'ഇതൊന്നും കണ്ട് തിരിച്ചുപോകല്ലേ ബാപ്പുജി'; വിമർശനമൊളിപ്പിച്ച പോസ്റ്റുമായി ശരത് ചന്ദ്ര പ്രസാദ്
text_fieldsതിരുവനന്തപുരം: ഡി.സി.സി പ്രസിഡന്‍റുമാരെ നിശ്ചയിച്ചതിന് പിന്നാലെ കോൺഗ്രസിൽ അസ്വാരസ്യങ്ങൾ ഉയരുന്നതിനിടെ വിമർശനമൊളിപ്പിച്ച ഫേസ്ബുക് പോസ്റ്റുമായി കോൺഗ്രസ് നേതാവ് ശരത് ചന്ദ്ര പ്രസാദ്. 'ഇതൊന്നും കണ്ട് തിരിച്ചുപോകല്ലേ ബാപ്പുജി' എന്നും 'ഗാന്ധിജിയിലേക്ക് മടങ്ങാം' എന്നുമാണ് പോസ്റ്റിൽ പറയുന്നത്. ഡി.സി.സി അധ്യക്ഷ പ്രഖ്യാപനത്തോടുള്ള പ്രതിഷേധമായാണ് പോസ്റ്റിനെ വിലയിരുത്തുന്നത്.
തിരുവനന്തപുരത്ത് അധ്യക്ഷ സ്ഥാനത്തേക്ക് ശരത് ചന്ദ്ര പ്രസാദിന്‍റെ പേരും പരിഗണിച്ചിരുന്നു. എന്നാൽ, പാലോട് രവിക്കാണ് ഒടുവിൽ അവസരം ലഭിച്ചത്. അതേസമയം, പാലോട് രവിക്കെതിരെ വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു. കഴിഞ്ഞ ദിവസം പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നാൽ, തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെയും പോസ്റ്ററുകളെയും കാര്യമാക്കുന്നില്ലെന്ന് നിയുക്ത തിരുവനന്തപുരം പാലോട് രവി പറഞ്ഞു. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്ന പി.എസ്. പ്രശാന്ത് പാർട്ടി വിട്ടുപോകുന്ന സാഹചര്യമുണ്ടാകില്ല. പി.എസ്. പ്രശാന്തിനെ പാർട്ടിയിൽ പിടിച്ചു നിർത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിന് രണ്ട് നേതാക്കളെ കോൺഗ്രസ് ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായരെയും കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറിനെയുമാണ് പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെൻഡ് ചെയ്തത്.
അതേസമയം, തന്നെ സസ്പെൻഡ് ചെയ്തതിനോട് കെ.പി. അനില്‍കുമാർ രൂക്ഷമായാണ് പ്രതികരിച്ചത്. യോഗ്യതയില്ലാത്ത പലരും ഡി.സി.സി അധ്യക്ഷ സ്ഥാനത്തെത്തിയതായി അനില്‍കുമാർ ആരോപിച്ചു. സസ്പെൻഡ് ചെയ്ത് പേടിപ്പിക്കേണ്ടെന്നും ഡി.സി.സി ഓഫിസിൽ കയറാൻ ആളുകൾ ഇനി ഭയക്കുമെന്നും അനിൽ കുമാർ പറഞ്ഞു. പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നവരെ പുറത്താക്കുകയും കൂട്ടിക്കൊടുക്കുന്നവനെയും ഇഷ്ടക്കാരനെയും പാർട്ടിക്കകത്ത് വെച്ചുചേർക്കുകയുമാണ് ചെയ്യുന്നത്. പകുതിയിലേറെ പേരും അങ്ങനെ വന്നതാണ്. ഗ്രൂപ്പിനതീതമായ ഒരാളെയെങ്കിലും കാണിക്കാൻ സാധിക്കുമോ. കോൺഗ്രസിലെ പൂരം നാളെ തുടങ്ങും. കാണാനിരിക്കുന്നത് ഇപ്പോൾ പറഞ്ഞറിയിക്കുന്നില്ലെന്നും അനിൽ കുമാർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.