ശാരികയുടെ സിവിൽ സർവീസിന് സെറിബ്രല്‍ പാള്‍സി കീഴടക്കിയതിന്റെ തിളക്കം
text_fieldsകീഴരിയൂര്‍: ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം നേടിയെടുത്തതിന്റെ സന്തോഷത്തിലാണ് കീഴരിയൂര്‍ സ്വദേശിനിയായ ശാരിക. സിവില്‍ സർവീസ് എന്ന തന്റെ ലക്ഷ്യത്തില്‍ എത്തിനില്‍ക്കുകയാണ് ശാരികയിപ്പോള്‍. സെറിബ്രല്‍ പാള്‍സി രോഗ ബാധിതയായ ശാരിക വിവിധങ്ങളായ പരിമിതികളെ മറികടന്നുകൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചപ്പോള്‍ 922ാം റാങ്കോടെയാണ് ശാരിക കഴിവ് തെളിയിച്ചത്.
തിരുവനന്തപുരത്തെ അബ്‌സല്യൂട്ട് അക്കാദമിയിലെ ചിത്രശലഭം എന്ന പ്രോജക്ടിന് കീഴില്‍ ഓണ്‍ലൈനായാണ് ശാരിക പരിശീലനം നേടിയത്. രണ്ടുവര്‍ഷമായി നിരന്തരമായ പരിശ്രമത്തിലായിരുന്നു ഈ കൊച്ചുമിടുക്കി. ആദ്യതവണ എഴുതിയെങ്കിലും കിട്ടിയില്ല. രണ്ടാമത്തെ ശ്രമത്തില്‍ ശാരിക തന്റെ ലക്ഷ്യം നേടിയെടുക്കുകയായിരുന്നു. ശാരികയുടെ സുഹൃത്താണ് സിവില്‍ സര്‍വീസ് എന്ന സ്വപ്‌നം മനസില്‍ പാകിയത്. അധികകാലമൊന്നുമായിട്ടില്ല പരിശീലനം തുടങ്ങിയിട്ട്. തനിക്ക് മുമ്പിലുണ്ടായിരുന്ന സമയത്തെ ഫലപ്രദമായി വിനിയോഗിക്കുകയായിരുന്നു. സര്‍വീസ് ഏതെന്ന് ഇപ്പോള്‍ അറിയില്ലെങ്കിലും ഐ.എ.എസിനോടാണ് താല്‍പര്യമെന്നും ശാരിക പറഞ്ഞു. സര്‍വീസ് ഏതെന്ന തീരുമാനമായശേഷം ഭാവികാര്യങ്ങള്‍ ആലോചിക്കാനാണ് ശാരികയുടെ തീരുമാനം. കീഴരിയൂര്‍ മാവിന്‍ചുവട് സ്വദേശിയായ ശശിയുടെയും രാഗിയുടെയും മകളാണ് ശാരിക. കീഴരിയൂരിന്റെ ആദ്യ ഐ.എ.എസുകാരിയെ സ്വീകരിക്കാൻ നാട് ഒരുങ്ങി കഴിഞ്ഞു.
ഇന്ത്യയിൽ മൂന്നു കോടിയോളം ഭിന്ന ശേഷിക്കാരായ വ്യക്തികൾ ഉണ്ട്. എന്നാൽ സിവിൽ സർവീസ് അടക്കമുള്ള നേതൃ രംഗത്ത് അവരുടെ പ്രാതിനിധ്യം വളരെ കുറവാണ്. ഇത് കണക്കിലെടുത്ത് ഭിന്ന ശേഷിക്കാരായ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യ ധാരയിൽ എത്തിക്കുന്നതിനാണ് മൂന്നു വർഷം മുൻപ് ഡോ. ജോബിൻ എസ് കൊട്ടാരം 'പ്രൊജക്റ്റ് ചിത്രശലഭം 'ആരംഭിച്ചത്. പ്രതി സന്ധികളോടും, ജീവിതാവസ്‌ഥകളോടും പടവെട്ടി ശാരിക എ. കെ സിവിൽ സർവീസിലെത്തുമ്പോൾ അത് ഈ അധ്യാപകനും സംതൃപ്തിയുടെ നിമിഷമായി മാറുകയാണ്.
അബ്സൊല്യൂട്ട് ഐ എ എസ് അക്കാദമിയിൽ മുൻ ഡി ജി പി മാരായ ഋഷിരാജ് സിംഗ് ഐ. പി. എസ്, ഡോ. ബി സന്ധ്യ ഐ. പി. എസ്, മുൻ വൈസ് ചാൻസിലറും, യു. പി. എസ്. സിഇന്റർവ്യൂ ബോർഡ് മുൻ എക്സ്റ്റേണൽ അംഗവുമായ ഡോ. എം. സി ദിലീപ് കുമാർ,പ്രശാന്ത് നായർ ഐ എ എസ്, നിഷാന്ത് കെ ഐ ആർ എസ്,ലിപിൻരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇന്റർവ്യൂ പരിശീലനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.