സിൽവർ ലൈൻ പദ്ധതി; ആറരലക്ഷത്തിലധികം ചതു.മീറ്റർ വാസമേഖല ഇല്ലാതാകുമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പഠനം
text_fieldsതൃശൂർ: കെ റെയിൽ സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതി നടപ്പിലായാൽ 4033 ഹെക്ടർ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സ്ഥിതി അതിരൂക്ഷമാകുമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ജനകീയ പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ട്. ആറര ലക്ഷത്തിലധികം ച.മീറ്റർ വാസമേഖല ഇല്ലാതാക്കുകയും ചെയ്യുന്ന പദ്ധതി സംബന്ധിച്ച് സർക്കാർ പുനർ വിചിന്തനം നടത്തണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.
എല്ലാ ജില്ലകളിലും ദുർബല മേഖലകൾ എന്നറിയപ്പെടുന്ന ലീനിയമെന്റുകൾക്ക് കുറുകെയാണ് റെയിൽപാത കടന്നുപോകുന്നത്. ഇതിൽ 202.96 കിലോമീറ്റർ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളാണ്. സെഗ്മെന്റ് 21ൽ വരുന്ന ആലപ്പുഴ ജില്ലയിൽ അഞ്ച് അരുവികളാണുള്ളത്. ഇവിടെ ഒരു പാലം പോലും ഡി.പി.ആറിൽ നിർദേശിച്ചിട്ടില്ല. ഇവിടത്തെ ഏറ്റവും ഉയർന്ന വെള്ളപ്പൊക്ക നില 10മീറ്ററാണ്.
സെഗ്മെന്റ് 22ലെ പത്തനംതിട്ട, ആലപ്പുഴ ജില്ലയിലെ ഭാഗങ്ങൾ മുഖ്യമായും വെള്ളപ്പൊക്ക പ്രദേശമാണ്. 15 മീറ്റർ വെള്ളപ്പൊക്ക നിലയുള്ള ഇവിടെയും പാലമില്ല. 12 അരുവികളുള്ള സെഗ്മെന്റ് 33ലെ കോട്ടയം ജില്ലയിലെ ഭാഗങ്ങളിലും പാലമില്ല. തൃശൂരിലും കോഴിക്കോടുമുള്ള വെള്ളപ്പൊക്ക മേഖലകളിലും പാലം ഡി.പി.ആറിൽ കാണാനില്ല. 535 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ 292.73 കിലോമീറ്ററും (54.72ശതമാനം) രണ്ട് മീറ്റർ മുതൽ എട്ട് മീറ്റർ വരെ പൊക്കമുള്ള എമ്പാങ്ക്മെന്റുകൾ (വെള്ളം കയറാതിരിക്കാനുള്ള അതിരുകെട്ടൽ) ആയതിനാൽ വർഷക്കാലത്ത് പാതയുടെ കിഴക്കുഭാഗങ്ങൾ വെള്ളത്തിനടിയിലാകാനാണ് സാധ്യത.
പദ്ധതി മൂലം 55 ഹെക്ടർ കണ്ടൽ കാടുകളാണ് നശിക്കുക. സർപ്പക്കാവുകളും ജൈവ വൈവിധ്യ ആവാസ വ്യവസ്ഥയും ഉൾപ്പെടെ 1500 ഹെക്ടർ സസ്യ, സമ്പുഷ്ട പ്രദേശങ്ങൾ നഷ്ടപ്പെടും. 1131 ഹെക്ടർ നെൽപാടങ്ങൾ അടക്കം 3532 ഹെക്ടർ തണ്ണീർ തടങ്ങൾ പരിവർത്തനം ചെയ്യപ്പെടും. സാരമായ പാരിസ്ഥിതിക ആഘാതമാണ് പദ്ധതി മൂലം ഉണ്ടാവുകയെന്ന് പഠനം പറയുന്നു.
നിലവിലെ പാതയോട് ചേർന്ന് വേഗ പാതക്ക് അനുയോജ്യമായ മറ്റൊരു ഇരട്ട പാതക്കുള്ള സാധ്യതയും സിഗ്നൽ സംവിധാനത്തിന്റെ നവീകരണവും വന്ദേഭാരത് പോലുള്ള തീവണ്ടികളുടെ സാന്നിധ്യവും പരിഗണിച്ചുള്ള ബദൽ സാധ്യത കേരളത്തിന് മുന്നിലുണ്ട്.
അപൂർണമായ ഡി.പി.ആർ തന്നെ സിൽവർ ലൈനിന്റെ വലിയ ന്യൂനതയാണ്. ഹരിത പദ്ധതി എന്ന അവകാശ വാദവും തെറ്റാണ്. പാരിസ്ഥിതിക ആഘാത സാധ്യതയടക്കം പരിഗണിച്ച് സിൽവർലൈൻ പദ്ധതിയിൽ സർക്കാർ പുനർവിചിന്തനത്തിന് തയാറാകണമെന്ന് പഠനം നിർദേശിക്കുന്നു.
പഠന റിപ്പോർട്ടിലെ മറ്റ് ഭാഗങ്ങൾ
208.84 ഹെക്ടർ നെൽപാടം ഇല്ലാതാകും
1172.39 ഹെക്ടർ കുളങ്ങളും ചിറകളും നശിക്കും.
ചുവപ്പ് പട്ടികയിൽ ഉൾപ്പെട്ട 42 ജലജീവികൾ പ്രത്യാഘാത ഭീഷണി നേരിടും.
പാത കടന്നുപോകുന്ന പ്രദേശങ്ങളിൽ അമ്പതോളം പ്രാദേശിക പ്രാധാന്യമുള്ള സസ്യ ഇനങ്ങൾ ഇല്ലാതാകും.
7500 വീടുകളും 33 ഫ്ലാറ്റുകളും 454 വ്യവസായ സ്ഥാപനങ്ങളും 173 മറ്റ് പൊതു സ്വകാര്യ സ്ഥാപനങ്ങളും പൂർണമായി ഇല്ലാതാകും. ഇതുൾപ്പെടെ ആറര ലക്ഷത്തിലധികം ച.മീറ്റർ വാസ മേഖല ഇല്ലാതാകും.
വെള്ളപ്പൊക്ക സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട എൻജിനീയറിങ്, ഇക്കോ റെസ്റ്റോറേഷൻ നടപടികൾ സംബന്ധിച്ച് ഡി.പി.ആറിൽ പരാമർശമില്ല.വിദ്യാഭ്യാസ വർഗീയവത്കരണം ഉപേക്ഷിക്കണം -ശാസ്ത്ര സാഹിത്യ പരിഷത്ത്
തൃശൂർ: ചരിത്രവസ്തുതകൾ വെട്ടിമാറ്റിയും ശാസ്ത്രതത്ത്വങ്ങളെ ഒഴിവാക്കിയും വിദ്യാഭ്യാസം വർഗീയവത്കരിക്കുന്ന നയം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വർധിക്കുന്ന മനുഷ്യ -വന്യമൃഗ സംഘർഷത്തിന് ശാശ്വത പരിഹാരം കാണാൻ അടിയന്തര നടപടി വേണം. പട്ടികവർഗ വിഭാഗം വിദ്യാർഥികൾക്കായി വയനാട് 40 ശതമാനം പ്ലസ് വൺ സീറ്റുകൾ അനുവദിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
പുതിയ സംസ്ഥാന പ്രസിഡന്റായി ബി. രമേഷിനെ (തിരുവനന്തപുരം) തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ടി. ലിസി കൊല്ലം, ഡോ. വി.കെ. ബ്രിജേഷ് മലപ്പുറം (വൈ. പ്രസി), ജോജി കൂട്ടുമ്മേല്, കോട്ടയം (ജന. സെക്ര), എന്. ശാന്തകുമാരി കോഴിക്കോട്, പി. പ്രദോഷ് പാലക്കാട്, പി.വി. ജോസഫ് ആലപ്പുഴ (സെക്ര), പി.പി. ബാബു, കണ്ണൂർ (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.