തരൂർ വിലക്കിൽ പുതിയ കലാപം
text_fieldsകോഴിക്കോട്: ശശി തരൂരിന്റെ പരിപാടികൾക്ക് സംസ്ഥാന നേതൃത്വം തടയിട്ടതോടെ കോൺഗ്രസിൽ പുതിയ പൊട്ടിത്തെറി രൂപപ്പെട്ടു. സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തരൂർ ജില്ലകളിൽ പര്യടനം നടത്തുന്നതെന്നാണ് ഉന്നതനേതാക്കളുടെ വിലയിരുത്തൽ. ഇതോടെ കോഴിക്കോട്ടും കണ്ണൂരിലും ഡി.സി.സി, യൂത്ത്കോൺഗ്രസ് പരിപാടികൾ മാറ്റുകയായിരുന്നു. വിലക്കിന് പിന്നാലെ തരൂരിനെ പിന്തുണച്ച് എം.പിമാരായ എം.കെ. രാഘവനും കെ. മുരളീധരനും രംഗത്തുവന്നു.
എന്തുവന്നാലും ശശി തരൂരിനൊപ്പം തന്നെ നിൽക്കുമെന്ന് എം.കെ. രാഘവൻ പറഞ്ഞു. തരൂരിനെ മാറ്റിനിർത്തി മുന്നോട്ടുപോകാനാവില്ലെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ വ്യക്തമാക്കി.
സെന്റർ ഫോർവേഡായി കളിക്കാനാണ് താൽപര്യമെന്നും ഇതുവരെ റഫറി റെഡ് കാർഡുമായി ഇറങ്ങിയിട്ടില്ലെന്നും ശശി തരൂർ പറഞ്ഞു. തരൂരിന്റെ കോഴിക്കോട്ടെ സെമിനാർ അവസാനനിമിഷം സംഘാടകരായ യൂത്ത് കോൺഗ്രസ് മാറ്റിയതിനെ ചൊല്ലിയുള്ള വിവാദമാണ് പൊട്ടിത്തെറിയിലേക്ക് വഴിമാറിയത്.
എം.കെ. രാഘവൻ കോഴിക്കോട്ട് ജവഹർ യൂത്ത്ഫൗണ്ടേഷനെക്കൊണ്ട് പരിപാടി നടത്തിക്കുകയും ഇവിടെ വൻ ജനക്കൂട്ടം എത്തുകയുംചെയ്തതോടെ ജില്ലയിലെ കോൺഗ്രസിൽ തരൂർ അനുകൂലികളുടെ പുതിയ കൂട്ടുകെട്ട് ശക്തിപ്രാപിച്ചുവരുന്നതിന്റെ സൂചനയായി ഇത് വിലയിരുത്തപ്പെടുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയുടെ സാന്നിധ്യം യുവാക്കളുടെ പിന്തുണക്ക് തെളിവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
എം.കെ. രാഘവന് ജില്ലയിൽ പാർട്ടിയിലുള്ള സ്വാധീനം വ്യക്തമാക്കുന്നതുകൂടിയായി പരിപാടി. തരൂരിനായി സംഘടിപ്പിച്ച പരിപാടിയിൽനിന്ന് യൂത്ത് കോൺഗ്രസ് എന്തിന് പിന്മാറിയെന്ന് അന്വേഷിക്കണമെന്ന് എം.കെ. രാഘവൻ കെ.പി.സി.സി പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.
തരൂരിനെ വിളിച്ചുവരുത്തി അപമാനിക്കാൻ ആരാണ് പിന്നിൽ പ്രവർത്തിച്ചതെന്ന് കോൺഗ്രസ് അന്വേഷിച്ചില്ലെങ്കിൽ തനിക്ക് ഇനിയും പലതും പറയേണ്ടിവരും. തരൂർ അപമാനിക്കപ്പെട്ടാൽ അത് പാർട്ടിക്ക് വലിയ നാണക്കേടാവുമെന്നും അദ്ദേഹം പറഞ്ഞു.
മലബാറിലെ എല്ലാ പരിപാടികളും കോൺഗ്രസ് ഭാരവാഹികളുടെ അറിവോടെ തന്നെയാണ് നടന്നത്. ഇന്നത്തെ ഇന്ത്യയിൽ, കേരളത്തിൽ കോൺഗ്രസിനെ നയിക്കാൻ വേണ്ടത് തരൂരിനെപ്പോലെ ഒരാളാണ്. അതുകൊണ്ടാണ് കോൺഗ്രസ് പ്രസിഡൻറ് സ്ഥാനത്തേക്കു മത്സരിക്കാൻ അദ്ദേഹം തീരുമാനിച്ചപ്പോൾ പരസ്യമായി പിന്തുണച്ചതെന്നും കെ.പി. കേശവമേനോൻ ഹാളിൽ ഇന്ത്യൻ ലോയേഴ്സ് ഫോറം സംഘടിപ്പിച്ച സെമിനാറിൽ രാഘവൻ പറഞ്ഞു.
അതേസമയം, യൂത്ത് കോൺഗ്രസ് നടപടിയെ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ തള്ളിപ്പറഞ്ഞത് രാഘവന് കരുത്തായി. ഡി.സി.സിയെ അറിയിക്കാതെയാണ് തരൂരിന്റെ പരിപാടി നിശ്ചയിച്ചതെന്ന് ജില്ല കോൺഗ്രസ് പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ പറഞ്ഞു. മൂന്നു ദിവസത്തെ പരിപാടികളാണ് തരൂരിന് കോഴിക്കോട്ടുള്ളത്. മത-സാംസ്കാരിക നേതാക്കളെ സന്ദർശിക്കുന്ന അദ്ദേഹം നിരവധി പൊതുപരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.