കേരള തീരത്ത് വീണ്ടും മത്തിയുടെ സാന്നിധ്യം; പിടിക്കുന്നതിൽ നിയന്ത്രണം വേണമെന്ന് അധികൃതർ
text_fieldsകൊച്ചി: ഏറെക്കാലമായി കേരളതീരങ്ങളിൽ ക്ഷാമം നേരിട്ടിരുന്ന മത്തി, കാലാവസ്ഥ അനുകൂലമായതോടെ ചെറിയ തോതിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. തെക്കൻ കേരളത്തിന്‍റെ വിവിധ തീരങ്ങളിലാണ് ചെറുമത്തികൾ കണ്ടുതുടങ്ങിയത്. എന്നാൽ, ഇവ പിടിക്കുന്നതിൽ കരുതൽ വേണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പിടിക്കപ്പെട്ട മത്തിയുടെ വളർച്ച പരിശോധിച്ചപ്പോൾ ഇവ പ്രത്യുൽപാദന ഘട്ടത്തിലെത്തിയിട്ടില്ലെന്ന് സി.എം.എഫ്.ആർ.ഐ ഗവേഷകർ കണ്ടെത്തി. 14-16 സെ.മീ വലിപ്പമുള്ള ഇവ പൂർണ പ്രത്യുൽപ്പാദനത്തിന് സജ്ജമാകാൻ ഇനിയും മൂന്ന് മാസം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
മാത്രമല്ല, മുട്ടയിടാൻ പാകമായ വലിയ മത്തികൾ നിലവിൽ കേരള തീരങ്ങളിൽ കുറവാണെന്നും പഠനം വ്യക്തമാക്കുന്നു. നിയമാനുസൃതമായി പിടിക്കാവുന്ന മത്തിയുടെ വലിപ്പം (എം.എൽ.എസ്) 10 സെ.മീ ആണെങ്കിലും പ്രതികൂലവും അസാധാരണവുമായ നിലവിലെ സാഹചര്യം പരിഗണിച്ച് ഇപ്പോൾ ലഭ്യമായ മത്തിയെ പിടിക്കാതിരിക്കുന്നതാണ് അഭികാമ്യമെന്ന് ഈ മേഖലയിൽ പഠനം നടത്തുന്ന പ്രിൻസിപ്പൽ സയന്‍റിസ്റ്റ് ഡോ. ഇ.എം. അബ്ദുസ്സമദ് പറഞ്ഞു.
കഴിഞ്ഞ അഞ്ചുവർഷമായി കേരള തീരങ്ങളിൽ മത്തിയുടെ ക്ഷാമമുണ്ട്. 2017ൽ ലഭ്യത ചെറിയ തോതിൽ ഉയർന്നുവെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ ഗണ്യമായി കുറയുകയാണുണ്ടായത്. 2019ൽ മത്തിയുടെ ലഭ്യത കഴിഞ്ഞ 20 വർഷത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. വെറും 44,320 ടൺ മത്തി മാത്രമാണ് കഴിഞ്ഞ വർഷം സംസ്ഥാനത്ത് ലഭിച്ചത്. എൽനിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട കടലിലെ കാലാവസ്ഥ മാറ്റങ്ങളാണ് മത്തിയുടെ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമെന്ന് സി.എം.എഫ്.ആർ.ഐ നേരത്തെ കണ്ടെത്തിയിരുന്നു.
ഇപ്പോൾ കാണുന്നതരം ചെറിയ മത്തികളെ പിടിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ മത്തിയുടെ തിരിച്ചുവരവ് പരമാവധി വേഗത്തിലാക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ നിർദേശം ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മയുടെ ശ്രദ്ധയിൽ പെടുത്തിയുട്ടുണ്ടെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.