സ്വപ്‌നയുടെ രഹസ്യമൊഴി തേടി സരിത: ഹൈകോടതി അമിക്കസ് ക്യുറിയെ നിയോഗിച്ചു
text_fieldsകൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ക്രിമിനൽ നടപടിക്രമം 164 പ്രകാരം നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ സരിത നായർക്ക് എന്തവകാശമാണെന്ന് ഹൈകോടതി. കേസുമായി ബന്ധമില്ലാത്ത ആൾക്ക് എങ്ങനെ രഹസ്യമൊഴി ആവശ്യപ്പെടാൻ സാധിക്കുമെന്നും കോടതി ചോദിച്ചു.
സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള സരിതയുടെ ഹരജി പരിഗണിക്കുകയായിരുന്നു ഹൈകോടതി. നിലവിലെ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനോട് ഹൈകോടതി ആവശ്യപ്പെട്ടു.
എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന നൽകിയ രഹസ്യ മൊഴിയിൽ തന്നെക്കുറിച്ച് പരാമർശിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത ഹരജി നൽകിയത്. എന്നാൽ, മൊഴിപ്പകർപ്പിനായി സരിത എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
സ്വർണക്കടത്ത് കേസിൽ ക്രിമിനൽ നടപടിക്രമം 164 പ്രകാരമാണ് കോടതി മുമ്പാകെ സ്വപ്‌ന സുരേഷ് രഹസ്യമൊഴി നൽകിയത്. നേരത്തെ, രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത നൽകിയ ഹരജിയിലെ നിയമപ്രശ്നം പരിഹരിക്കാൻ ഹൈകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു.
ക്രിമിനൽ നടപടിക്രമം 164 പ്രകാരം നൽകുന്ന മൊഴി പൊതുരേഖയാണോ എന്ന നിയമ പ്രശ്നം ഉയർന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.