സോളാർ കേസിൽ സരിത നായർക്ക് ആറു വർഷം കഠിനതടവ്
text_fieldsകോഴിക്കോട‌്: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ കേസിൽ രണ്ടാം പ്രതി സരിത നായർക്ക് ആറു വർഷം കഠിനതടവ്. തടവുശിക്ഷ കൂടാതെ സരിതക്ക് 40,000 രൂപ പിഴയും വിധിച്ചു. കോഴിക്കോട‌് മൂന്നാം ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസേ്ട്രറ്റ് കെ. നിമ്മിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍റെ കേസ് മെയ് ആറിന് പരിഗണിക്കും.
ശിക്ഷാനിയമം 419 (വഞ്ചന), 471 (രേഖകളിൽ കൃത്രിമം), 406 (വിശ്വാസ വഞ്ചന), 402 (സാധനങ്ങൾ നൽകാമെന്നേറ്റ് വഞ്ചിക്കൽ) തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ശിക്ഷാവിധിക്ക് പിന്നാലെ സരിതയുടെ അഭിഭാഷകൻ ജാമ്യം തേടിയെങ്കിലും കോടതി നിഷേധിച്ചു.
സംസ്ഥാനത്ത് സോളാർ തട്ടിപ്പ് പരമ്പരയിൽ സരിതയെ ശിക്ഷിക്കുന്ന മൂന്നാമത്തെ കേസാണിത്. നേരത്തെ, എറണാകുളത്തെയും പത്തനംതിട്ടയിലെയും കേസിൽ ശിക്ഷ ലഭിച്ചിരുന്നു. രണ്ട് കേസിലും വിധി ചോദ്യം ചെയ്ത് സരിത അപ്പീൽ നൽകിയിട്ടുണ്ട്. രാവിലെ രണ്ട് പ്രതികൾക്കെതിരെയും കുറ്റങ്ങൾ തെളിഞ്ഞതായി കണ്ടെത്തിയ കോടതി, കേസിലെ മൂന്നാം പ്രതി മണിമോനെ വെറുതെ വിട്ടിരുന്നു.
നേരത്തേ വിധിപറയാൻ വച്ച കേസിൽ വിവിധ ദിവസങ്ങളിൽ ഹാജരാവാത്തതിനാൽ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് റിമാൻറിലായ സരിതയെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ബിജു രാധാകൃഷ്ണന് വേണ്ടി ഇന്ന് അഭിഭാഷകൻ അവധിയപേക്ഷ നൽകി. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജെഫ്രി ജോർജ് ജോസഫും ബിജു രാധാകൃഷ്ണന് വേണ്ടി അഡ്വ. പ്രദീപ‌്കുമാറും സരിതക്ക് വേണ്ടി അഡ്വ. പ്രേംലാലും ഹാജരായി.
രാഷ്ട്രീയ പ്രേരിതമായ കേസാണെന്നും നിരപരാധിയാണെന്നും സരിത കോടതിയിൽ പറഞ്ഞു. താൻ തെറ്റ് ചെയ്തിട്ടില്ല. സോളാർ കമ്പനിയുടെ രണ്ടാമത്തെ ഡയറക്ടർ മാത്രമാണ്. കമ്പനിയുടെ ഒന്നാമത്തെ ഡയറക്ടറും ഒന്നാം പ്രതിയുമായ ബിജു രാധാകൃഷ്നാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നും സരിത ചൂണ്ടിക്കാട്ടിയിരുന്നു.
2012ലാണ് സരിത നായർ അടക്കമുള്ള മൂന്നു പേരെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. നടക്കാവ‌് സെൻറ് വിൻസെന്‍റ് കോളനി 'ഫജർ' ഹൗസിൽ അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫിസിലും സോളാർ പാനൽ നൽകാമെന്ന‌് പറഞ്ഞ‌് 42.7 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തെന്നാണ‌് കേസ‌്. കൂടാതെ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ സോളാർ കമ്പനിയുടെ ബിസിനസ് പങ്കാളിയാക്കാമെന്നും പ്രതികൾ വാഗ്ദാനം ചെയ്തെന്നാണ് പരാതി. ലക്ഷ്മി നായർ, ആർ.ബി. നായർ എന്നീ പേരിലാണ് സരിത നായരും ബിജു രാധാകൃഷ്ണനും അബ്ദുൽ മജീദിനെ സമീപിച്ചത്.
വിചാരണ പൂർത്തിയായ കേസിൽ വിധി പറയുന്നത് പല കാരണങ്ങൾ കൊണ്ട് നീണ്ടു പോവുകയായിരുന്നു. ഫെബ്രുവരി 10ന് കേസിൽ വിധി പറയാൻ കോടതി ആദ്യം തീരുമാനിച്ചിരുന്നു. അന്ന് പ്രതികളാരും കോടതിയിൽ ഹാജരായില്ല. തുടർന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കിയ കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. തുടർന്ന് തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കോഴിക്കോട് കസബ പൊലീസ് സരിതയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ സരിതയെ ഏപ്രിൽ 27 വരെ റിമാൻഡ് ചെയ്യുകയായിരുന്നു.
സോളാർ പരമ്പരയിലെ നിലവിലെ കേസുകൾ കൂടാതെ ബിവറേജസ് കോർപറേഷനിലും കെ.ടി.ഡി.സിയിലും ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങിയെന്ന പുതിയ പരാതിയിലും സരിത നായർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓലത്താന്നി, തിരുപുറം സ്വദേശികളില്‍ നിന്ന് കെ.ടി.ഡി.സി, ബെവ്കോ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി പണം കൈപ്പറ്റിയതായാണ് പരാതി.
ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി ഇരുപതോളം യുവാക്കൾക്ക് വ്യാജ നിയമന ഉത്തരവുകൾ നൽകി എന്നാണ് നെയ്യാറ്റിൻകര പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. 11 ലക്ഷം തട്ടിയെന്ന ഓലത്താന്നി സ്വദേശി അരുണിന്റെ പരാതിയിൽ സരിത നായരെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ഈ കേസിലും സരിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.