സരിത്തിന്‍റെ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചു
text_fieldsതിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ ഒന്നാംപ്രതി പി.എസ്. സരിത്തില്‍നിന്ന് വിജിലൻസ് പിടിച്ചെടുത്ത ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചു. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഫോണ്‍ ഫോറൻസിക് ലാബിലേക്ക് അയക്കാൻ ഉത്തരവിട്ടത്. ലൈഫ് മിഷൻ കോഴക്കേസ് അന്വേഷണഭാഗമായി ഫോണ്‍ പരിശോധിക്കണമെന്ന വിജിലൻസിന്‍റെ ആവശ്യം അംഗീകരിച്ചാണ് കോടതിയുടെ നടപടി.
ലൈഫ് മിഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിന്‍റെ ഭാഗമായി നോട്ടീസ് പോലും നൽകാതെ സരിത്തിനെ പാലക്കാട്ടെ വീട്ടിൽനിന്ന് വിജിലൻസ് ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയിരുന്നു. സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ ആരോപണം ഉന്നയിച്ച് മണിക്കൂറുകൾക്കുള്ളിലായിരുന്നു വിജിലൻസ് നടപടി.
ലൈഫ്മിഷൻ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളൊന്നും ചോദിച്ചില്ലെന്നും സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിൽ ആരാണെന്ന് അന്വേഷിക്കുക മാത്രമാണുണ്ടായതെന്നുമാണ് മണിക്കൂറുകൾക്കകം വിട്ടയക്കപ്പെട്ട സരിത്ത് പ്രതികരിച്ചത്. ലൈഫ് മിഷൻ കേസിലെ വിശദാംശങ്ങളെടുക്കാനാണ് ഫോണ്‍ കസ്റ്റഡിയിലെടുത്തതെന്ന് വിജിലൻസ് വിശദീകരിച്ചു.
കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ താൻ ഉപയോഗിച്ചിരുന്നത് പിടിച്ചെടുത്ത ഫോണല്ലെന്നും മൂന്ന് മാസം മുമ്പാണ് അത് ഉപയോഗിച്ച് തുടങ്ങിയതെന്നും സരിത് പറയുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിൽ ആരെന്ന് കണ്ടെത്തുകയെന്ന ലക്ഷ്യമാണ് വിജിലൻസിനുള്ളതെന്ന് വ്യക്തം. ദിവസങ്ങൾക്കുള്ളിൽ ഫോറൻസിക് പരിശോധന ഫലം ലഭ്യമാക്കണമെന്നാണ് നിർദേശം. കുറച്ചുനാളായി സരിത്തിന്‍റെ ഫോൺ വഴിയായിരുന്നു പലരും സ്വപ്നയുമായി ആശയവിനിമയം നടത്തുന്നത്. അതിനാൽ ഫോണിന്‍റെ ഫോറൻസിക് പരിശോധനയിലൂടെ ഗൂഢാലോചനയുൾപ്പെടെ സംബന്ധിച്ച വിവരം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.