എന്ന് തുറക്കും സ്മാർട്ട് വില്ലേജ് ഓഫിസ്?
text_fieldsശാസ്താംകോട്ട: താലൂക്ക് ആസ്ഥാനത്തെ വില്ലേജ് ഓഫിസായ ശാസ്താംകോട്ട വില്ലേജ് ഓഫിസിനുവേണ്ടി പണികഴിപ്പിച്ച സ്മാർട്ട് കെട്ടിടത്തിന്‍റെ ഉദ്ഘാടനം വൈകുന്നു. ഇതുമൂലം ഓഫിസ് പ്രവർത്തനം ഇപ്പോഴും കുടുസ് കെട്ടിടത്തിൽ. ശാസ്താംകോട്ട പഞ്ചായത്ത് ഓഫിസിന് സമീപമാണ് വർഷങ്ങളായി വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്.
പഞ്ചായത്ത് പ്രദേശം മുഴുവൻ ഉൾപ്പെടുന്ന 50000 തണ്ടപ്പേരുകൾ കൈകാര്യം ചെയ്യേണ്ട വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത് ആകെ മൂന്ന് മുറികളിലാണ്. ഇടുങ്ങിയ ഒരു ചെറിയ മുറി ഓഫിസറുടെ മുറിയായി പ്രവർത്തിക്കുന്നു.
മറ്റൊരു മുറിയിൽ കമ്പ്യൂട്ടറുകളും പഴയ ഫയലുകളും സൂക്ഷിച്ചിരിക്കുന്നു. അവശേഷിക്കുന്ന ഏക മുറിയിലാണ് ഏഴ് ജീവനക്കാരുമായി ഓഫിസ് പ്രവർത്തിക്കുന്നത്. ഇവിടെ നിന്നുതിരിയാൽ ഇടമില്ല. ഇതുമൂലം ഓഫിസിൽ എത്തുന്നവർ പുറത്തുനിന്ന് ജനലിലൂടെ വിവരങ്ങൾ പറയുകയും അപേക്ഷകൾ കൊടുക്കുകയും ചെയ്യേണ്ട അവസ്ഥയാണ്.
മഴ പെയ്താൽ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ഫയലുകളും കമ്പ്യൂട്ടറുകളും നനയാതെ സൂക്ഷിക്കുന്നത് എറെ ശ്രമകരമാണ്. ജനലുകളും വാതിലുകളും ഏത് സമയവും ഇളകി വീഴാവുന്ന അവസ്ഥയിലാണ്. മഴക്കാലത്ത് റോഡിലൂടെ ഒഴുകിവരുന്ന വെള്ളം വില്ലേജ് ഓഫിസിനുള്ളിൽ കയറുന്നത് പതിവാണ്. ഇത് ഒഴിവാക്കാൻ ഉദ്യോഗസ്ഥർതന്നെ ഓഫിസിന് മുന്നിൽ ചാല് കീറി വെള്ളം ഒഴുക്കിവിടേണ്ട അവസ്ഥയാണ്.
ഈ സാഹചര്യത്തിൽ പുതിയ ഓഫിസ് കെട്ടിടം വരുന്നത് ഏറെ പ്രതീക്ഷയോടെയാണ് ജീവനക്കാരും പ്രദേശവാസികളും കാത്തിരുന്നത്. എന്നാൽ, കെട്ടിടം നിർമാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും പുതിയ ഓഫിസ് പ്രവർത്തനം ആരംഭിച്ചിട്ടില്ല. എത്രയും വേഗം ഉദ്ഘാടനം നടത്തി ഓഫിസ് പ്രവർത്തനം ആരംഭിക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.