പ്രതിപക്ഷ നേതൃസ്ഥാനത്തിന് സതീശൻ; പ്രസിഡൻറാകാൻ സുധാകരൻ
text_fieldsആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ കടുത്ത പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസ് പിടിച്ചുനിൽക്കാൻ വഴിതേടുന്നതിനിടെ പ്രതിപക്ഷ നേതൃസ്ഥാനവും പാർട്ടി അധ്യക്ഷപദവും ലക്ഷ്യമിട്ട് പാർട്ടിയിൽ കരുനീക്കം തകൃതി. വി.ഡി. സതീശനും കെ. സുധാകരനുമാണ് ചരടുവലിയിൽ മുന്നിൽ. പ്രതിപക്ഷ നേതാവായി സതീശൻ വരണമെന്ന ഇ-മെയിൽ പ്രവഹിക്കുകയാണ് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും. കെ.പി.സി.സി പ്രസിഡൻറ് മാറുമെന്ന് ഏറക്കുറെ ഉറപ്പാണെങ്കിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇനിയും മനസ്സ് തുറക്കാതിരിക്കെയാണ് സ്വന്തം ഗ്രൂപ്പുകാരനായ സതീശനും രമേശിനോട് അടുപ്പമുള്ള സുധാകരനും രംഗത്തുള്ളത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ തിളങ്ങിയെന്ന പൊതുഅഭിപ്രായമാണ് ചെന്നിത്തലയുടെ പ്ലസ്.
ക്ലീൻ ഇമേജും പൊതുസ്വീകാര്യതയുമാണ് സതീശനുവേണ്ടി കരുനീക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. സുധാകരൻ കെ.പി.സി.സി അധ്യക്ഷപദവിയിലെത്തിയാൽ പാർട്ടിയിൽ ചലനമുണ്ടാക്കാൻ കഴിയുമെന്ന് ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്താനാണ് അദ്ദേഹത്തിന് വേണ്ടി ചരടുവലിക്കുന്നവർ ശ്രമിക്കുന്നത്. നേതൃമാറ്റത്തിന് ധിറുതിയില്ലെന്നാണ് സുധാകരെൻറ പ്രതികരണമെങ്കിലും പലരുമായും ബന്ധപ്പെടുന്നുണ്ട് അദ്ദേഹം. പ്രതിപക്ഷ നേതാവ്-കെ.പി.സി.സി പ്രസിഡൻറ് പദവിയിൽ നിലവിലെ സാമുദായിക സമവാക്യം സൂക്ഷിക്കാൻ ഇരുവരും നേതൃത്വത്തിലെത്തുന്നതോടെ സാധ്യമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
മറ്റൊരു സമുദായത്തിൽനിന്ന് യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് ആളെ കണ്ടെത്തുന്നതോടെ എല്ലാവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പാക്കാമെന്നുമാണ് സതീശനും സുധാകരനുമായി ശ്രമിക്കുന്നവരുടെ പക്ഷം.
എന്നാൽ, നിലവിലെ സ്ഥിതി ഫലപ്രദമല്ലെന്നും ആൻറണിയുടെയും കരുണാകരെൻറയും കാലത്തെന്നപോലെ ന്യൂനപക്ഷ സമുദായത്തിൽനിന്ന് ഒരാളും ഭൂരിപക്ഷ സമുദായത്തിൽനിന്ന് ഒരാളുമാകണം തലപ്പത്തെന്നുമാണ് മറ്റൊരു മുഖ്യവാദം. വിജയിച്ചുവന്ന എം.എൽ.എമാരിൽ 12 പേർ െഎ വിഭാഗക്കാരും എട്ടുപേർ എ വിഭാഗക്കാരുമാണ്. പി.ടി. തോമസ് ആരോടും ഒട്ടാതെയും നിൽക്കുന്നു. ഗ്രൂപ് ബലാബലം നോക്കാതെ പുതിയ നേതൃത്വത്തെ തീരുമാനിക്കണമെന്ന ആവശ്യമാണ് സതീശൻ അനുകൂലികൾ മുന്നോട്ടുവെക്കുന്നത്. ഇൗ വിഭാഗത്തിന് എറണാകുളത്തെ ഒരു പി.ആർ ഏജൻസി പ്രവർത്തിക്കുന്നതായാണ് വിവരം.
ഗ്രൂപ് അടിസ്ഥാനത്തിൽ ഇനി പുനഃസംഘടന ഉണ്ടാവില്ലെന്ന കണക്കുകൂട്ടലിൽ തൃക്കാക്കര എം.എൽ.എ പി.ടി. തോമസിെൻറ പേര് ചിലർ ഉയർത്തുന്നുണ്ടെങ്കിലും ഇതിന് രംഗത്തിറങ്ങില്ലെന്നും പാർട്ടി പ്രതിസന്ധിയിലായിരിക്കെ ഗ്രൂപ്പുയോഗങ്ങളിലേക്ക് ഇല്ലെന്നുമാണ് അേദ്ദഹത്തിെൻറ നിലപാടെന്നാണ് സൂചന. എന്നാൽ, ദേശീയ നേതൃത്വം തോമസിേൻറതടക്കം പേരുകൾ കണക്കിലെടുക്കുമെന്നാണ് അറിയുന്നത്.
താഴേതട്ടിൽനിന്ന് റിപ്പോർട്ട് തേടി കോൺഗ്രസ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയം കണക്കിലെടുത്ത് താഴേതട്ടില്‍നിന്ന് റിപ്പോര്‍ട്ടുകള്‍ തേടാൻ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയിൽ തീരുമാനം. എം.എല്‍.എമാര്‍, മണ്ഡലങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, ഡി.സി.സി പ്രസിഡൻറുമാര്‍ എന്നിവരോടാണ് റിപ്പോര്‍ട്ട് തേടുക. ലോക്ഡൗണിന് ശേഷം ചേരുന്ന രാഷ്ട്രീയകാര്യ സമിതിക്ക് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിർദേശം. തോല്‍വിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന പുനഃസംഘടനക്ക് പ്രത്യേക മാനദണ്ഡങ്ങള്‍ ഉണ്ടാക്കും. തെരഞ്ഞെടുപ്പില്‍ സംഘടനാസംവിധാനം ശരിയായി പ്രവര്‍ത്തിച്ചില്ലെന്ന വിലയിരുത്തലാണ് പൊതുവില്‍ യോഗത്തിലുണ്ടായത്.
അതുകൊണ്ടുതന്നെ അതില്‍ കാര്യമായ ശ്രദ്ധവേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. അതോടൊപ്പം സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിയെ ആക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും രാഷ്ട്രീയകാര്യസമിതി തീരുമാനിച്ചു. ജംബോ കമ്മിറ്റികള്‍ ഉള്‍പ്പെടെയുള്ളവ പിരിച്ചുവിട്ട് കാര്യക്ഷമമായ കമ്മിറ്റികള്‍ രൂപവത്കരിക്കുന്നതിനുള്ള നിര്‍ദേശമാണ് യോഗത്തിലുയര്‍ന്നത്. ഇതിനായി രണ്ടുദിവസം നീളുന്ന രാഷ്ട്രീയകാര്യസമിതി യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.