ഭർത്താവിന്റെ കസേരയിൽ ഇനി ശാരദ മുരളീധരൻ; ചീഫ് സെക്രട്ടറിക്കസേരയിൽ അപൂർവ മുഹൂർത്തം
text_fieldsതിരുവനന്തപുരം: ചീഫ് സെക്രട്ടറി പദവിയിൽ കാലാവധി പൂർത്തിയാക്കി ഡോ.വി വേണു ആഗസ്റ്റ് 31ന് പടിയിറങ്ങുമ്പോൾ ജീവിതപങ്കാളി ശാരദ മുരളീധരൻ പകരം ചുമതലയേൽക്കുന്നത് അപൂർവ ചരിത്രത്തിലേക്ക് കൂടിയാണ്. മുമ്പും ദമ്പതിമാർ ചീഫ് സെക്രട്ടറിമാരായിട്ടുണ്ടെങ്കിലും ഭർത്താവിൽ നിന്ന് ഭാര്യ ചുമതലയേൽക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ഇതാദ്യം.
ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് ശാരദ മുരളീധരനെ ചീഫ് സെക്രട്ടറിയായി നിശ്ചയിച്ചത്. പത്മ രാമചന്ദ്രനും നീല ഗംഗാധരനും ലിസി ജേക്കബിനും നളിനി നെറ്റോക്കും പിന്നാലെ സംസ്ഥാനത്തിന്‍റെ അഞ്ചാമത്തെ വനിതാ ചീഫ് സെക്രട്ടറിയായാണ് 1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ശാരദ മുരളീധരൻ ചുമതലയേൽക്കുക.
വി. രാമചന്ദ്രൻ-പത്മ രാമചന്ദ്രൻ, ബാബു ജേക്കബ്-ലിസി ജേക്കബ് ദമ്പതിമാരാണ് മുമ്പ് ചീഫ് സെക്രട്ടറി പദവി വഹിച്ചത്. 1984 മുതൽ 87 വരെയായിരുന്നു വി. രാമചന്ദ്രൻ ചീഫ് സെക്രട്ടറിയായതെങ്കിൽ 1990-97ലാണ് പത്മ ചീഫ് സെക്രട്ടറിയായത്. ബാബു ജേക്കബ് 2004-05 കാലയളവിലായിരുന്നെങ്കിൽ ഭാര്യ ലിസി ജേക്കബ് 2006-2007 കാലയളവിലും.
നിലവിൽ പ്ലാനിങ് അഡീഷനൽ ചീഫ് സെക്രട്ടറിയാണ് ശാരദ. ശാരദക്ക് 2025 ഏപ്രില്‍ വരെ കാലാവധിയുണ്ട്. തിരുവനന്തപുരത്ത് തൈക്കാടാണ് ശാരദയുടെ സ്വദേശം. പിതാവ് ഡോ.കെ.എ. മുരളീധരന്‍. മാതാവ് കെ.എ. ഗോമതി. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്ന് ബിരുദം നേടുന്ന ആദ്യ വനിതയായിരുന്നു ഗോമതി. 10ാം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയാണ് ശാരദ ആദ്യം ശ്രദ്ധേയയാകുന്നത്.
എൻട്രൻസ് പരീക്ഷയിൽ 12ാം റാങ്ക് കിട്ടിയെങ്കിലും തിരുവനന്തപുരം വിമൻസ് കോളജിൽ ഡിഗ്രിക്ക് ചേർന്നു. എം.എക്ക് 1988ല്‍ കേരള യൂനിവേഴ്സിറ്റിയില്‍ ഒന്നാം റാങ്ക്. പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയില്‍ പിഎച്ച്.ഡിക്ക് പഠിക്കുന്നതിനിടെയാണ് സിവില്‍ സര്‍വിസ് പരീക്ഷയും അഭിമുഖവും. ഐ.എ.എസ് ട്രെയിനിങ്ങിന് മസൂറിയിലേക്കുള്ള കേരള എക്സ്പ്രസ് യാത്രക്കിടെയാണ് ഡോ. വി. വേണുവിനെ പരിചയപ്പെടുന്നത്. കോഴിക്കോട് നടക്കാവ് ‘ചൈതന്യ’യിലാണ് ഡോ.വി. വേണുവിന്‍റെ ജനനം.
കുടുംബശ്രീ മിഷന് പുതിയ ദിശാബോധം നൽകിയ ഉദ്യോഗസ്ഥയെന്ന നിലയിലാണ് അവർ ചരിത്രത്തിൽ അടയാളപ്പെടുത്തിയത്. അത് സ്ത്രീകളുടെ വലിയ കൂട്ടായ്മയായി വളർത്തിയെടുക്കുന്നതിൽ നേതൃത്വ പരമായ പങ്കുവഹിച്ച ഉദ്യോഗസ്ഥയാണ്. കുടുംബശ്രീയുടെ പ്രവർത്തനം സർവമേഖലകളിലേക്ക് വ്യാപിപ്പിച്ചു. പാവപ്പെട്ട സ്ത്രീകൾക്ക് വേണ്ടി സംരംഭങ്ങൾ തുടങ്ങി. മുതൽ മുടക്കാൻ പണമില്ലാത്ത സ്ത്രീകളെ സംരംഭരാക്കി. സാധാരണ സ്ത്രീകളുടെ കൂട്ടായ്മ വലിയ ഊർജമായി. താഴെതട്ടിൽ അയൽകൂട്ടങ്ങൾ ശക്തിപ്പെടുത്തി. തല ഉയർത്തിപ്പിടിച്ച് നിൽക്കാൻ സ്തീകളെ പ്രാപ്തരാക്കി. കുടുംബശ്രീ എന്നാൽ സ്ത്രീകളുടെ സംഘടനാ സംവിധാനം എന്നായിരുന്നു ശാരദ മുരളീധരന്റെ കാഴ്ചപ്പാട്.
നഗരാസൂത്രണത്തിലും മറ്റും മികവ് കാട്ടിയ ശാരദാ മുരളീധരന്‍ കേന്ദ്ര സര്‍ക്കാരിലും സുപ്രധാന വകുപ്പില്‍ പ്രവര്‍ത്തിച്ചു. പഞ്ചായത്തി രാജ് കെട്ടിപ്പെടുക്കുന്നതിലും നിർണായക പങ്കു വഹിച്ചു. പഞ്ചായത്തുകളെ സാമ്പത്തികമായി ഉന്നതിയിലെത്തിക്കാനുള്ള കേന്ദ്ര പദ്ധതികളിലും ഭാഗമായി. നാഷണല്‍ ഇന്റിസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലും ഡയറക്ടര്‍ ജനറലായി.
തിരുവനന്തപുരം സ്വദേശിയാണ് അവര്‍ തലസ്ഥനാത്തെ കലക്ടറായിരുന്നപ്പോൾ മികച്ച നിലയിൽ പ്രവർത്തിച്ചിരുന്നു. പിന്നോക്ക ക്ഷേമ വകുപ്പിലും കോളജ് എഡ്യൂക്കേഷന്‍ വകുപ്പിലും ജോലി ചെയ്തു. ഇതിനിടെ സാസ്‌കാരിക വകുപ്പിലും സാമൂഹിക സുരക്ഷയുടേയും സെക്രട്ടറിയുമായി. അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ശാരദാ മുരളീധരന്‍ തന്നെയാണ് കേരളത്തിലെ ഐഎഎസുകാരില്‍ ഏറ്റവും സീനിയര്‍. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി സ്ഥാനം ശാരധാ മുരളീധരന്‍ നല്‍കുന്നത്.
2025 ഏപ്രില്‍ മാസം വരെ ശാരദ മുരളീധരന് കാലാവധിയുണ്ട്. ഭാര്യയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ശാരദാ മുരളീധരന് പദവി കൈമാറിക്കൊണ്ടാവും ഡോ വേണു വിരമിക്കുക.1988-ലാണ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയത്. ഐ.ആര്‍.എസ്. ആണ് കിട്ടിയത്. ആഗ്രഹം ഉപേക്ഷിക്കാതെ 89 ല്‍ വീണ്ടും പരീക്ഷക്കിരുന്നു. 26-ാം റാങ്കുകാരനായി 1990-ലെ ഐ.എ.എസ്. ബാച്ചുകാരനായി, 91-ല്‍ തൃശ്ശൂര്‍ അസിസ്റ്റന്റ് കളക്ടറായിട്ടായിരുന്നു ആദ്യ നിയമനം. ഇതേ ബാച്ചില്‍ ശാരദാ മുരളീധരനും ഐഎഎസിലെത്തി. ഇവരുടെ മകള്‍ കല്യാണി നര്‍ത്തകിയാണ്. മകന്‍ ശബരി കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമാണ്.
ആദ്യ ലക്ഷ്യം വയനാട് പാക്കേജ്
തിരുവനന്തപുരം: വയനാട് പാക്കേജ് തയാറാക്കുകയാണ് ആദ്യ ലക്ഷ്യമെന്ന് നിയുക്ത ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. കാലാവസ്ഥ വ്യതിയാനം മുൻകൂട്ടി അറിയാനുള്ള സംവിധാനം ഒരുക്കാൻ ശ്രമിക്കുമെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എന്തൊക്കെ ചെയ്യാനാകുമെന്ന് പരിശോധിക്കുമെന്നും അവർ പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ പ്രവർത്തനങ്ങൾ എങ്ങനെയെന്ന് വീട്ടിൽനിന്നുതന്നെ അറിയാം. കൃത്യമായ ചിട്ടയോടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകും. സ്ത്രീശാക്തീകരണം പ്രധാന ലക്ഷ്യമാണ്. ഭർത്താവിനുശേഷം ഭാര്യക്ക് ചീഫ് സെക്രട്ടറിയാകാൻ കഴിഞ്ഞത് കൗതുകമുള്ള കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.