Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മതവിധി പറയുന്നത്...

‘മതവിധി പറയുന്നത് മതവിശ്വാസികളോട്, മതനിഷേധികൾ അഭിപ്രായം പറയേണ്ട’; കാന്തപുരത്തെ വിമർശിച്ച എം.വി. ഗോവിന്ദന് മറുപടിയുമായി സത്താർ പന്തല്ലൂർ

text_fields
bookmark_border
Sathar Panthalloor, MV Govindan, Kanthapuram AP Aboobacker Musliyar
cancel

കോഴിക്കോട്: സ്ത്രീയും പുരുഷനും ഇടകലര്‍ന്നുള്ള വ്യായാമ മുറകള്‍ മതം അംഗീകരിക്കുന്നില്ലെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ നിലപാടിനെ വിമർശിച്ച് എം.വി. ഗോവിന്ദന്‍ നടത്തിയ പ്രസ്താവനയിൽ പ്രതികരിച്ച് സമസ്ത യുവ നേതാവ് സത്താർ പന്തല്ലൂർ. പണ്ഡിതന്മാർ മതവിധി പറയുന്നത് മതവിശ്വാസികളോടാണെന്നും മതനിഷേധികൾ അതിൽ അഭിപ്രായം പറയേണ്ടെന്നും സത്താർ പന്തല്ലൂർ ചൂണ്ടിക്കാട്ടി.

'മതപരമായ കാര്യങ്ങളിൽ പണ്ഡിതന്മാർ സമുദായത്തിന് ആവശ്യമായ ഉപദേശങ്ങൾ കൊടുക്കുമെങ്കിൽ ആ ഉപദേശത്തെ ഉൾക്കൊള്ളാൻ കഴിയാത്ത ആളുകൾ അതിനെ പരിഹസിക്കേണ്ട ആവശ്യമില്ല. സമസ്തയുടെ മാത്രമല്ല മുസ്‌ലിം സമുദായത്തിന്‍റെ ഏത് വിഷയത്തിലാണെങ്കിലും.

സമസ്തയുടെ അടക്കമുള്ള മുസ് ലിം സമുദായത്തിലെ ഉത്തരവാദപ്പെട്ട പണ്ഡിതന്മാർ ഇസ്‌ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട് കൊണ്ട് ഇസ്‌ലാമിക വിധിവിലക്കുകൾ പറയാൻ ബാധ്യസ്ഥരാണ്. പണ്ഡിതന്മാർ മതവിധി പറഞ്ഞാൽ ആ വിധി സ്വീകരിക്കാൻ അത് അംഗീകരിക്കുന്നവരെ ബാധ്യസ്ഥരുള്ളൂ. മതവിശ്വാസം ഇല്ലാത്തവർ അതിൽ കയറി അഭിപ്രായം പറയേണ്ട കാര്യമില്ല' -സത്താർ പന്തല്ലൂർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം കുഴിമണ്ണയിൽ നടന്ന ഒരു പരിപാടിയിലാണ് സ്ത്രീയും പുരുഷനും ഇടകലര്‍ന്നുള്ള വ്യായാമ മുറകള്‍ മതം അംഗീകരിക്കുന്നില്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാര്‍ വ്യക്തമാക്കിയത്. വ്യായാമത്തിന്റെ മറവില്‍ മതവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണം. സുന്നികള്‍ വ്യായാമത്തിന് എതിരല്ല. പക്ഷേ, വിശ്വാസികള്‍ എല്ലാ കാര്യങ്ങളിലും മതനിഷ്ഠയുള്ളവരാകണമെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.

അതേസമയം, കാന്തപുരത്തിന്റെ നിലപാടിനെതിരെ പരോക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. സ്ത്രീകൾ പൊതു ഇടങ്ങളിൽ ഇറങ്ങരുത് എന്നത് പിന്തിരിപ്പൻ നിലപാടാണെന്ന് ഗോവിന്ദൻ പറഞ്ഞു. അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നിൽക്കാനാവില്ല. അത്തരക്കാർ പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകേണ്ടി വരുമെന്നും പാർട്ടി സെക്രട്ടറി ഓ‍ർമിപ്പിച്ചു.

എന്നാൽ, എം.വി. ഗോവിന്ദന് വിമർശത്തെ പരിഹസിച്ച് കൊണ്ട് രംഗത്തെത്തിയ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ കണ്ണൂർ ജില്ലയിലെ 18 സി.പി.എം ഏരിയ സെക്രട്ടറിമാരിൽ ഒരു സ്ത്രീ പോലുമില്ലെന്നും ഇസ്‌ലാമിന്‍റെ നിയമങ്ങൾ പണ്ഡിതന്മാർ പറയുമെന്നും മറുപടി നൽകി.

'ഇസ്‌ലാമിന്‍റെ നിയമങ്ങൾ ആലിമീങ്ങൾ പറയും. മറ്റുള്ള മതക്കാർ അതിൽ കടന്ന് കൂടി വന്നിട്ട് ഇസ്‌ലാമിന്‍റെ വിധി, അതിവിടെ നടപ്പാകൂല എന്ന് പറഞ്ഞാൽ... ഇന്നൊരാളുടെ പ്രസ്താവന കേട്ടു. അയാളുടെ പാർട്ടിയിൽ തന്നെ, അയാളുടെ ജില്ലയിൽ 18 ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തിരിക്കുന്നു. ഈ 18ഉം പുരുഷൻമാരാണ്. ഒറ്റ പെണ്ണിനെയും അവർക്ക് കിട്ടീട്ടില്ല....' -എന്നിങ്ങനെയായിരുന്നു എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പരിഹാസം.

കാന്തപുരത്തിന്‍റെ പരാമർശത്തോട് പ്രതികരിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം മന്ത്രി തോമസ് ഐസക്ക് രംഗത്തെത്തി. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരിന്‍റെ പ്രസ്താവന അദ്ദേഹത്തിന്റെ വിശ്വാസമാണെന്ന് തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.

‘കാന്തപുരത്തിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വിശ്വാസം. നമ്മുടെ വിശ്വാസം അതല്ല. ഞങ്ങൾ വിശ്വസിക്കുന്നത് സ്ത്രീ പുരുഷ സമത്വത്തിലാണ്. ഏതായാലും കാന്തപുരത്തിനോട് ഞങ്ങൾക്ക് ഒരു ബഹുമാനമുണ്ട്. മുസ്‍ലിം മതരാഷ്ട്രം സ്ഥാപിക്കണമെന്ന് പറയാത്തവരാണ്. ജമാഅത്തെ ഇസ്‍ലാമിയെ പോലെയല്ല. സ്ത്രീക്ക് രണ്ടാം സ്ഥാനം കൽപിക്കുന്നത് മതത്തിൽ മാത്രമല്ല, സർവതലത്തിലുമുണ്ട്.

സ്ത്രീക്ക് തുല്യത വേണമെന്നതാണ് ഞങ്ങളുടെ രാഷ്ട്രീയം. ഞങ്ങളുടെ പാർട്ടിയിലും ആ രീതിയിലുള്ള പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കും. പാർട്ടി സ്ഥാനങ്ങളിൽ വനിതകൾ വരും. നേതൃത്വത്തിൽ വനിതാ പ്രതിനിധ്യം സംബന്ധിച്ച പോരായ്മ തിരിച്ചറിയുന്നവരാണ് ഞങ്ങൾ. ബോധപൂർവം തിരുത്താൻ ശ്രമിക്കുന്നുണ്ട്’ -തോമസ് ഐസക് പറ‍ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SamasthaMV GovindanSathar PanthalloorKanthapuram AP Aboobacker Musliyar
News Summary - Sathar Panthalloor replied to MV Govindan criticized Kanthapuram
Next Story