത്തി സൂസന് സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറും.
പാമ്പുകടിയേറ്റ് രണ്ടു മാസത്തോളമായി ചികിത്സയിലാണ് തോമസ്. തിക്കിലും തിരക്കിലും പെട്ട് സാറ അവശനിലയിലാണെന്ന വിവരം കുസാറ്റില്‍ ജോലി ചെയ്യുന്ന ബന്ധുവാണ് വിളിച്ചറിയിച്ചത്. ഉടന്‍ തോമസും കൊച്ചുറാണിയും സാനിയയും കാറില്‍ എറണാകുളത്തേക്ക് പുറപ്പെട്ടു. അവിടെയെത്തിയപ്പോള്‍ അവർ കണ്ടത് മകളുടെ ചേതനയറ്റ ശരീരമായിരുന്നു.
ജോലി നേടി കുടുംബത്തിന് താങ്ങായി നില്‍ക്കണമെന്നായിരുന്നു സാറ എപ്പോഴും ആഗ്രഹം പ്രകടിപ്പിച്ചിരുന്നതെന്ന് അടുത്ത കൂട്ടുകാരി ഫെസ്മിനും ഓര്മ പങ്കുവെച്ചു.
എപ്പോഴും പ്രസന്നവതിയായിരുന്നു സാറയെന്നും കോളജില്‍നിന്ന് വീട്ടിലേക്ക് വന്നാല്‍ ഒരുവട്ടമെങ്കിലും സ്കൂളിലേക്ക് വരാതെ അവള് മടങ്ങാറില്ലായിരുന്നെന്നും സ്കൂള്‍ പ്രിന്‍സിപ്പലും അധ്യാപകനുമായ ഫാ. ജില്സന് ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.