സരിൻ: സി.പി.എമ്മിന്‍റേത് സാഹസിക രാഷ്ട്രീയ പരീക്ഷണം
text_fieldsതിരുവനന്തപുരം: സ്വതന്ത്രപരീക്ഷണത്തിൽ കൈപൊള്ളിയതിന്‍റെ നോവ് മാറും മുമ്പേ സി.പി.എമ്മിന്‍റെ മറ്റൊരു സാഹസിക സ്ഥാനാർഥി പരീക്ഷണം. തെരഞ്ഞെടുപ്പിന്‍റെ പടിവാതിലിൽ കോൺഗ്രസ് ക്യാമ്പിനുള്ളിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചയാളെ തന്നെ എതിർ ചേരിക്ക് നേരെയുള്ള ആയുധമാക്കുക എന്ന രാഷ്ട്രീയ തന്ത്രമാണ് പി. സരിന്‍റെ സ്ഥാനാർഥിത്വത്തിലൂടെ പാലക്കാട് സി.പി.എം പയറ്റുന്നത്. പ്രതിപക്ഷത്തിനും വി.ഡി. സതീശനുമെതിരെ സി.പി.എം തുടങ്ങിവെച്ച പ്രചാരണ തന്ത്രവും ആക്രമണ ലൈനും കോൺഗ്രസിനുള്ളിൽ ഉയർത്തിയെന്നതാണ് സരിന്‍റെ സി.പി.എം സ്വീകാര്യതക്കുള്ള ഒന്നാമത്തെ ഘടകം.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല കമ്മിറ്റിയുടെ ആദ്യ സ്ഥാനാർഥി ശിപർശ കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം മടക്കുകയും കൂടുതൽ പേരുകൾ നിർദേശിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. വി.ടി. ബൽറാമും രാഹുൽ മാങ്കൂട്ടത്തിലുമടക്കം എതിർചേരിയിൽ യുവനിരയെ പ്രതീക്ഷിച്ചായിരുന്നു ഈ പുനർവിചിന്തനം. മാത്രമല്ല, ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫിന് 9707 വോട്ടിന്റെ മേൽക്കൈയുണ്ട്. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ മത്സരിച്ചിട്ടും മൂന്നാമതാണ് സി.പി.എം. പാർട്ടി വോട്ടുകൾ സമാഹരിച്ചതുകൊണ്ട് കാര്യമില്ലെന്നും ഫ്ലോട്ടിങ് വോട്ടും എതിർചേരിയിലെ വോട്ടും ആകർഷിക്കുന്നയാളായാലേ കാര്യമുള്ളൂ എന്നതുമായിരുന്നു സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. നിലമ്പൂരിൽ പി.വി. അൻവർ ഉയർത്തിയ ഭീഷണിയുടെ ആഘാതം വിട്ടുമാറും മുമ്പേ മറ്റൊരു സ്വതന്ത്ര സാഹസത്തിന് മുതിർന്നതിനും കാരണമിതാണ്.
തകർക്കാൻ കഴിയാത്ത എതിർകോട്ടകളിൽ തന്ത്രപൂർവം നുഴഞ്ഞുകയറാൻ പാർട്ടി ഇറക്കുന്ന ‘പൊതുസമ്മത’രാണ് സ്വതന്ത്ര സ്ഥാനാർഥികൾ. ഈ രാഷ്ട്രീയ പരീക്ഷണം വിജയകരമായി സി.പി.എം പലയാവൃത്തി നടത്തിയിട്ടുമുണ്ട്. 1982 ൽ നിലമ്പൂരിലെ ടി.കെ. ഹംസയുടെ നിയോഗം മുതൽ 2001ൽ പുതുപ്പള്ളിയിൽ ചെറിയാൻ ഫിലിപ്പും, 2014ൽ പത്തനംതിട്ടയിൽ പീലിപ്പോസ് തോമസുമടക്കും വിപുലമാണ് ഈ നിര. 2016 ൽ മലപ്പുറം ജില്ലയിൽ ഏറനാട്, കൊണ്ടോട്ടി, തിരൂരങ്ങാടി, തിരൂർ, നിലമ്പൂർ, താനൂർ, തവനൂർ എന്നിങ്ങനെ ഏഴു മണ്ഡലങ്ങളിൽ സ്വതന്ത്രരെ നിയോഗിച്ചതാണ് ഇതിൽ ഏറ്റവും ഒടുവിലെ വലിയ ദൗത്യം.
അതേസമയം, പാർട്ടിക്കും ഇടതുമുന്നണിക്കും കരുത്തുറ്റ സംഘടനാസംവിധാനമുള്ള പാലക്കാട്ട് എന്തിന് ഇത്തരമൊരു നീക്കമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പുവരെ പാർട്ടിക്കും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമർശനം നടത്തിയയാൾക്കുവേണ്ടി വോട്ടിനിറങ്ങാൻ പാർട്ടി സംവിധാനങ്ങളെ സജ്ജമാക്കുന്നത് മുതൽ ഇതിന്‍റെ പേരിലെ പ്രതിപക്ഷ ആരോപണങ്ങൾക്ക് പ്രതിരോധമൊരുക്കൽ വരെ ഭാരിച്ച അധ്വാനമാണ് ഇനി വേണ്ടിവരുക. സരിന്‍റെ പഴയ പോസ്റ്റുകൾ യു.ഡി.എഫ് കേന്ദ്രങ്ങൾ ഇതിനകം ആയുധമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.